ക്യാപ്റ്റനായി അരങ്ങേറി ചരിത്രമെഴുതി വൈഭവ്; പക്ഷേ നിരാശപ്പെടുത്തി മടങ്ങി

ഇന്ത്യാ അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ചതോടെ യൂത്ത് ഏകദിനത്തില്‍ ക്യാപ്റ്റനാവുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ താരമായിവൈഭവ് മാറി

author-image
Biju
New Update
vaibhav 2

മുംബൈ: ബാറ്റുമായി ക്രീസില്‍ ഇറങ്ങിയത് മുതല്‍ റെക്കോര്‍ഡുകള്‍ ഒരോന്നായി തകര്‍ത്തിടുകയാണ് ഇന്ത്യയുടെ പതിനാലുകാരന്‍ ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവന്‍ഷി. ഇന്ത്യാ അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ചതോടെ യൂത്ത് ഏകദിനത്തില്‍ ക്യാപ്റ്റനാവുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ താരമായിവൈഭവ് മാറി.

യൂത്ത് ഏകദിനത്തില്‍ ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടം നേരത്തെ പാക്കിസ്ഥാന്റെ അഹ്മദ് ഷെഹ്‌സാദിന്റെ പേരിലായിരുന്നു. പാക്കിസ്ഥാന്‍ യൂത്ത് ടീമിനായി 19ാമത്തെ വയസിലാണ് ഷെഹ്‌സാദ് അരങ്ങേറിയത്. ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമിനെതിരെയാണ് ഇന്ത്യ അണ്ടര്‍ 19 ടീമിനെ യൂത്ത് ഏകദിനത്തില്‍ വൈഭവ് നയിച്ചത്. 

ആയുഷ് മാത്രേയാണ് ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റന്‍. എന്നാല്‍ ആയുഷിന് പരുക്കിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര നഷ്ടമായി. വൈസ് ക്യാപ്റ്റനായ വിഹാന്‍ മല്‍ഹോത്രയ്ക്കും പരിക്കിനെ തുടര്‍ന്ന് കളിക്കാനായില്ല. അണ്ടര്‍ 19 ലോകകപ്പില്‍ ആയുഷ് മാത്രേയാവും ഇന്ത്യയെ നയിക്കുക. 

ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തില്‍ വൈഭവിന് ബാറ്റിങ്ങില്‍ തിളങ്ങാനായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ വൈഭവിനേയും ആരോണ്‍ ജോര്‍ജിനേയും തുടക്കത്തില്‍ തന്നെ നഷ്ടമായി. വൈഭവ് 12 പന്തില്‍ നിന്ന് 11 റണ്‍സിനും ആരോണ്‍ അഞ്ച് റണ്‍സിനുമാണ് മടങ്ങിയത്.

തുടക്കം മോശമായെങ്കിലും സ്‌കോര്‍ 300ലേക്ക് എത്തിക്കാന്‍ ഇന്ത്യ യുത്ത് ടീമിനായി.  അണ്ടര്‍ 19 ലോകകപ്പ് ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത് എന്നതിനാല്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പ്രകടനം നിര്‍ണായകമാണ്. ജനുവരി 15ന് ആണ് അണ്ടര്‍ 19 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. യുഎസ്എയാണ് എതിരാളികള്‍.