വെങ്കടേഷ് പ്രസാദ് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്

മുന്‍ ഇന്ത്യന്‍ താരങ്ങളായിരുന്ന അനില്‍ കുംബ്ലെ, ജവഗല്‍ ശ്രീനാഥ് എന്നിവരുടെ പിന്തുണ വെങ്കടേഷ് പ്രസാദിനുണ്ടായിരുന്നു. നവംബബര്‍ 30നാണ് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

author-image
Biju
New Update
venki

ബെംഗളൂരു: മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കടേഷ് പ്രസാദ് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാവും. പ്രസാദിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കെ. എന്‍.ശാന്തകുമാറിന്റെ പത്രിക തള്ളിയതിനെ തുടര്‍ന്നാണ് ത്തെരഞ്ഞെടുപ്പിന് മുമ്പേ 56കാരനായ വെങ്കടേഷ് പ്രസാദ് വിജയമുറപ്പിച്ചത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ശാന്തകുമാറിന്റെ നോമിനേഷന്‍ തള്ളിയത്.

ബ്രിജേഷ് പട്ടേല്‍ വിഭാഗം സ്ഥാനാര്‍ത്ഥിയായിരുന്നു ശാന്തകുമാര്‍. മുന്‍ ഇന്ത്യന്‍ താരങ്ങളായിരുന്ന അനില്‍ കുംബ്ലെ, ജവഗല്‍ ശ്രീനാഥ് എന്നിവരുടെ പിന്തുണ വെങ്കടേഷ് പ്രസാദിനുണ്ടായിരുന്നു. നവംബബര്‍ 30നാണ് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

വെങ്കടേഷ് പ്രസാദിന്റെ ടീമില്‍ മുന്‍ ഇന്ത്യന്‍ താരം സുജിത് സോമസുന്ദറാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. വിനയ് മൃത്യുഞ്ജയ സെക്രട്ടറി സ്ഥാനത്തേക്കും എ വി ശശിധര്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും ബി എന്‍ മധുകര്‍ ട്രഷറര്‍ സ്ഥാനത്തേക്കും മത്സരിക്കുന്നുണ്ട്. മറ്റ് സ്ഥാന അസോസിയേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ 7ന് നടക്കും.

ബെഗംളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ പ്രതാപം തിരിച്ചുപിടിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് നോമിനേഷന്‍ കൊടുത്തശേഷം പ്രസാദ് പറഞ്ഞിരുന്നു. ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ വനിതാ ക്രിക്കറ്റ് അക്കാദമി ആരംഭിക്കുമെന്നും പ്രസാദ് പറഞ്ഞിരുന്നു. നേരത്തെ 2010-2014 കാലഘട്ടത്തില്‍ കുംബ്ലെയും ശ്രീനാഥും യഥാക്രമം പ്രസിഡന്റും സെക്രട്ടറിയുമായിരുന്നപ്പോള്‍ പ്രസാദും സുജിത് സോമസുന്ദറും ഭാരവാഹിത്വത്തിലുണ്ടായിരുന്നു. വെങ്കിടേഷ് പ്രസാദ് വൈസ് പ്രസിഡന്റായും സുജിത് സോമസുന്ദര്‍ മാനേജിംഗ് കമ്മിറ്റിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ത്യക്കായി 33 ടെസ്റ്റുകളില്‍ പന്തെറിഞ്ഞിട്ടുള്ള പ്രസാദ് 96 വിക്കറ്റും 161 ഏകദിനങ്ങളില്‍ നിന്ന് 196 വിക്കറ്റും സ്വന്തമാക്കി. കര്‍ണാടകക്കായി 121 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 361 വിക്കറ്റും നേടിയിട്ടുണ്ട്. ഇന്ത്യന്‍ ടീം ചീഫ് സെലക്ടറാവാനും പ്രസാദ് നേരത്തെ അപേക്ഷിച്ചിരുന്നു.