ഫുട്‍ബോളിൽ അര നൂറ്റാണ്ടിലേറെ കാലമായി ഫുട്ബോൾ പരിശീലകനായും നിറഞ്ഞാടിയ ടി കെ ചാത്തുണ്ണി അന്തരിച്ചു. കളിക്കാരൻ എന്ന നിലയിൽ 15 വർഷം നീണ്ടു ടി.കെ. ചാത്തുണ്ണിയുടെ ഫുട്ബോൾ ജീവിതം. ഹൈസ്കൂളിൽ പഠിക്കുമ്പോൾ വീട്ടിലറിയാതെ ടീമിൽ ചേരാൻ പോയി കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും മികച്ച ക്ലബുകളുടെ കളിക്കാരനായി പേരും നേടിയ കളിജീവിതം. അന്ന് നേടാൻ കഴിയാതെ പോയ കിരീടങ്ങൾ പോലും നേടിയ പരിശീലക ജീവിതം.
പ്രതിരോധ നിരയിലെ ധീരനായ പോരാളിയെങ്കിലും മുന്നോട്ടുകയറി കളിക്കാൻ മടി കാണിക്കാത്ത ആവേശക്കാരൻ. ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ പരീശീലക സ്ഥാനത്തെത്താൻ യോഗ്യതയുണ്ടായിരുന്നെങ്കിലും ആ ഭാഗ്യം ചാത്തുണ്ണിക്ക് ലഭിച്ചിരുന്നില്ല. താരം എന്നതിനപ്പുറം സംഭവ ബഹുലമായിരുന്നു ചാത്തുണ്ണിയുടെ പരിശീലക കരിയർ. 1990-ൽ എംആർഎഫ് ഗോവ, ചർച്ചിൽ ഗോവ, സാൽഗോക്കർ, മോഹൻ ബഗാൻ, എഫ്സി കൊച്ചിൻ, വിവ കേരള, ഗോൾഡൻ ത്രഡ്സ്, ജോസ്‌കോ എഫ്സി, വിവ ചെന്നൈ ഉൾപ്പടെ രാജ്യത്തെ പ്രധാന ഫുട്‌ബോൾ ക്ലബുകളെയെല്ലാം പരിശീലിപ്പിച്ചു. കേരള പോലീസ് ചരിത്രത്തിലാദ്യമായി ഫെഡറേഷന്‍ കപ്പ് നേടിയപ്പോള്‍ പരിശീലകനായി ചാത്തുണ്ണി ഒപ്പൊമുണ്ടായിരുന്നു . 1990-ല്‍ തൃശ്ശൂരില്‍ വെച്ചായിരുന്നു അത്. ചാത്തുണ്ണിയുടെ പരിശീലനത്തിനു കീഴില്‍ കേരളാ പോലീസിന് നിരവധി നേട്ടങ്ങള്‍ കൈവന്നു. 1998-ല്‍ മോഹന്‍ ബഗാനെ പരിശീലിപ്പിച്ച് ദേശീയ ലീഗ് ജേതാക്കളാക്കിയതും ചാത്തുണ്ണിയുടെ മികവിന്റെ ഉദാഹരണമാണ്. 1997-ല്‍ സാല്‍ഗോക്കറിന് ഫെഡറേഷന്‍ കപ്പ് നേടിക്കൊടുത്തതും ചാത്തുണ്ണിതന്നെ.
1979-ൽ കേരളത്തിന്റെ സന്തോഷ് ട്രോഫി പരിശീലകനായി.'ഫുട്‌ബോൾ മൈ സോൾ' എന്ന പേരിൽ താരമായും പരിശീലകനായും ഫുട്‍ബോളിനൊപ്പമുള്ള തന്റെ യാത്രയെ ഉൾക്കൊള്ളിച്ച് അദ്ദേഹം ആത്മകഥയും എഴുതിയിട്ടുണ്ട്. 2019-ല്‍ പ്രകാശനം ചെയ്ത പുസ്തകം കറന്റ് ബുക്‌സാണ് പുറത്തിറക്കിയത്.