/kalakaumudi/media/media_files/QTDqXDL1ctt3GDs7TUT0.jpeg)
ന്യൂഡല്‍ഹി: അടുത്തവര്‍ഷം നടക്കുന്ന അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിച്ച് ഐ.സി.സി. മലേഷ്യയില്‍ നടക്കുന്ന ടൂര്‍ണമെന്റ് ജനുവരി 18-ന് ആരംഭിക്കും. ഫെബ്രുവരി രണ്ടിനാണ് ഫൈനല്‍. 16 ടീമുകളാണ് ലോകകപ്പില്‍ പങ്കെടുക്കുക. നാലുവീതം ടീമുകളെ വെച്ച് നാലു ഗ്രൂപ്പുകളായി തരംതിരിക്കും.
16 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 41 മത്സരങ്ങളാണുള്ളത്. നാലു വേദികളാണ് ലോകകപ്പിനായി സജ്ജമാക്കുന്നത്. ജനുവരി 13 മുതല്‍ 16 വരെ ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളും നിശ്ചയിച്ചിട്ടുണ്ട്. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ ഗ്രൂപ്പ് എ യിലാണ് ഉള്‍പ്പെട്ടത്. വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, മലേഷ്യ എന്നീ ടീമുകളാണ് ഗ്രൂപ്പിലെ മറ്റു രാജ്യങ്ങള്‍.
ഇതാദ്യമായാണ് മലേഷ്യ അണ്ടര്‍19 വനിതാ ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത്. ജനുവരി 19-ന് വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. ഇംഗ്ലണ്ട്, പാകിസ്താന്‍, അയര്‍ലന്‍ഡ്, യു.എസ്.എ. ടീമുകള്‍ ഗ്രൂപ്പ് ബി യിലും ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, ആഫ്രിക്കയില്‍നിന്നുള്ള ക്വാളിഫയര്‍ ടീം, സമോവ ടീമുകള്‍ ഗ്രൂപ്പ് സി യിലും ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഏഷ്യയില്‍നിന്നുള്ള ക്വാളിഫയര്‍ ടീം, സ്‌കോട്ട്‌ലന്‍ഡ് ടീമുകള്‍ ഗ്രൂപ്പ് ഡി യിലും ഏറ്റുമുട്ടും.