വൈഭവ് കത്തിജ്വലിച്ചു, 411 റണ്‍സ് അടിച്ചുകൂട്ടി ഇന്ത്യന്‍ കുട്ടിക്കൂട്ടങ്ങള്‍

ഹരാരെ സ്‌പോര്‍ട്‌സ് ക്ലബിന്റെ നടുമുറ്റത്ത് അടിച്ചുതകര്‍ക്കുകയെന്ന അജണ്ട മാത്രമേ ബിഹാറുകാരനുണ്ടായിരുന്നുള്ളൂ. പന്തെടുത്തവര്‍ക്കൊക്കെ വയറുനിറച്ച് പ്രഹരം കിട്ടിയപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു

author-image
Biju
New Update
vbb

ഹരാരെ: വൈഭവ് സൂര്യവംശിയെന്ന പുത്തന്‍ താരോദയം ഹരാരെയുടെ നടുത്തളത്തില്‍ കത്തിജ്വലിച്ചപ്പോള്‍ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യക്ക് തകര്‍പ്പന്‍ സ്‌കോര്‍. വിസ്‌ഫോടനാത്മക ബാറ്റിങ് വൈഭവവുമായി ഇന്ത്യയുടെ കൗമാര സൂപ്പര്‍ ഹീറോ അതിശയം വിതറിയ കലാശപ്പോരില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒമ്പതുവിക്കറ്റിന് 411 റണ്‍സ് അടിച്ചുകൂട്ടി. ഏകദിനത്തിന്റെ ക്രീസിലും ട്വന്റി20യെ വെല്ലുന്ന വെടിക്കെട്ടുമായി നിറഞ്ഞാടിയ വൈഭവ് 80 പന്തില്‍ 175 റണ്‍സെടുത്തു. 15 പടുകൂറ്റന്‍ സിക്‌സറുകളും അത്രതന്നെ ഫോറുകളുമാണ് പതിനാലുകാരന്റെ ബാറ്റില്‍നിന്ന് പ്രവഹിച്ചത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു ഇന്ത്യ. ഓപണിങ്ങില്‍ മലയാളി താരം ആരോണ്‍ ജോര്‍ജിന്റെ (11 പന്തില്‍ ഒമ്പത്) കൂട്ട് തുടക്കത്തിലേ നഷ്ടപ്പെട്ടെങ്കിലും മറുവശത്ത് വൈഭവിന്റെ സംഹാരതാണ്ഡവമായിരുന്നു. ക്യാപ്റ്റന്‍ ആയുഷ് മാത്രെയെ കൂട്ടുനിര്‍ത്തിയായിരുന്നു പിന്നീടുള്ള അശ്വമേധം. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബിന്റെ നടുമുറ്റത്ത് അടിച്ചുതകര്‍ക്കുകയെന്ന അജണ്ട മാത്രമേ ബിഹാറുകാരനുണ്ടായിരുന്നുള്ളൂ. പന്തെടുത്തവര്‍ക്കൊക്കെ വയറുനിറച്ച് പ്രഹരം കിട്ടിയപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. ടീം സ്‌കോര്‍ 50ലെത്താന്‍ 48 പന്തുകളെടുത്തപ്പോള്‍ 13.2 ഓവറില്‍ സ്‌കോര്‍ 100ലെത്തി. 32 പന്തില്‍ 50 കടന്ന വൈഭവിന് സെഞ്ച്വറിയിലെത്താന്‍ പിന്നീട് വേണ്ടിവന്നത് 23 പന്തുകള്‍ കൂടി മാത്രം.

വൈഭവിന് സ്‌ട്രൈക്ക് കൈമാറി കളിച്ച മാത്രെ അര്‍ധശതകം തികച്ചയുടന്‍ പുറത്തായി. 51 പന്തില്‍ ഏഴു ഫോറും രണ്ടു സിക്‌സുമടക്കം 53ലെത്തിയ ഇന്ത്യന്‍ ക്യാപ്റ്റനെ കൂറ്റനടിക്കുള്ള ശ്രമത്തില്‍ ബൗണ്ടറിക്കരികെ ബെന്‍ മായെസ് പിടിച്ച് പുറത്താക്കുകയായിരുന്നു.

രണ്ടിന് 162 റണ്‍സെന്ന ഘട്ടത്തില്‍ മറുതലക്കല്‍ വേദാന്ത് ത്രിവേദിയെ കാഴ്ചക്കാരനാക്കി വൈഭവ് കൂടുതല്‍ ആക്രമണകാരിയായി. മൂന്നാം വിക്കറ്റില്‍ 18 പന്തില്‍നിന്ന് ഇരുവരും 50 റണ്‍സ് ചേര്‍ത്തപ്പോള്‍ അതില്‍ 48 റണ്‍സും വൈഭവിന്റെ ബാറ്റില്‍നിന്നായിരുന്നു. 21.4 ഓവറില്‍ ടീം സ്‌കോര്‍ 200 കടന്നു. 25 ഓവറില്‍ കൃത്യം 250ഉം. അടുത്ത ഓവറിലെ മൂന്നാം പന്തില്‍ മാനി ലുംസ്‌ഡെണിനെതിരെ ഷോട്ടിന് ശ്രമിച്ച വൈഭവിനെ വിക്കറ്റിന് പിന്നില്‍ തോസ് റ്യൂ പിടികൂടുകയായിരുന്നു.

എന്നാല്‍, അതിനുശേഷം റണ്ണൊഴുക്ക് കുറഞ്ഞു. വേദാന്ത് (36 പന്തില്‍ 32), വിഹാന്‍ മല്‍ഹോത്ര (36 പന്തില്‍ 30) അഭിമന്യു കുണ്ടു (31 പന്തില്‍ 40), ആര്‍.എസ് അംബരീഷ് (24 പന്തില്‍ 18), ഖിലാന്‍ പട്ടേല്‍ (നാലു പന്തില്‍ മൂന്ന്), ഹെനില്‍ പട്ടേല്‍ (ഏഴു പന്തില്‍ അഞ്ച്) എന്നിവരൊക്കെ നിലയുറപ്പിക്കുംമുമ്പ് തിരിച്ചുകയറി. കുണ്ടു മാത്രമാണ് മധ്യനിരയില്‍ അല്‍പം ആക്രമണോത്സുകത പ്രകടിപ്പിച്ചത്.

വൈഭവ് പുറത്താകുന്നതിന് മുമ്പ് 25 ഓവറില്‍ ഇന്ത്യ മൊത്തം 17 സിക്‌സറുകള്‍ പറത്തിയെങ്കില്‍ പിന്നീടുള്ള 25 ഓവറില്‍ രണ്ടു സിക്‌സ് മാത്രമാണ് ഹരാരെയില്‍ പിറന്നത്. സ്‌കോര്‍ ഒടുവില്‍ 400 കടത്തിയത് വാലറ്റത്ത് കനിഷ്‌ക് ചൗഹാന്റെ (20 പന്തില്‍ 37) ഇന്നിങ്‌സായിരുന്നു. ചൗഹാന്‍ മൂന്നു ഫോറും ഒരു സിക്‌സുമുതിര്‍ത്തു. ജെയിംസ് മിന്റോ എട്ടോവറില്‍ 63 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.