/kalakaumudi/media/media_files/2025/02/09/HBEmsWGdNjN8H2sauuZP.jpg)
varun chakravarthy Photograph: (varun chakravarthy)
ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി സ്പിന്നർ വരുൺ ചക്രവർത്തി അരങ്ങേറ്റം കുറിച്ചിരുന്നു. തന്റെ ആദ്യ ഏകദിന മത്സരത്തിൽ തന്നെ ഒരു തകർപ്പൻ റെക്കോർഡാണ് വരുൺ ചക്രവർത്തി സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ നേടിയ വിക്കറ്റിന് പിന്നാലെയാണ് ചക്രവർത്തിയുടെ നേട്ടം. ഇംഗ്ലണ്ട് ഓപ്പണർ ഫിൽ സാൾട്ടിനെ പുറത്താക്കിയാണ് വരുൺ ചക്രവർത്തി തന്റെ ആദ്യ ഏകദിന വിക്കറ്റ് സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യക്കായി ഏകദിനത്തിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി മാറാനും വരുണിന് സാധിച്ചു. 33 വയസ്സും 164 ദിവസവും പ്രായമുള്ളപ്പോഴാണ് വരുൺ ഈ നേട്ടം സ്വന്തമാക്കിയത്. ഇതിനുമുമ്പ് ഏകദിനത്തിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ വിക്കറ്റ് നേടിയ ഏറ്റവും പ്രായം കൂടിയ താരം എന്ന ഈ നേട്ടം ദിലീപ് ജോഷിയുടെ പേരിലായിരുന്നു ഉണ്ടായിരുന്നത്. 32 വയസ്സും 350 ദിവസവും പ്രായമുള്ളപ്പോൾ ആയിരുന്നു ദിലീപ് ജോഷി ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. കുൽദീപ് യാദവിന് പകരക്കാരനായിട്ടാണ് വരുൺ ചക്രവർത്തി ഇന്ത്യൻ ടീമിൽ ഇടം നേടിയത്. യശസ്വി ജയ്‌സ്വാളിന് പകരം വിരാട് കോഹ്‌ലിയും ടീമിൽ തിരിച്ചെത്തി. ഇന്ത്യക്കായി കളത്തിൽ ഇറങ്ങിയതോടെ ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമായി മാറാനും വരുണിന് സാധിച്ചിരുന്നു. 1974ൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച അജിത് വഡേക്കറിനെ മറികടന്നാണ് വരുൺ ഈ നേട്ടം സ്വന്തമാക്കിയത്. 36ാം വയസിൽ ഇന്ത്യക്കായി ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച ഫാറൂഖ് എഞ്ചിനീയർ ആണ് ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത്.