ന്യൂഡല്‍ഹി : ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യത്തിന്റെ പശ്ചാതലത്തില്‍ വനിതാ ടി20 ലോകകപ്പ് വേദി മാറ്റുവാനൊരുങ്ങി ഐ.സി.സി. ഒക്ടോബറില്‍ ബംഗ്ലാദേശില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. യു.എ.ഇ.യിലേക്ക് മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്ക് ആതിഥ്യം വഹിക്കാന്‍ കഴിയുമോ എന്ന് ബി.സി.സി.ഐ.യോട് തേടിയിരുന്നെങ്കിലും ഇന്ത്യ സമ്മതമില്ലെന്ന് അറിയിക്കുകയായിരുന്നു. മണ്‍സൂണ്‍ സീസണ്‍ ആയതിനാലും അടുത്ത വര്‍ഷം ഇന്ത്യ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നതുകൊണ്ടും ബിസിസിഐ സെക്രട്ടറി വിസമ്മതിക്കുകയായിരുന്നു. യു.എ.ഇ.ക്ക് ദുബായിലും അബുദാബിയിലും ഷാര്‍ജയിലുമായി മൂന്ന് ലോകോത്തര ക്രിക്കറ്റ് സ്റ്റേഡിയങ്ങളുണ്ട്. സിംബാബ്വെ, ശ്രീലങ്ക രാജ്യങ്ങളിലും ഐ.സി.സി. ആലോചിക്കുന്നുണ്ട്. അന്തിമ തീരുമാനം ഈയാഴ്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ മൂന്നുമുതല്‍ 20 വരെയാണ് ടി20 ലോകകപ്പ്. പത്ത് ടീമുകള്‍ ഉള്‍ക്കൊള്ളുന്ന ടൂര്‍ണമെന്റില്‍ 23 മത്സരങ്ങളാണ് ഉള്ളത്. അതേസമയം ടൂര്‍ണമെന്റ് ബംഗ്ലാദേശില്‍വെച്ചുതന്നെ നടത്താന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബി.സി.ബി.) പരമാവധി ശ്രമം നടത്തുന്നുണ്ട്.