ദീപ്തി മിന്നി; ഏകദിന പരമ്പര ഇന്ത്യന്‍ വനിതകള്‍ക്ക്

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസിന് 38.5 ഓവറില്‍ 162 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 28.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

author-image
Prana
New Update
deepthi sharma

വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. മൂന്നാം മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വനിതകളുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസിന് 38.5 ഓവറില്‍ 162 റണ്‍സിന് ഓള്‍ഔട്ടായി. 61 റണ്‍സെടുത്ത ചിന്‍ലെ ഹെന്റിയാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ആറ് വിക്കറ്റ് നേടിയ ദീപ്തി ശര്‍മയാണ് വിന്‍ഡീസിനെ തകര്‍ത്തത്. രേണുക താക്കൂര്‍ നാല് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 28.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 39 റണ്‍സുമായി പുറത്താവാതെ നിന്ന ദീപ്തി തന്നെയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
വിജയലക്ഷ്യത്തിലേക്കു ബാറ്റേന്തിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. 23 റണ്‍സിനിടെ ഓപ്പണര്‍ സ്മൃതി മന്ദാന (4), കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറിക്കാരി ഹര്‍ലീന്‍ ഡിയോള്‍ (1) എന്നിവര്‍ മടങ്ങി. പിന്നീട് പ്രതിക റാവല്‍ (18)  ഹര്‍മന്‍പ്രീത് കൗര്‍ (32) സഖ്യം 32 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇരുവരും രണ്ട് ഓവറിന്റെ ഇടവേളയില്‍ വീണു. തുടര്‍ന്നെത്തിയ ജമീമ റോഡ്രിഗസ് (29) മാന്യമായ സംഭവാന നല്‍കി മടങ്ങി. ഇതോടെ അഞ്ചിന് 129 എന്ന നിലയിലായി ഇന്ത്യ. അവിടെ നിന്നാണ് ദീപ്തി   റിച്ചാ ഘോഷ് (11 പന്തില്‍ 23) ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 48 പന്തുകള്‍ നേരിട്ട ദീപ്തി ഒരി സിക്‌സും മൂന്ന് ഫോറും നേടി. റിച്ച മൂന്ന് സിക്‌സും ഒരു ഫോറും നേടി.
നേരത്തെ വിന്‍ഡീസ് നിരയില്‍ ഹെന്റിയെ കൂടാതെ ഷെമെയ്‌നെ ക്യാംപല്ലെ (46), ആലിയ അലെയ്‌നെ (21) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. അദ്യ ഓവറില്‍ തന്നെ ക്വിന ജോസഫ് (0), ഹെയ്‌ലി മാത്യൂസ് (0) എന്നിവരുടെ വിക്കറ്റുകള്‍ വിന്‍ഡീസിന് നഷ്ടമായിരുന്നു. രേണുകയ്ക്കായിരുന്നു വിക്കറ്റ്. പിന്നാലെ ദിയേന്ദ്ര ഡോട്ടിനെയും (5) രേണുക മടക്കി. ഇതോടെ മൂന്നിന് 9 എന്ന നിലയിലായി വിന്‍ഡീസ്. 
പിന്നീട് ക്യാംപല്ലെ  ഹെന്റി സഖ്യം 91 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 22ാം ഓവറില്‍ ക്യാംപല്ലെയെ മടക്കി ദീപ്തി വിക്കറ്റ് കോളത്തില്‍ ഇടം പിടിച്ചു. സെയ്ദാ ജെയിംസ് (1), ഹെന്റി, അല്ലെയ്‌നെ, അഫി ഫ്‌ളെച്ചര്‍ (1), അഷ്മിനി മുനിസര്‍ (4) എന്നിവരേയും ദീപ്തി മടക്കി. മാന്ദി മഗ്രുവിനെ രേണുകയും തിരിച്ചയച്ചു. കരിഷ്മ രാംഹരാക്ക് (3) പുറത്താവാതെ നിന്നു. 10 ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങിയാണ് ദീപ്തി ആറ് വിക്കറ്റ് നേടിയത്.

india Indian Women Cricket Team West Indies India vs West Indies