സഞ്ജു ഇറങ്ങണോ വേണ്ടയോ?: വീണ്ടും ചര്‍ച്ച

സഞ്ജു സാംസണ്‍ മധ്യനിരയില്‍ ബാറ്റു ചെയ്യാന്‍ ഇറങ്ങുന്നതു ഞാന്‍ ആഗ്രഹിക്കുന്നില്ല. മൂന്നും നാലും സ്ഥാനങ്ങളില്‍ തിലക് വര്‍മയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ഇറങ്ങും. അപ്പോള്‍ സഞ്ജു അഞ്ചാമന്‍ ആകണോ?

author-image
Biju
New Update
SANJU

മുംബൈ: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ മലയാളി താരം സഞ്ജു സാംസണെ അഞ്ചാം നമ്പര്‍ ബാറ്ററായി കളിപ്പിക്കാനുള്ള നീക്കത്തിനെതിരെ മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ടെസ്റ്റ് ടീം ക്യാപ്റ്റനായ ഗില്ലിനെ ടീമിലെടുത്താല്‍ ഓപ്പണറായി അല്ലാതെ കളിപ്പിക്കാന്‍ സാധിക്കില്ലെന്നും അങ്ങനെ വന്നാല്‍ സ്വാഭാവികമായും മികച്ച ഫോമിലുള്ള സഞ്ജുവിനെ എവിടെ കളിപ്പിക്കും എന്ന ചോദ്യം ഉയരുമെന്നും ആകാശ് ചോപ്ര പ്രതികരിച്ചു.

സഞ്ജുവിനെ അഞ്ചാം നമ്പരില്‍ ഇറക്കുന്നതു ശരിയാകില്ലെന്നും ആകാശ് ചോപ്ര വ്യക്തമാക്കി. ഇന്ത്യന്‍ ട്വന്റി20 ടീമില്‍ അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ചേരുന്ന ടോപ് ഓര്‍ഡറിലേക്കാണു ശുഭ്മന്‍ ഗില്ലിനെയും യശസ്വി ജയ്‌സ്വാളിനെയും തിരുകിക്കയറ്റാന്‍ ശ്രമിക്കുന്നത്. ''ഈ ടീമിലെ ആരും പുറത്തുപോകണമെന്ന് എനിക്ക് അഭിപ്രായമില്ല. മറ്റൊരു ഓപ്പണറെ കൂടി ഒപ്പം കരുതേണ്ടതു പ്രധാനമാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പര കളിച്ചപ്പോള്‍ ഇന്ത്യയ്ക്ക് മൂന്നാം ഓപ്പണര്‍ ഉണ്ടായിരുന്നില്ല. സഞ്ജുവിനോ, അഭിഷേകിനോ ഫോം ഔട്ട് സംഭവിച്ചാല്‍ ആര് ഓപ്പണ്‍ ചെയ്യുമെന്നു പോലും അവര്‍ ചിന്തിച്ചിട്ടില്ല. ഏഷ്യാ കപ്പില്‍ മൂന്നാം ഓപ്പണര്‍ ഇല്ലെങ്കിലും ട്വന്റി20 ലോകകപ്പിനു പോകുമ്പോഴെങ്കിലും അതുണ്ടാകണം.'' ആകാശ് ചോപ്ര വ്യക്തമാക്കി.

''ശുഭ്മന്‍ ഗില്ലാണ് മൂന്നാം ഓപ്പണറെങ്കില്‍ അദ്ദേഹത്തെ ബിസിസിഐ ബെഞ്ചില്‍ ഇരുത്തുമോ? ഇനി ഗില്ലിനെ കളിപ്പിച്ചാല്‍ ആരുടെ സ്ഥാനത്തായിരിക്കും. സഞ്ജു വിക്കറ്റ് കീപ്പറാണ്, അതുകൊണ്ടു പുറത്തിരുത്താന്‍ സാധിക്കില്ല. സഞ്ജു പോയാല്‍ ആര് കീപ്പറാകും? അതാണു പ്രശ്‌നം. സഞ്ജു സാംസണ്‍ മധ്യനിരയില്‍ ബാറ്റു ചെയ്യാന്‍ ഇറങ്ങുന്നതു ഞാന്‍ ആഗ്രഹിക്കുന്നില്ല. മൂന്നും നാലും സ്ഥാനങ്ങളില്‍ തിലക് വര്‍മയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ഇറങ്ങും. അപ്പോള്‍ സഞ്ജു അഞ്ചാമന്‍ ആകണോ?''

''കഴിഞ്ഞ മത്സരങ്ങളില്‍ ഓപ്പണിങ്ങില്‍ സഞ്ജുവിനെ ഇറക്കിയ ശേഷം ആ പദ്ധതികളൊക്കെ ഉപേക്ഷിക്കുകയാണ്. ഓപ്പണറാക്കിയ ശേഷം പെട്ടെന്ന് അദ്ദേഹത്തെ നീക്കുന്നു. അഭിഷേക് ശര്‍മയെയും ഓപ്പണറുടെ സ്ഥാനത്തുനിന്നു മാറ്റാന്‍ സാധിക്കില്ല.'' ആകാശ് ചോപ്ര വ്യക്തമാക്കി. അഞ്ചാം നമ്പരില്‍ അഞ്ചു കളികളില്‍ ബാറ്റു ചെയ്യാനിറങ്ങിയിട്ടുള്ള സഞ്ജു 62 റണ്‍സ് മാത്രമാണ് ഇതുവരെ നേടിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് സഞ്ജുവിനെ മിഡില്‍ ഓര്‍ഡറില്‍ ഇറക്കരുതെന്ന് ആകാശ് ചോപ്ര വാദിക്കുന്നത്. ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ചൊവ്വാഴ്ച ബിസിസിഐ പ്രഖ്യാപിക്കും.

Sanju Samson