അണ്ടര്‍ 19 ഏഷ്യാകപ്പ്; പാകിസ്താനെതിരെ ഇന്ത്യയ്ക്ക് തോല്‍വി

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സെടുത്തു. മറുപടി പറഞ്ഞ ഇന്ത്യ 47.1 ഓവറില്‍ 238 റണ്‍സില്‍ എല്ലാവരും പുറത്തായി.

author-image
Prana
New Update
india u19

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം. പാകിസ്താന്‍ അണ്ടര്‍ 19 ടീമിനെതിരായ മത്സരത്തില്‍ 43 റണ്‍സിനാണ് ഇന്ത്യന്‍ അണ്ടര്‍ 19 ടീം തോല്‍വി വഴങ്ങിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സെടുത്തു. മറുപടി പറഞ്ഞ ഇന്ത്യ 47.1 ഓവറില്‍ 238 റണ്‍സില്‍ എല്ലാവരും പുറത്തായി.
ടോസ് നേടിയ പാകിസ്താന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഷഹസേബ് ഖാന്‍ നേടിയ 159 റണ്‍സാണ് പാകിസ്താനെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. ഉസ്മാന്‍ ഖാന്‍ 60 റണ്‍സും നേടി. ഇരുവരും ചേര്‍ന്ന ഓപ്പണിംഗ് വിക്കറ്റില്‍ 160 റണ്‍സാണ് പിറന്നത്. മൂന്ന് താരങ്ങള്‍ മാത്രമാണ് പാകിസ്താന്‍ നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യയ്ക്കായി സമര്‍ത്ഥ് നാഗരാജ് മൂന്ന് വിക്കറ്റുകള്‍ നേടി. മലയാളി സ്പിന്നര്‍ മുഹമ്മദ് ഇനാന് തിളങ്ങാനായില്ല. രണ്ട് ഓവറില്‍ 34 റണ്‍സാണ് ഇനാന്‍ വഴങ്ങിയത്.  
മറുപടി ബാറ്റിങ്ങില്‍ ഇന്ത്യന്‍ നിരയില്‍ നിഖില്‍ കുമാര്‍ 67 റണ്‍സെടുത്തു. വാലറ്റത്ത് മുഹമ്മദ് ഇനാന്‍ രണ്ട് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 22 പന്തില്‍ 30 റണ്‍സടിച്ചു. മറ്റാര്‍ക്കും മികച്ച ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ കഴിയാതിരുന്നതാണ് ഇന്ത്യയ്ക്ക് വിജയലക്ഷ്യത്തില്‍ എത്താന്‍ തടസമായത്. പാകിസ്താനായി അലി റാസ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ജപ്പാന്‍, യു എ ഇ ടീമുകളുമായാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ അവശേഷിക്കുന്ന മത്സരങ്ങള്‍.

under 19 cricket asia cup India vs Pakistan