അണ്ടര്‍ 19 ഏഷ്യാകപ്പ്: ജപ്പാനെതിരെ ഇന്ത്യക്ക് വമ്പന്‍ ജയം

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെടുത്തപ്പോള്‍ ജപ്പാന് 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

author-image
Prana
New Update
india u-19

അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ജപ്പാനെ 211 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ മുഹമ്മദ് അമാന്റെ അപരാജിത സെഞ്ചുറിയുടെയും ആയുഷ് മാത്രെ, കെപി കാര്‍ത്തികേയ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും കരുത്തില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെടുത്തപ്പോള്‍ ജപ്പാന് 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 111 പന്തില്‍ 50 റണ്‍സെടുത്ത ഓപ്പണര്‍ ഹ്യൂഗോ കെല്ലിയാണ് ജപ്പാന്റെ ടോപ് സ്‌കോറര്‍. ചാള്‍സ് ഹിന്‍സ് 35 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യക്കായി ഹാര്‍ദ്ദിക് രാജും കെപി കാര്‍ത്തികേയയും ചേതന്‍ ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ജയത്തോടെ ഇന്ത്യ ഗ്രൂപ്പ് എയില്‍ യുഎഇയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ യുഎഇയെ 69 റണ്‍സിന് തോല്‍പിച്ച പാകിസ്ഥാനാണ് ഒന്നാമത്. ആദ്യ മത്സരത്തില്‍ പാകിസ്താന്‍ ഇന്ത്യയെയും തോല്‍പിച്ചിരുന്നു.
സ്‌കോര്‍ ഇന്ത്യ 50 ഓവറില്‍ 339-6, ജപ്പാന്‍ 50 ഓവറില്‍ 128-8. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം എത്തിപ്പിടിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ ജപ്പാന്‍ പരമാവധി നേരം ക്രീസില്‍ നില്‍ക്കാനാണ് ശ്രമിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ ഹ്യൂഗോ കെല്ലിയും നിഹാര്‍ പാര്‍മറും(14) ചേര്‍ന്ന് 13.4 ഓവറില്‍ 50 റണ്‍സടിച്ച് ഭേദപ്പെട്ട തുടക്കമിട്ടെങ്കിലും പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായി.
നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ മുഹമ്മദ് ആമാന്റെ അപരാജിതെ സെഞ്ചുറിയുടെയും(118 പന്തില്‍ 122) ആയുഷ് മാത്രെ(29 പന്തില്‍ 54), കെ പി കാര്‍ത്തികേയ(49 പന്തില്‍ 57) അര്‍ധസെഞ്ചുറികളുടെയും കരുത്തിലാണ് കൂറ്റന്‍ സ്‌കോര്‍ കുറിച്ചത്. 23 പന്തില്‍ 23 റണ്‍സെടുത്ത പതിമൂന്നുകാരന്‍ വൈഭവ് സൂര്യവന്‍ശിക്ക് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വലിയ സ്‌കോര്‍ നേടാനായില്ല.
ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് തോറ്റ ഇന്ത്യന്‍ യുവനിരക്ക് ജപ്പാനെതിരായ വമ്പന്‍ ജയം സെമിസാധ്യത ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി. ബുധനാഴ്ച നടക്കുന്ന മത്സരത്തില്‍ യുഎഇ ആണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അടുത്ത എതിരാളികള്‍.

india japan asia cup under 19 cricket