ലോകം ട്രിയോണ്ടയിലേക്ക് ചുരുങ്ങുന്നു; 2026 ലോകകപ്പിന്റെ ഔദ്യോഗിക പന്ത് പുറത്തിറക്കി

സ്പാനിഷിലെ രണ്ട് വാക്കുകള്‍ ചേര്‍ന്നാണ് പന്തിന് പേര് നല്‍കിയത്. സ്പാനിഷില്‍ ട്രയ എന്നാല്‍ മൂന്ന് എന്നും ഒണ്ട എന്നാല്‍ തരംഗം അല്ലെങ്കില്‍ വൈബ് എന്നാണ് അര്‍ത്ഥമാക്കുന്നത്. ഈ വാക്കുകള്‍ കൂട്ടി ചേര്‍ത്താണ് ട്രിയോണ്ടയുടെ ജനനം.

author-image
Biju
New Update
tri

ന്യൂയോര്‍ക്ക്: അടുത്ത വര്‍ഷം നടക്കുന്ന ഫുട്ബോള്‍ ലോകകപ്പിനുള്ള ഔദ്യോഗിക പന്ത് ഫിഫ പുറത്തിറക്കി. ട്രിയോണ്ട എന്ന് പേരിട്ടിരിക്കുന്ന പന്തിന്റെ നിര്‍മാതാക്കള്‍ അഡിഡാസാണ്. അമേരിക്ക, കാനഡ, മെക്സിക്കോ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയരാകുന്നത് സൂചിപ്പിച്ചാണ് പേര്. 

സ്പാനിഷിലെ രണ്ട് വാക്കുകള്‍ ചേര്‍ന്നാണ് പന്തിന് പേര് നല്‍കിയത്. സ്പാനിഷില്‍ ട്രയ എന്നാല്‍ മൂന്ന് എന്നും ഒണ്ട എന്നാല്‍ തരംഗം അല്ലെങ്കില്‍ വൈബ് എന്നാണ് അര്‍ത്ഥമാക്കുന്നത്. ഈ വാക്കുകള്‍ കൂട്ടി ചേര്‍ത്താണ് ട്രിയോണ്ടയുടെ ജനനം.

ആതിഥേയ രാജ്യങ്ങള്‍ക്ക് ആദരസൂചകമായി പന്തിന്റെ ചുവപ്പ്, പച്ച, നീല നിറങ്ങള്‍ ചേര്‍ന്നാണ് പന്ത് നിര്‍മിച്ചിരിക്കുന്നത്. കാനഡയെ പ്രതിനിധീകരിക്കാന്‍ മേപ്പിള്‍ ഇല, മെക്‌സിക്കോയ്ക്ക് കഴുകന്‍, അമേരിക്കയ്ക്ക് നക്ഷത്രം തുടങ്ങിയ രാജ്യ ചിഹ്നങ്ങള്‍ പന്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫിഫ വേള്‍ഡ് കപ്പ് ട്രോഫിക്ക് ആദരമായി സ്വര്‍ണ അലങ്കാരങ്ങളും പന്തിലുണ്ട്.

നിരവധി സാങ്കേതിക വിദ്യകളും ട്രിയോണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെന്‍സര്‍ ചിപ്പ് ഉള്‍പ്പെടുത്തിയതോടെ പന്തിന്റെ നീക്കങ്ങളുടെ കൃത്യമായി വിഎആര്‍ (ഢഅഞ) സിസ്റ്റത്തില്‍ രേഖപ്പെടുത്തും. ഇതോടെ ഓഫ്സൈഡ് സംബന്ധിച്ച വിധികള്‍ കൂടുതല്‍ കൃത്യമായി എടുക്കാന്‍ കഴിയും. ട്രിയോണ്ട അവതരിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ആതിഥേയ രാജ്യങ്ങളുടെ ഐക്യവും ആവേശവും പ്രതിഫലിപ്പിക്കുന്ന പന്താണ് അഡിഡാസ് നിര്‍മിച്ചതെന്നും ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്‍ഫാന്റിനോ പറഞ്ഞു.

അതേസമയം ഫുട്ബോള്‍ ലോകകപ്പിനുള്ള ഭാഗ്യചിഹ്നങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അമേരിക്ക, കാനഡ, മെക്സിക്കോ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയരാകുന്നതിനാല്‍ മൂന്ന് ഭാഗ്യചിഹ്നങ്ങളുണ്ട്. അമേരിക്കയുടേത് ക്ലച്ച് എന്ന കഴുകനാണ്. മെക്സിക്കോയ്ക്ക് സായു പുള്ളിപ്പുലിയും കാനഡയ്ക്ക് മാപ്പിള്‍ എന്ന വലിയ കൊമ്പുള്ള മാനുമാണ്. അമേരിക്കയുടേത് ക്ലച്ച് എന്ന കഴുകനാണ്. മെക്സിക്കോയ്ക്ക് സായു പുള്ളിപ്പുലിയും കാനഡയ്ക്ക് മാപ്പിള്‍ എന്ന വലിയ കൊമ്പുള്ള മാനുമാണ്.

2026 ഫുട്ബോള്‍ ലോകകപ്പില്‍ 48 രാജ്യങ്ങള്‍ പങ്കെടുക്കുമെന്ന്  ഫിഫ അറിയിച്ചു. ഇതുവരെ 32 ടീമുകള്‍ക്കാണ് ലോകകപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. 

യു.എസ്.എ, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായാണ് 2026 ഫുട്ബോള്‍ ലോകകപ്പ് നടക്കുന്നത്. ആകെ 104 മത്സരങ്ങള്‍ ലോകകപ്പിലുണ്ടാകുമെന്നും ഫിഫ അറിയിച്ചു. 1998 ലോകകപ്പ് മുതല്‍ 64 മത്സരങ്ങള്‍ മാത്രമാണ് ടൂര്‍ണമെന്റിലുണ്ടായിരുന്നത്. 

അടുത്ത ലോകകപ്പില്‍ നാല് ടീമുകളടങ്ങുന്ന 12 ഗ്രൂപ്പുകളുണ്ടാകും. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ നേരിട്ട് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടും. എല്ലാ ഗ്രൂപ്പില്‍ നിന്നുമായി ഏറ്റവും മികച്ച എട്ട് മൂന്നാം സ്ഥാനക്കാര്‍ക്കും അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാം എന്നതും പ്രത്യേകതയാണ്. ഇങ്ങനെ ആകെ വരുന്ന 32 ടീമുകള്‍ നോക്കൗട്ട് മത്സരം കളിക്കും. 

ഈ മാറ്റം വരുന്നതോടെ കൂടുതല്‍ രാജ്യങ്ങള്‍ക്ക് ലോകകപ്പിന്റെ ഭാഗമാകാം. ഒരു ടീമിന് ചുരുങ്ങിയത് മൂന്ന് മത്സരങ്ങള്‍ കളിക്കാനാകും. ഫൈനല്‍ വരെയെത്തുന്ന ടീമിന് എട്ട് മത്സരങ്ങള്‍ കളിക്കണം. ഇതുവരെ അത് ഏഴായിരുന്നു. റൗണ്ട് ഓഫ് 32 എന്ന പുതിയ നോക്കൗട്ട് റൗണ്ട് ഈ ലോകകപ്പിലെ പ്രത്യേകതയാണ്. 2026 ജൂലായ് 19 നാണ് ഫൈനല്‍.

2026 fifa world cup