യാനിക് സിന്നര്‍ വീണു, യുഎസ് ഓപ്പണില്‍ കാര്‍ലോസ് അല്‍കാരസിന് കിരീടം

ഈ വര്‍ഷം ഇതു മൂന്നാം തവണയാണ് ഗ്രാന്‍ഡ്‌സ്‌ലാം ഫൈനലില്‍ അല്‍കാരസും സിന്നറും നേര്‍ക്കുനേര്‍ വരുന്നത്. ഒരു സിംഗിള്‍ സീസണിലെ മൂന്ന് ഗ്രാന്‍ഡ്സ്‌ലാം ഫൈനലുകളില്‍ ഒരേ പുരുഷ താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നത് ടെന്നിസ് ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ്

author-image
Biju
New Update
alkras

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ സ്പാനിഷ് താരം കാര്‍ലോസ് അല്‍കാരസിനു വിജയം. ഫൈനല്‍ പോരാട്ടത്തില്‍ നിലവിലെ ചാംപ്യനും ഒന്നാം നമ്പര്‍ താരവുമായ ഇറ്റലിയുടെ യാനിക് സിന്നറെയാണ് അല്‍കാരസ് തോല്‍പിച്ചത്. നാലു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് അല്‍കാരസ് സീസണിലെ രണ്ടാം ഗ്രാന്‍ഡ്‌സ്‌ലാം കിരീടം വിജയിച്ചത്. സ്‌കോര്‍ 2-6, 6-3, 1-6,4-6. താരത്തിന്റെ കരിയറിലെ ആറാം ഗ്രാന്‍ഡ്‌സ്‌ലാം വിജയം കൂടിയാണിത്.

മത്സരത്തിന്റെ ആദ്യ ഗെയിം മുതല്‍ തന്നെ സ്പാനിഷ് താരം അല്‍കാരസ് മേധാവിത്വം ആരംഭിച്ചിരുന്നു. ആദ്യ സെറ്റില്‍ അല്‍കാരസ് 1-3ന് മുന്നിലെത്തിയിരുന്നു. ഇടയ്ക്ക് സിന്നര്‍ 2-3 എന്ന നിലയില്‍ തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും സാധിച്ചില്ല. അല്‍കാരസ് തുടര്‍ച്ചയായി സമ്മര്‍ദം ചെലുത്തിയതോടെ ഇറ്റാലിയന്‍ താരം പതറി. 2-5ന് അല്‍കാരസ് മുന്നിലെത്തിയതോടെ സിന്നര്‍ ആദ്യ സെറ്റ് ഏറക്കുറെ കൈവിട്ട അവസ്ഥയിലായി. 39 മിനിറ്റ് നീണ്ട ആദ്യ സെറ്റ് അല്‍കാരസ് 2-6ന് സ്വന്തമാക്കി.

എന്നാല്‍ രണ്ടാം സെറ്റില്‍ കളി മാറി. തുടക്കം മുതല്‍ പോയിന്റ് സ്വന്തമാക്കിയ സിന്നര്‍ അല്‍കാരസിന് കടുത്ത വെല്ലുവിളിയുയര്‍ത്തി. 4-1ന് ലോക ഒന്നാം നമ്പര്‍ താരം സിന്നര്‍ മുന്നിലെത്തിയതോടെ, സെന്റര്‍ കോര്‍ട്ടിലെ പോരാട്ടത്തിനു ചൂടേറി. ഒടുവില്‍ രണ്ടാം സെറ്റ് 63ന് സിന്നര്‍ വിജയിച്ചു. ടൂര്‍ണമെന്റില്‍ അല്‍കാരസ് കൈവിടുന്ന ആദ്യ സെറ്റ് കൂടിയാണിത്. ആദ്യ റൗണ്ട് മുതല്‍ ഫൈനല്‍ വരെ മൂന്നു സെറ്റുകളും സ്വന്തമാക്കി മുന്നേറിക്കൊണ്ടിരുന്ന അല്‍കാരസിന് ഫൈനലില്‍ നിലവിലെ ചാംപ്യനെതിരെ രണ്ടാം സെറ്റില്‍ കാലിടറി.

മൂന്നാം സെറ്റിന്റെ തുടക്കം മുതല്‍ അല്‍കാരസിന് അനുകൂലമായിരുന്നു കാര്യങ്ങള്‍. സ്പാനിഷ് താരം 0-5ന് മുന്നിലെത്തി. ഒടുവില്‍ 1-6ന് സെറ്റ് അല്‍കാരസ് വിജയിച്ചു. മൂന്നാം സെറ്റ് പിടിച്ചെടുക്കാന്‍ സ്പാനിഷ് താരത്തിന് വെറും 29 മിനിറ്റ് മാത്രമാണു വേണ്ടിവന്നത്. സീസണിലെ രണ്ടാം ഗ്രാന്‍ഡ്‌സ്‌ലാം വിജയത്തിന് ഒരു സെറ്റ് കൂടി മതിയെന്നിരിക്കെ നാലാം സെറ്റില്‍ 0-1ന് മുന്നിലെത്താന്‍ അല്‍കാരസിനു സാധിച്ചു. എന്നാല്‍ നാലാം സെറ്റിലെ പോരാട്ടം 2-2 എന്ന നിലയിലാക്കി സിന്നറും തിരിച്ചടിച്ചു. വൈകാതെ അല്‍കാരസ് മേല്‍ക്കൈ തിരിച്ചുപിടിച്ചു. 4-6ന് നാലാം സെറ്റ് സ്വന്തമാക്കി അല്‍കാരസ്, നിലവിലെ ചാംപ്യനെ തോല്‍പിച്ച് സീസണിലെ രണ്ടാം ഗ്രാന്‍ഡ്‌സ്‌ലാം കിരീടം വിജയിച്ചു.

യുഎസ് ഓപ്പണില്‍ താരത്തിന്റെ രണ്ടാം വിജയമാണിത്. 2022 ല്‍ നോര്‍വേയുടെ കാസ്പര്‍ റൂഡിനെ തോല്‍പിച്ചാണ് കാര്‍ലോസ് അല്‍കാരസ് യുഎസ് ഓപ്പണിലെ ആദ്യ കിരീടം സ്വന്തമാക്കുന്നത്. 6-4,2-6,7-6(7-1),6-3 എന്ന സ്‌കോറിനായിരുന്നു അല്‍കാരസിന്റെ അന്നത്തെ വിജയം. 2022ല്‍ ക്വാര്‍ട്ടറില്‍ സിന്നറിനെ തോല്‍പിച്ചായിരുന്നു അല്‍കാരസിന്റെ സെമി ഫൈനല്‍ പ്രവേശം.

ഈ വര്‍ഷം ഇതു മൂന്നാം തവണയാണ് ഗ്രാന്‍ഡ്‌സ്‌ലാം ഫൈനലില്‍ അല്‍കാരസും സിന്നറും നേര്‍ക്കുനേര്‍ വരുന്നത്. ഒരു സിംഗിള്‍ സീസണിലെ മൂന്ന് ഗ്രാന്‍ഡ്സ്‌ലാം ഫൈനലുകളില്‍ ഒരേ പുരുഷ താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നത് ടെന്നിസ് ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ്. ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ അല്‍കാരസും വിമ്പിള്‍ഡനില്‍ സിന്നറും പരസ്പരം പോരാടി വിജയിച്ചു. ഫ്രഞ്ച് ഓപ്പണിലെ ഇരുവരുടേയും പോരാട്ടം അഞ്ച് മണിക്കൂര്‍ 29 മിനിറ്റാണു നീണ്ടത്. ഫ്രഞ്ച് ഓപ്പണിലെ ദൈര്‍ഘ്യമേറിയ ഫൈനലും ഇതു തന്നെ. യുഎസ് ഓപ്പണിലെ വിജയത്തോടെ സീസണില്‍ സിന്നറും അല്‍കാരസും രണ്ടു ഗ്രാന്‍ഡ്‌സ്‌ലാമുകള്‍ വീതം വിജയിച്ചു.

US Open tennis