ടുണീഷ്യയോട് സമനില; ഇറാഖിന് ലോകകപ്പ് പ്ലേഓഫ് ബെര്‍ത്ത്

അഞ്ച് തവണ ലോക ചാമ്പ്യന്‍മാരായ ബ്രസീല്‍ ഇത്തവണ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളിലും നിറംമങ്ങിയിരുന്നു. യോഗ്യത ഉറപ്പാക്കിയെങ്കിലും തെക്കേ അമേരിക്കന്‍ മേഖലാ യോഗ്യതയില്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

author-image
Biju
New Update
tunisha

അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ടുണീഷ്യയോട് ബ്രസീല്‍ സമനില വഴങ്ങി. ഒരു പെനാല്‍റ്റി പാഴാക്കിയ ബ്രസീല്‍ 1-1നാണ് മല്‍സരം അവസാനിപ്പിച്ചത്. ഫിഫ ലോകകപ്പ് 2026ന് തയ്യാറെടുന്ന ബ്രസീലിന് തിരിച്ചടിയാണിത്. കഴിഞ്ഞ മാസം സൗഹൃദ മല്‍സരത്തില്‍ ജപ്പാനോട് 3-2ന് തോറ്റിരുന്നു.

അഞ്ച് തവണ ലോക ചാമ്പ്യന്‍മാരായ ബ്രസീല്‍ ഇത്തവണ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളിലും നിറംമങ്ങിയിരുന്നു. യോഗ്യത ഉറപ്പാക്കിയെങ്കിലും തെക്കേ അമേരിക്കന്‍ മേഖലാ യോഗ്യതയില്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സൂപ്പര്‍ താരം നെയ്മറിന്റെ വിട്ടുമാറാത്ത പരിക്കും തുടര്‍ച്ചയായ മോശം പ്രകടനങ്ങളും മഞ്ഞപ്പടയുടെ ആരാധകരെ ലോകകപ്പിന് മുമ്പ് നിരാശപ്പെടുത്തുന്നു.

സൂപ്പര്‍ കോച്ച് കാര്‍ലോ ആന്‍സെലോട്ടിയുടെ കീഴില്‍ ബ്രസീല്‍ പഴയ പ്രതാപം തിരിച്ചുപിടിക്കുമെന്ന് കരുതിയെങ്കിലും മുന്നേറാനാവുന്നില്ല. ചൊവ്വാഴ്ച ലില്ലെയില്‍ ടുണീഷ്യയ്ക്കെതിരെ പെനാല്‍റ്റി നഷ്ടപ്പെടുത്തിയില്ലെങ്കില്‍ ആഫ്രിക്കന്‍ രാജ്യത്തോട് ജയിക്കാമായിരുന്നു. ലൂക്കാസ് പക്വെറ്റ അവസരം പാഴാക്കി.

നാല് സൂപ്പര്‍ ഫോര്‍വേഡുകളെ ഇറക്കിയാണ് കാര്‍ലോ ആന്‍സെലോട്ടി ടുണീഷ്യയെ നേരിടാന്‍ ബ്രസീലിനെ അണിനിരത്തിയത്. മാത്യൂസ് കുന്‍ഹ, വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ ഗോസ്, എസ്റ്റേവോ എന്നിവര്‍ ഉള്‍പ്പെട്ട ശക്തമായ സംഘത്തെ തിരഞ്ഞെടുത്തു. എന്നാല്‍, ആദ്യ പകുതിയുടെ മധ്യത്തില്‍ തന്നെ ലീഡ് നേടി ടുണീഷ്യ ഞെട്ടിച്ചു. അലി അബ്ദിയുടെ മികച്ച പാസ് സ്വീകരിച്ച ഹസീം മസ്തൂരി സംയമനത്തോടെ മുന്നോട്ട് നീങ്ങി ബ്രസീല്‍ ഗോള്‍കീപ്പര്‍ ബെന്റോയെ മറികടന്ന് പന്ത് അനായാസം വലയിലേക്ക് തട്ടിയിട്ടു.

കളി തീരാന്‍ 12 മിനിറ്റ് ബാക്കി നില്‍ക്കെ ബ്രസീലിന് മറ്റൊരു പെനാല്‍റ്റി ലഭിച്ചു. എന്നാല്‍, എസ്റ്റെവോയില്‍ നിന്ന് സ്പോട്ട്-കിക്ക് ഡ്യൂട്ടി ഏറ്റെടുത്ത ലൂക്കാസ് പക്വെറ്റ പന്ത് ക്രോസ്ബാറിന് മുകളിലൂടെ പറത്തി വിജയിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി. 89-ാം മിനിറ്റില്‍ എസ്റ്റെവോ ബോക്സില്‍ വീണതോടെ മൂന്നാമത്തെ പെനാല്‍റ്റി ലഭിച്ചുവെന്ന് ബ്രസീല്‍ കരുതി. എന്നാല്‍, വാര്‍ റിവ്യൂവിലേക്ക് നീങ്ങാതെ റഫറി തന്റെ യഥാര്‍ത്ഥ തീരുമാനത്തില്‍ ഉറച്ചുനിന്നു.

അതേസമയം, ലോകകപ്പ് കളിക്കാനുള്ള 40 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാനുള്ള യാത്രയില്‍ ഇറാഖ് പ്രതീക്ഷ നിലനിര്‍ത്തി. യോഗ്യതാ മത്സരത്തിന്റെ രണ്ടാം പാദത്തില്‍ യുഎഇയെ 2-1 ന് പരാജയപ്പെടുത്തി ഇറാഖ് ലോകകപ്പ് 2026 ഇന്റര്‍-കോണ്‍ഫെഡറേഷന്‍ പ്ലേ-ഓഫ് ബെര്‍ത്ത് ഉറപ്പിച്ചു.

അവസാന നിമിഷം പെനാല്‍റ്റിയിലൂടെ അമീര്‍ അല്‍-അമ്മാരിയാണ് ഇറാഖിന്റെ വിജയ ഗോള്‍ നേടിയത്. മുഹനാദ് അലിയാണ് വിജയികളുടെ ആദ്യ ഗോള്‍ നേടിയത്. കഴിഞ്ഞയാഴ്ച നടന്ന ആദ്യ പാദത്തില്‍ 1-1 ആയിരുന്നു ഫലം. രണ്ടാംപാദത്തിലെ വിജയത്തോടെ 3-2 എന്ന അഗ്രഗേറ്റ് സ്‌കോറിന് ഇറാഖ് മുന്നേറി.

1986 ല്‍ മെക്സിക്കോയില്‍ നടന്ന ലോകകപ്പില്‍ മാത്രമാണ് ഇറാഖ് കളിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. ആറ് ടീമുകളുടെ പ്ലേ ഓഫില്‍ നിന്ന് വിജയിക്കുന്ന രണ്ട് ടീമുകള്‍ക്ക് അടുത്ത ലോകകപ്പ് ബെര്‍ത്ത് ലഭിക്കും. ബൊളീവിയ, ന്യൂ കാലിഡോണിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവയും പ്ലേ-ഓഫില്‍ സ്ഥാനം ഉറപ്പിച്ചു.