വമ്പന്‍ ജയം അടിച്ചെടുത്ത് പഞ്ചാബ്

ഐതിഹാസിക സെഞ്ചറിയുമായി ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് സണ്‍റൈസേഴ്‌സിന്റെ റണ്‍ചേസിന് അടിത്തറയിട്ടത്. താരം 55 പന്തില്‍ 141 റണ്‍സെടുത്ത് വിജയത്തിനരികെ പുറത്തായി.

author-image
Biju
New Update
sdF

ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉള്ളില്‍ ഈ സീസണില്‍ ഉറക്കത്തിലായിരുന്ന 'സിംഹ'ത്തെ പഞ്ചാബ് കിങ്‌സ് 'കുത്തിയിളക്കി'. ഫലം ഐപിഎല്‍ ടീമുകള്‍ ഒരുപോലെ ഭയപ്പെടുന്ന ആ യഥാര്‍ഥ സണ്‍റൈസേഴ്‌സ്, ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ സട കുടഞ്ഞെഴുന്നേറ്റു. അതിന്റെ ആദ്യ ദുരന്തഫലം പഞ്ചാബ് കിങ്‌സിനു തന്നെ സമ്മാനിച്ച്, ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഉജ്വല വിജയം. പഞ്ചാബ് കിങ്‌സ് ഉയര്‍ത്തിയ 246 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം, ഒന്‍പതു പന്ത് ബാക്കിനിര്‍ത്തി രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് സണ്‍റൈസേഴ്‌സ് മറികടന്നത്.

ഐതിഹാസിക സെഞ്ചറിയുമായി ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് സണ്‍റൈസേഴ്‌സിന്റെ റണ്‍ചേസിന് അടിത്തറയിട്ടത്. താരം 55 പന്തില്‍ 141 റണ്‍സെടുത്ത് വിജയത്തിനരികെ പുറത്തായി. 14 ഫോറും 10 പടുകൂറ്റന്‍ സിക്‌സറുകളും ഉള്‍പ്പെടുന്നതാണ് അഭിഷേക് ശര്‍മയുടെ ഇന്നിങ്‌സ്. 40 പന്തില്‍ 11 ഫോറും 6 സിക്‌സും സഹിതമാണ് അഭിഷേക് സെഞ്ചറി കടന്നത്. അഭിഷേകിന്റെ ഓപ്പണിങ് പങ്കാളി ട്രാവിസ് ഹെഡ് 37 പന്തില്‍ ഒന്‍പതു ഫോറും മൂന്നു സിക്‌സും സഹിതം 66 റണ്‍സെടുത്ത് പുറത്തായി.

246 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത സണ്‍റൈസേഴ്‌സിന്, ഓപ്പണിങ് വിക്കറ്റില്‍ ട്രാവിസ് ഹെഡ്  അഭിഷേക് ശര്‍മ സഖ്യം പടുത്തുയര്‍ത്തിയ സെഞ്ചറി കൂട്ടുകെട്ടാണ് കരുത്തായത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 74 പന്തില്‍ അടിച്ചുകൂട്ടിയത് 171 റണ്‍സാണ്. ഹെഡിനെ യുസ്വേന്ദ്ര ചെഹല്‍ പുറത്താക്കിയ ശേഷം ഹെന്റിച് ക്ലാസനെ കൂട്ടുപിടിച്ച് അഭിഷേക് രണ്ടാം വിക്കറ്റില്‍ 24 പന്തില്‍ അടിച്ചുകൂട്ടിയത് 51 റണ്‍സ്!

വിജയത്തിന്റെ അരികെ 55 പന്തില്‍ 141 റണ്‍സുമായി അഭിഷേകിനെ അര്‍ഷ്ദീപ് സിങ് പുറത്താക്കിയെങ്കിലും, ഹെന്റിച് ക്ലാസന്‍ (14 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 21), ഇഷാന്‍ കിഷന്‍ (ആറു പന്തില്‍ ഒരു ഫോര്‍ സഹിതം 9) എന്നിവര്‍ ചേര്‍ന്ന് ഹൈദരാബാദിനെ വിജയത്തിലെത്തിച്ചു. പഞ്ചാബിനായി യുസ്വേന്ദ്ര ചെഹല്‍ നാല് ഓവറില്‍ 56 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. അര്‍ഷ്ദീപ് സിങ് നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങിയും ഒരു വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ, തകര്‍ത്തടിച്ച് 24 പന്തില്‍നിന്ന് 66 റണ്‍സെടുത്ത പ്രിയാംശ് ആര്യ  പ്രഭ്‌സിമ്രാന്‍ സിങ് കൂട്ടുകെട്ട് സമ്മാനിച്ച സ്‌ഫോടനാത്മക തുടക്കത്തിന്റെ കരുത്തിലാണ് പഞ്ചാബ് കിങ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു മുന്നില്‍ 246 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ്, നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 245 റണ്‍സെടുത്തത്. പഞ്ചാബ് നിരയില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 82 റണ്‍സുമായി ടോപ് സ്‌കോററായി. ഐപിഎലില്‍ തന്റെ വേഗമേറിയ അര്‍ധസെഞ്ചറിയുടെ റെക്കോര്‍ഡ് തിരുത്തിയ അയ്യര്‍, 36 പന്തില്‍ ആറു വീതം സിക്‌സും ഫോറും സഹിതം 82 റണ്‍സെടുത്തു.

22 പന്തില്‍ അര്‍ധസെഞ്ചറി കടന്ന അയ്യര്‍, കഴിഞ്ഞ സീസണില്‍ ഇതേ എതിരാളികള്‍ക്കെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ഒന്നാം ക്വാളിഫയറില്‍ 23 പന്തില്‍ നേടിയ അര്‍ധസെഞ്ചറിയുടെ റെക്കോര്‍ഡാണ് മറികടന്നത്. അവസാന ഓവറില്‍ തകര്‍ത്തടിച്ച് വെറും 11 പന്തില്‍ പുറത്താകാതെ 34 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയ്‌നിസാണ് പഞ്ചാബിനെ 245ല്‍ എത്തിച്ചത്. ഒരു ഫോറും നാലു സിക്‌സും ഉള്‍പ്പെടുന്നതാണ് സ്റ്റോയ്‌നിസിന്റെ ഇന്നിങ്‌സ്. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചറി നേടിയ ഓപ്പണര്‍ പ്രിയാംശ് ആര്യ 13 പന്തില്‍നിന്ന് രണ്ടു ഫോറും നാലു സിക്‌സും സഹിതം 36 റണ്‍സെടുത്തു. പ്രഭ്‌സിമ്രാന്‍ സിങ് 23 പന്തില്‍ ഏഴു ഫോറും ഒരു സിക്‌സും സഹിതം 42 റണ്‍സെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ 24 പന്തില്‍നിന്ന് ഇരുവരും അടിച്ചുകൂട്ടിയ 66 റണ്‍സാണ് പഞ്ചാബ് ഇന്നിങ്‌സിന് അടിത്തറയായത്.

മൂന്നാം  വിക്കറ്റില്‍ ശ്രേയസ് അയ്യര്‍  നേഹല്‍ വധേര സഖ്യം 40 പന്തില്‍നിന്ന് 73 റണ്‍സ് അടിച്ചുകൂട്ടി സ്‌കോറിങ് നിരക്ക് താഴാതെ കാത്തു. വധേര 22 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും  സഹിതം 27 റണ്‍സെടുത്ത് പുറത്തായി. ശശാങ്ക് സിങ് (മൂന്നു പന്തില്‍ രണ്ട്), ഗ്ലെന്‍ മാക്‌സ്വെല്‍ (ഏഴു പന്തില്‍ മൂന്ന്) എന്നിവര്‍ നിരാശപ്പെടുത്തിയെങ്കിലും, അവസാന ഓവറുകളില്‍ കത്തിക്കയറിയ സ്റ്റോയ്‌നിസ് പഞ്ചാബിന് മികച്ച സ്‌കോര്‍ ഉറപ്പാക്കി. അവസാന ഓവറില്‍ മുഹമ്മദ് ഷമിക്കെതിരെ തുടര്‍ച്ചയായി നാലു സിക്‌സറുകള്‍ പായിച്ചാണ് സ്റ്റോയ്‌നിസ് സ്‌കോര്‍ 245ല്‍ എത്തിച്ചത്. മാര്‍ക്കോ യാന്‍സന്‍ അഞ്ച് പന്തില്‍ അഞ്ച് റണ്‍സോടെയും പുറത്താകാതെ നിന്നു. പിരിയാത്ത ഏഴാം വിക്കറ്റില്‍ വെറും 15 പന്തില്‍നിന്ന് സ്റ്റോയ്‌നിസ്  യാന്‍സന്‍ സഖ്യം അടിച്ചുകൂട്ടിയത് 39 റണ്‍സാണ്.

സണ്‍റൈസേഴ്‌സിനായി ഹര്‍ഷല്‍ പട്ടേല്‍ നാല് ഓവറില്‍ 42 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ഇഷാന്‍ മലിംഗ നാല് ഓവറില്‍ 45 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും സ്വന്തമാക്കി. മുഹമ്മദ് ഷമി നാല് ഓവറില്‍ 75 റണ്‍സ് വഴങ്ങിയെന്നു മാത്രമല്ല, വിക്കറ്റൊന്നും ലഭിച്ചുമില്ല. ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ബോളര്‍ എന്ന ജോഫ്ര ആര്‍ച്ചറിന്റെ റെക്കോര്‍ഡില്‍നിന്ന്, ഒറ്റ റണ്‍സിനാണ് ഷമി രക്ഷപ്പെട്ടത്. സണ്‍റൈസേഴ്‌സിനെതിരായ ഈ സീസണില്‍ രജാസ്ഥാന്‍ റോയല്‍സിനായി ആര്‍ച്ചര്‍ നാല് ഓവറില്‍ വഴങ്ങിയത് 76 റണ്‍സാണ്.

 

ipl