അണ്ടര്‍19 ഏഷ്യാ കപ്പ്: വൈഭവ് മിന്നിത്തിളങ്ങി; ഇന്ത്യ സെമിയില്‍

അണ്ടര്‍19 ഏഷ്യാ കപ്പില്‍ വെള്ളിയാഴ്ച നടക്കുന്ന സെമിയില്‍ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍. മറ്റൊരു സെമി ഫൈനലില്‍ പാകിസ്താനും ബംഗ്ലാദേശും ഏറ്റുമുട്ടും

author-image
Prana
New Update
vaibhav

അണ്ടര്‍19 ഏഷ്യാ കപ്പില്‍ യുഎഇയ്‌ക്കെതിരായ 10 വിക്കറ്റ് വിജയത്തോടെ ഇന്ത്യ സെമിയിലെത്തി. വെള്ളിയാഴ്ച നടക്കുന്ന സെമിയില്‍ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍. മറ്റൊരു സെമി ഫൈനലില്‍ പാകിസ്താനും ബംഗ്ലാദേശും ഏറ്റുമുട്ടും. 138 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 16.1 ഓവറില്‍ വിജയത്തിലെത്തി. 203 പന്ത് ശേഷിക്കെയായിരുന്നു ഇന്ത്യയുടെ വിജയം.
അര്‍ധസെഞ്ചുറി നേടിയ വൈഭവ് സൂര്യവംശിയും ആയുഷ് മാത്രെയുമാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് 1.10 കോടി രൂപയ്ക്ക് സ്വന്തമാക്കിയ 13കാരന്‍ വൈഭവ് 46 പന്തില്‍ മൂന്ന് ഫോറും ആറ് സിക്‌സും സഹിതമാണ് 76 റണ്‍സ് നേടിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നിറംമങ്ങിയ വൈഭവിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ഇത്. നാല് വീതം ഫോറും സിക്‌സുമടിച്ച ആയുഷ് 51 പന്തില്‍ 67 റണ്‍സാണ് നേടിയത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത യുഎഇ 44 ഓവറില്‍ 137 റണ്‍സിന് എല്ലാവരും പുറത്തായി. രണ്ടക്കം കണ്ടത് നാല് പേര്‍ മാത്രമാണ്. 48 പന്തില്‍ 35 റണ്‍സെടുത്ത റയാന്‍ ഖാനാണ് ടോപ് സ്‌കോറര്‍. അക്ഷത് റായ് 26 റണ്‍സും എയ്ഥന്‍ ഡിസൂസ 17 റണ്‍സും ഉദ്ധിഷ് സൂരി 16 റണ്‍സും അടിച്ചെടുത്തു.
ഇന്ത്യക്കായി യുദ്ധജിത് ഗുര മൂന്നും ചേര്‍തന്‍ ശര്‍മ, ഹാര്‍ദിക് രാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ആയുഷ് മാത്രെ, കെ.പി കാര്‍ത്തികേയ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്താനോട് പരാജയപ്പെട്ടിരുന്നു. രണ്ടാം മത്സരത്തില്‍ ജപ്പാനെ പരാജയപ്പെടുത്തി. മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുള്ള ഇന്ത്യ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച പാകിസ്താനാണ് ഒന്നാമത്.

 

under 19 cricket india semi final asia cup