ഹോങ്കോങ്ങില്‍ സ്പര്‍സിനെതിരെ ഗ്യോക്കറസ് അരങ്ങേറ്റം കുറിച്ചേക്കും

ഏഷ്യന്‍ പര്യടനത്തില്‍ ചേര്‍ന്നതിന് ശേഷം ഗ്യോക്കറസ് രണ്ട് ചെറിയ പരിശീലIന സെഷനുകളില്‍ മാത്രമാണ് പങ്കെടുത്തതെന്ന് അര്‍ട്ടേറ്റ സമ്മതിച്ചു.

author-image
Jayakrishnan R
New Update
VICTOR

ലണ്ടന്‍: ആഴ്‌സണല്‍  റെക്കോര്‍ഡ് തുക നല്‍കി സ്വന്തമാക്കിയ വിക്ടര്‍ ഗ്യോക്കറസ്, നോര്‍ത്ത് ലണ്ടന്‍ ഡര്‍ബിയില്‍ ടോട്ടന്‍ഹാമിനെതിരെ ഹോങ്കോങ്ങില്‍ അരങ്ങേറ്റം കുറിക്കാന്‍ സാധ്യത.
സ്‌പോര്‍ട്ടിംഗ് ലിസ്ബണില്‍ നിന്ന് 67 ദശലക്ഷം ഡോളറിന് (അധിക ആനുകൂല്യങ്ങളോടെ 89 ദശലക്ഷം ഡോളര്‍ വരെ ഉയരാം) ഗണ്ണേഴ്‌സ് സ്വന്തമാക്കിയ 27 വയസ്സുകാരനായ സ്വീഡിഷ് സ്‌ട്രൈക്കര്‍ക്ക് അര്‍ട്ടേറ്റയുടെ ടീമിനൊപ്പം പരിശീലിക്കാന്‍ അധികം സമയം ലഭിച്ചിട്ടില്ല. എന്നിരുന്നാലും, വ്യാഴാഴ്ച കൈ ടാക് സ്റ്റേഡിയത്തില്‍ 50,000 കാണികള്‍ക്ക് മുന്നില്‍ അദ്ദേഹത്തെ കളത്തിലിറക്കാന്‍ സാധ്യതയുണ്ട്.

ഏഷ്യന്‍ പര്യടനത്തില്‍ ചേര്‍ന്നതിന് ശേഷം ഗ്യോക്കറസ് രണ്ട് ചെറിയ പരിശീലIന സെഷനുകളില്‍ മാത്രമാണ് പങ്കെടുത്തതെന്ന് അര്‍ട്ടേറ്റ സമ്മതിച്ചു. ''ഞങ്ങള്‍ ഇന്ന് രാത്രി വിലയിരുത്തും... അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ മെഡിക്കല്‍ സ്റ്റാഫ് തൃപ്തരാണെങ്കില്‍, അതൊരു സാധ്യതയാണ്,'' അര്‍ട്ടേറ്റ പറഞ്ഞു.

പോര്‍ച്ചുഗലില്‍ മികച്ച സീസണിന് ശേഷമാണ് ഗ്യോക്കറസ് ആഴ്‌സണലിലേക്ക് എത്തുന്നത്. അവിടെ 39 ഗോളുകള്‍ നേടുകയും സ്‌പോര്‍ട്ടിംഗിനെ കിരീടത്തിലേക്ക് നയിക്കുകയും ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ഹാട്രിക് നേടുകയും ചെയ്തു. ഈ പ്രകടനങ്ങളാണ് ആഴ്‌സണല്‍ അദ്ദേഹത്തിന് തിയറി ഹെന്റിയുടെ ഐക്കോണിക് നമ്പര്‍ 14 ജേഴ്‌സി നല്‍കാന്‍ കാരണം.

sports football