/kalakaumudi/media/media_files/2025/01/18/zyA7CvY1HD64GD6smSHC.jpg)
India Women U19; India vs West Indies ,Women U19 Squads
ക്വാലലംപുര്‍: അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ ജേതാക്കളായ ഇന്ത്യയുടെ കൗമാരപ്പട, ആ കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിനിറങ്ങുന്നു. ട്വന്റി20 ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ ഉള്‍പ്പെടെ 16 ടീമുകളുണ്ട്. കര്‍ണാടക സ്വദേശിനിയായ ഓള്‍റൗണ്ടര്‍ നിക്കി പ്രസാദാണ് ക്യാപ്റ്റന്‍.
അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പ്ലെയര്‍ ഓഫ് ദ് സീരീസായിരുന്ന ടോപ് ഓര്‍ഡര്‍ ബാറ്റര്‍ ജി.തൃഷ, ടൂര്‍ണമെന്റില്‍ വിക്കറ്റ് നേട്ടത്തില്‍ മുന്‍നിരയിലെത്തിയ സ്പിന്നര്‍മാരായ ആയുഷി ശുക്ല, സോനം യാദവ് എന്നിവരാണ് ഇന്ത്യയുടെ പ്രധാന കരുത്ത്. 16 ടീമുകള്‍ 4 ഗ്രൂപ്പുകളായി തിരിഞ്ഞാണ് ആദ്യ റൗണ്ട് മത്സരം. വെസ്റ്റിന്‍ഡീസിനു പുറമേ മലേഷ്യ, ശ്രീലങ്ക ടീമുകളാണ് ഗ്രൂപ്പ് റൗണ്ടില്‍ ഇന്ത്യയുടെ എതിരാളികള്‍. ഫെബ്രുവരി രണ്ടിനാണ് ഫൈനല്‍.
15 അംഗ ഇന്ത്യന്‍ ടീമില്‍ കേരളത്തിന്റെ പ്രതീക്ഷയായി വയനാട്ടുകാരി വി.ജെ.ജോഷിതയുണ്ട്. അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഓള്‍റൗണ്ടറായ ജോഷിതയെ ലോകകപ്പ് ടീമിലെത്തിച്ചത്. കഴിഞ്ഞ വനിതാ പ്രിമിയര്‍ ലീഗ് ലേലത്തില്‍ (ഡബ്ല്യുപിഎല്‍) റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ജോഷിതയെ 10 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. അണ്ടര്‍ 19 കേരള ടീം ക്യാപ്റ്റനായിരുന്ന താരം സീനിയര്‍ ടീമിലും കളിച്ചിട്ടുണ്ട്.