അതിവേഗ സെഞ്ചുറിയുമായി വൈഭവ് സൂര്യവന്‍ഷി; ഓസീസിനെതിരെ യൂത്ത് ടെസ്റ്റില്‍ ഇന്ത്യക്ക് ലീഡ്

ഓസീസിന് ഹെയ്ഡന്‍ ഷില്ലര്‍, വില്‍ മലജ്സുക് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. പിന്നാലെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഓസീസ് രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ എട്ട് നിലയിലാണ്.

author-image
Biju
New Update
vaib

ബ്രിസ്ബേന്‍: അണ്ടര്‍ 19 യൂത്ത് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 185 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 243നെതിരെ ഇന്ത്യ 428ന് പുറത്താവുകയായിരുന്നു. വേദാന്ദ് ത്രിവേദി (140), വൈഭവ് സൂര്യവന്‍ഷി (86 പന്തില്‍ 113) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചത്. 

ഓസീസിന് ഹെയ്ഡന്‍ ഷില്ലര്‍, വില്‍ മലജ്സുക് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. പിന്നാലെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഓസീസ് രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ എട്ട് നിലയിലാണ്. അലക്സ് ലീ യംഗിന്റെ (0) വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. ദീപേഷ് രവീന്ദ്രനാണ് വിക്കറ്റ്. അലക്സ് ടര്‍ണര്‍ (6), സ്റ്റീവന്‍ ഹോഗന്‍ (1) എന്നിവരാണ് ക്രീസില്‍.

നേരത്തെ, ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ടി20 ശൈലിയില്‍ ബാറ്റ് വീശിയ സൂര്യവന്‍ഷി - ആയുഷ് മാത്രെ (21) സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ 47 റണ്‍സ് ചേര്‍ത്തു. മാത്രയെ പുരത്താക്കി ഷില്ലറാണ് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കുന്നത്. 

തുടര്‍ന്ന് ക്രീസിലെത്തിയ വിഹാന്‍ മല്‍ഹോത്രയ്ക്ക് (6) തിളങ്ങാനായില്ല. എന്നാല്‍ ത്രിവേദിയെ കൂട്ടുപിടിച്ച് സൂര്യവന്‍ഷി ഒരറ്റത്ത് ആക്രമണം നടത്തി. ഇരുവരും 153 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 33-ാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. സൂര്യവന്‍ഷി ഷില്ലറുടെ പന്തില്‍ പുറത്തായി. എട്ട് സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സൂര്യുവന്‍ഷിയുടെ ഇന്നിംഗ്സ്.

തുടര്‍ന്നെത്തിയ അഭിഗ്യാന്‍ കുണ്ടു (26), രാഹുല്‍ കുമാര്‍ (23), ആര്‍ എസ് ആംബ്രിഷ് (7) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതിനിടെ ത്രിവേദിയും മടങ്ങി. 192 പന്തുകള്‍ നേരിട്ട താരം 19 ബൗണ്ടറികള്‍ നേടി. വാലറ്റത്ത് ഖിലന്‍ പട്ടേല്‍ കൂട്ടിചേര്‍ത്ത 49 റണ്‍സാണ് സ്‌കോര്‍ 400 കടത്തിയത്. അന്‍മോല്‍ജീത് സിംഗ് (1), കിഷന്‍ കുമാര്‍ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ദീപേഷ് രവീന്ദ്രന്‍ (11) പുറത്താവാതെ നിന്നു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയയെ തകര്‍ത്തത് ദീപേഷിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ്. 16.2 ഓവറില്‍ 45 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ദീപേഷ് അഞ്ച് പേരെ പുറത്താക്കിയത്. കിഷന്‍ കുമാറിന് മൂന്ന് വിക്കറ്റുണ്ട്. 

92 റണ്‍സ് നേടിയ സ്റ്റീവന്‍ ഹോഗന്‍ മാത്രമാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. സെഡ് ഹോളിക്ക് 38 റണ്‍സെടുത്തു. അലക്സ് ലീ യംഗ് (18), വില്‍ മലജ്സുക് (21), സിമോണ്‍ ബഡ്ജ് (15), ജോണ്‍ ജെയിംസ് (13), ഷില്ലര്‍ (പുറത്താവാതെ 10) എനനിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.