ഇന്‍ഡോര്‍: മെഗാ താരലേലത്തില്‍ വാങ്ങാതെ 'കണ്ണടച്ച' ഐപിഎല്‍ ടീമുകളുടെ 'മുഖമടച്ച്' കിട്ടിയ അടി ട്വന്റി20 ക്രിക്കറ്റില്‍ പുതുചരിത്രമെഴുതി തകര്‍ത്തടിച്ച് സെഞ്ചറി നേടി ഗുജറാത്ത് താരം ഉര്‍വില്‍ പട്ടേല്‍. സൗദിയിലെ ജിദ്ദയില്‍ നടന്ന ഐപിഎല്‍ താരലേലത്തില്‍ 'അണ്‍സോള്‍ഡ്' ആയിരുന്ന പട്ടേല്‍, രണ്ടു ദിവസങ്ങള്‍ക്കിപ്പുറം ട്വന്റി20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ അതിവേഗ സെഞ്ചറിയുമായി റെക്കോര്‍ഡിട്ടു. അതും, ഇതേ താരലേലത്തില്‍ 27 കോടി രൂപയുമായി ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും വിലകൂടിയ താരമായി മാറിയ ഋഷഭ് പന്തിന്റെ പേരിലുള്ള റെക്കോര്‍ഡാണ് തകര്‍ത്തത്.
ഇന്‍ഡോറിലെ എമറാള്‍ഡ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ത്രിപുരയ്‌ക്കെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തില്‍ സെഞ്ച്വറി നേടിയത് വെറും 28 പന്തിലാണ്. മത്സരത്തിലാകെ 35 പന്തുകള്‍ നേരിട്ട ഉര്‍വല്‍ പട്ടേല്‍, ഏഴു ഫോറും 12 സിക്‌സും സഹിതം 113 റണ്‍സുമായി പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ത്രിപുര നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തപ്പോള്‍, പട്ടേലിന്റെ കടന്നാക്രമണത്തിന്റെ മികവില്‍ 58 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി ഗുജറാത്ത് വിജയത്തിലെത്തി. 322.86 എന്ന കൂറ്റന്‍ സ്‌ട്രൈക്ക് റേറ്റിന്റെ കൂടി അകമ്പടിയിലാണ് പട്ടേലിന്റെ സെഞ്ചറി പ്രകടനം.