/kalakaumudi/media/media_files/2025/12/21/rohan-2-2025-12-21-09-44-20.jpg)
തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള 19 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. ഓപ്പണര്‍ രോഹന്‍ കുന്നുമ്മലാണ് ടീമിനെ നയിക്കുന്നത്. സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ടീമിലുണ്ടെങ്കിലും എല്ലാ മത്സരങ്ങളിലും അദ്ദേഹം കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സഞ്ജുവിന് പുറമെ വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീന്‍, സല്‍മാന്‍ നിസാര്‍, നിധീഷ് എം.ഡി തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങളും കെ.സി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച യുവതാരങ്ങളും ടീമിലിടം പിടിച്ചിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ താരം അമയ് ഖുറേസിയയാണ് ടീമിന്റെ പരിശീലകന്‍.
അഹമ്മദാബാദില്‍ ഡിസംബര്‍ 24 മുതല്‍ ജനുവരി 8 വരെയാണ് കേരളത്തിന്റെ മത്സരങ്ങള്‍ നടക്കുന്നത്. ശക്തരായ ടീമുകള്‍ ഉള്‍പ്പെടുന്ന എ ഗ്രൂപ്പിലാണ് കേരളം മത്സരിക്കുന്നത്. ഡിസംബര്‍ 24-ന് ത്രിപുരയുമായാണ് കേരളത്തിന്റെ ആദ്യ പോരാട്ടം. തുടര്‍ന്ന് കര്‍ണ്ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, പുതുച്ചേരി, തമിഴ്നാട് എന്നീ ടീമുകളെ കേരളം നേരിടും. അടുത്ത മാസം 21-ന് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര ആരംഭിക്കാനിരിക്കെ, സഞ്ജു സാംസണ് ഈ ടൂര്‍ണമെന്റ് മികച്ചൊരു പരിശീലന വേദിയാകുമെന്നാണ് കരുതപ്പെടുന്നത്.
രോഹന്‍ കുന്നുമ്മല്‍ നയിക്കുന്ന ടീമില്‍ ബാബ അപരാജിത്, ആസിഫ് കെ.എം, ബേസില്‍ തമ്പിക്ക് പകരം ശ്രദ്ധേയനായ ഏദന്‍ ആപ്പിള്‍ ടോം തുടങ്ങിയവരും ഉള്‍പ്പെടുന്നു. വിക്കറ്റ് കീപ്പര്‍മാരായി വിഷ്ണു വിനോദും മുഹമ്മദ് അസ്ഹറുദ്ദീനുമുണ്ട്. അഹമ്മദ് ഇമ്രാന്‍, അഭിഷേക് നായര്‍, കൃഷ്ണ പ്രസാദ്, അഖില്‍ സ്‌കറിയ, അഭിജിത്ത് പ്രവീണ്‍ വി, ബിജു നാരായണന്‍, അങ്കിത് ശര്‍മ, വിഘ്നേഷ് പുത്തൂര്‍, നിധീഷ് എം ഡി, ഷറഫുദ്ദീന്‍ എന്‍ എം എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ലാത്തതിനാല്‍ വിജയ് ഹസാരെയിലെ പ്രകടനം അദ്ദേഹത്തിന് നിര്‍ണ്ണായകമാകും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
