ബംഗ്ലദേശിനെ അടിച്ചുപറത്തി; പാക്കിസ്ഥാന്‍ താരത്തെയും പിന്തള്ളി വൈഭവ് ഒന്നാമത്

പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള പാക്കിസ്ഥാന്റെ മാസ് സദാകത്തിന് 212 റണ്‍സുണ്ട്. ബംഗ്ലദേശ് താരം ഹബിബുര്‍ റഹ്‌മാന്‍ സോഹന്‍ 202 റണ്‍സുമായി മൂന്നാമതും തുടരുന്നു

author-image
Biju
New Update
VAIBHAV

ദോഹ:റൈസിങ് സ്റ്റാര്‍സ് ഏഷ്യാകപ്പ് സെമി ഫൈനലിലും തകര്‍പ്പന്‍ ബാറ്റിങ് പ്രകടനവുമായി ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവംശി. ബംഗ്ലദേശിനെതിരായ മത്സരത്തില്‍ 15 പന്തുകള്‍ നേരിട്ട വൈഭവ് 38 റണ്‍സടിച്ചാണു പുറത്തായത്. ഇതോടെ ഏഷ്യാകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ വൈഭവ് ഒന്നാമതെത്തി. 234 റണ്‍സാണ് ടൂര്‍ണമെന്റില്‍ വൈഭവ് ഇതുവരെ അടിച്ചുകൂട്ടിയത്.

പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള പാക്കിസ്ഥാന്റെ മാസ് സദാകത്തിന് 212 റണ്‍സുണ്ട്. ബംഗ്ലദേശ് താരം ഹബിബുര്‍ റഹ്‌മാന്‍ സോഹന്‍ 202 റണ്‍സുമായി മൂന്നാമതും തുടരുന്നു. മറുപടി ബാറ്റിങ്ങില്‍ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ബംഗ്ലദേശിന്റെ റിപോണ്‍ മൊണ്ഡലിനെ ഡീപ് മിഡ്‌വിക്കറ്റിലൂടെ സിക്‌സര്‍ പറത്തിയാണ് വൈഭവ് റണ്‍വേട്ടയ്ക്കു തുടക്കമിട്ടത്. മൂന്നാം പന്തും ഇതേ രീതിയില്‍ താരം സിക്‌സര്‍ പറത്തി.

നാലു സിക്‌സും രണ്ടു ഫോറുകളും അടിച്ച താരത്തെ അബ്ദുല്‍ ഗാഫറിന്റെ പന്തില്‍ ജിഷന്‍ ആലം ക്യാച്ചെടുത്താണു പുറത്താക്കുന്നത്. വൈഭവിന്റെ ബാറ്റിങ് കരുത്തില്‍ പവര്‍പ്ലേ ഓവറുകളില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. യുഎഇയ്‌ക്കെതിരായ മത്സരത്തില്‍ വൈഭവ് സെഞ്ചറി (144) തികച്ചിരുന്നു.

ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് ആറു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണു നേടിയത്. അര്‍ധ സെഞ്ചറി നേടിയ ഓപ്പണര്‍ ഹബിബുര്‍ റഹ്‌മാനാണ് ബംഗ്ലദേശിന്റെ ടോപ് സ്‌കോറര്‍. 18 പന്തുകള്‍ നേരിട്ട മെഹറോബ് 48 റണ്‍സടിച്ചു പുറത്താകാതെനിന്നു. 14 പന്തില്‍ 26 റണ്‍സടിച്ച ജിഷന്‍ ആലവും ബംഗ്ലദേശിനായി തിളങ്ങി.