/kalakaumudi/media/media_files/2025/10/28/under-19-2025-10-28-08-48-42.jpg)
മുംബൈ: അണ്ടര്‍ 19 വനിതാ ടി20 ചാമ്പന്‍ഷിപ്പില്‍ ആദ്യ ജയവുമായി കേരളം.ഛത്തീസ്ഗഢിനെ ഏഴ് വിക്കറ്റിനാണ് കേരളം തോല്‍പ്പിച്ചത്. മഴയെ തുടര്‍ന്ന് രണ്ട് തവണ ഓവറുകള്‍ വെട്ടിച്ചുരുക്കിയ മത്സരത്തിലായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്ഗഢ് 18 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെടുത്തു. മഴ വീണ്ടും കളി തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് കേരളത്തിന്റെ വിജയലക്ഷ്യം 12 ഓവറില്‍ 65 റണ്‍സാക്കി പുതുക്കി നിശ്ചയിച്ചു. കേരളം നാല് പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്ഗഢ് കേരളത്തിന്റെ ഉജ്ജ്വല ബൗളിങ്ങിന് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ആകെ മൂന്ന് പേര്‍ മാത്രമാണ് ഛത്തീസ്ഗഢ് നിരയില്‍ രണ്ടക്കം കണ്ടത്. അവസാന ഓവറുകളില്‍ 7 പന്തുകളില്‍ നിന്ന് 18 റണ്‍സ് നേടി പുറത്താകാതെ നിന്ന പലക് സിങ്ങാണ് ഛത്തീസ്ഗഢിന്റെ ടോപ് സ്‌കോറര്‍. കേരളത്തിന് വേണ്ടി മനസ്വിയും ഇസബെല്ലും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
മഴയെ തുടര്‍ന്ന് പുതുക്കി നിശ്ചയിച്ച വിജയലക്ഷ്യവും പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. എന്നാല്‍ മനസ്വിയുടെയും ശ്രദ്ധ സുമേഷിന്റെയും കൂട്ടുകെട്ട് മത്സരം കേരളത്തിന് അനുകൂലമാക്കി. മികച്ച റണ്‍റേറ്റില്‍ ഇന്നിങ്‌സ് മുന്നോട്ടു നീക്കിയ ഇരുവരും ചേര്‍ന്ന് കേരളത്തിന്റെ വിജയത്തിന് അടിത്തറയിട്ടു. മനസ്വി 32 റണ്‍സുമായി പുറത്താകാതെ നിന്നു. ശ്രദ്ധ 15 റണ്‍സ് നേടി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
