/kalakaumudi/media/media_files/2026/01/27/sreyas-2026-01-27-08-16-20.jpg)
മുംബൈ: ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങളിലും ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടീമിനൊപ്പം തുടരും. പരുക്കേറ്റ തിലക് വര്‍മയുടെ തിരിച്ചുവരവ് വൈകുമെന്നതിനാലാണ് ഇത്. തിലകിനു പകരമാണ് ആദ്യ മൂന്നു ട്വന്റി20കള്‍ക്കായി ശ്രേയസിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പരമ്പരയിലുടനീളം തിലകിന്റെ സേവനം ലഭ്യമാകില്ലെന്ന് ബിസിസിഐ അറിയിച്ചു. അതിനാല്‍ വിശാഖപട്ടണത്തും തിരുവനന്തപുരത്തും നടക്കുന്ന അവസാന ട്വന്റി20കളില്‍ ശ്രേയസ് ടീമിനൊപ്പമുണ്ടാകും.
വിജയ് ഹസാരെ ട്രോഫിക്കിടെയാണ് തിലക് വര്‍മയ്ക്കു പരുക്കേറ്റത്. വയറിലെ പേശികള്‍ക്കേറ്റ പരുക്കിനെത്തുടര്‍ന്ന് താരം ഈ മാസമാദ്യം രാജ്‌കോട്ടില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. നിലവില്‍ ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സില്‍ പരിശീലനത്തിലാണ്. പൂര്‍ണ്ണ മാച്ച് ഫിറ്റ്നസ് വീണ്ടെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യമായതിനാലാണ് ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയില്‍നിന്ന് താരത്തെ ഒഴിവാക്കിയത്. ട്വന്റി20 ലോകകപ്പിന് മുന്നോടിയായി ഫെബ്രുവരി 3ന് മുംബൈയില്‍ നടക്കുന്ന സന്നാഹ മത്സരത്തിനായി തിലക് ടീമിനൊപ്പം ചേരുമെന്ന് ബിസിസിഐ അറിയിച്ചു.
ഏകദിന ടീം വൈസ് ക്യാപ്റ്റനായ ശ്രേയസ് അയ്യര്‍ക്ക് കിവീസ് പരമ്പരയില്‍ ഇതുവരെ പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചിട്ടില്ല. 2023 ഡിസംബറിന് ശേഷം അയ്യര്‍ ഇന്ത്യയ്ക്കായി ട്വന്റി20 മത്സരങ്ങള്‍ കളിച്ചിട്ടില്ല. നാലാം മത്സരത്തില്‍ ശ്രേയസിന് അവസരം നല്‍കിയേക്കുമെന്നാണ് വിവരം. ഫോം തെളിയിച്ച ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചാലാകും ശ്രേയസ് പ്ലേയിങ് ഇലവനിലെത്തുക. പരമ്പരയില്‍ ഇതുവരെ ഫോമിലാകാത്ത മലയാളി താരം സഞ്ജു സാംസണ് വീണ്ടും അവസരം നല്‍കിയേക്കും. തിലക് തിരിച്ചെത്താതതും സഞ്ജുവിന് തുണയായി.
അതേസമയം, ലോകകപ്പ് ടീമിലുള്‍പ്പെട്ട മറ്റൊരു താരം വാഷിങ്ടന്‍ സുന്ദറിന്റെ തിരിച്ചുവരവ് സംബന്ധിച്ച വ്യക്തതയില്ല. ബറോഡയില്‍ നടന്ന ഏകദിനത്തിനിടെ വാരിയെല്ലിന് താഴെ അനുഭവപ്പെട്ട അസ്വസ്ഥതയെത്തുടര്‍ന്ന് നടത്തിയ സ്‌കാനിങ്ങില്‍ താരത്തിന് 'സൈഡ് സ്‌ട്രെയിന്‍' കണ്ടെത്തിയിരുന്നു. നിലവില്‍ വിശ്രമത്തിലുള്ള താരം തുടര്‍ ചികിത്സകള്‍ക്കായി ഉടന്‍ ബംഗളൂരു സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ റിപ്പോര്‍ട്ട് ചെയ്യും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
