വിജയ് മെര്‍ച്ചന്റ് ട്രോഫി: കേരളത്തിന് കൂറ്റന്‍ തോല്‍വി

190 റണ്‍സിനാണ് മധ്യപ്രദേശ് കേരളത്തെ തകര്‍ത്തത്. മധ്യപ്രദേശ് മുന്നോട്ടുവച്ച 254 റണ്‍സ് വിജലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കേരളം രണ്ടാം ഇന്നിംഗ്‌സില്‍ വെറും 63 റണ്‍സിന് ഓള്‍ഔട്ടായി.

author-image
Prana
New Update
vijay marchant

പതിനാറ് വയസില്‍ താഴെയുള്ളവര്‍ക്കായുള്ള വിജയ് മെര്‍ച്ചന്റ് ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന് കൂറ്റന്‍ തോല്‍വി. 190 റണ്‍സിനാണ് മധ്യപ്രദേശ് കേരളത്തെ തകര്‍ത്തത്. മധ്യപ്രദേശ് മുന്നോട്ടുവച്ച 254 റണ്‍സ് വിജലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കേരളം രണ്ടാം ഇന്നിംഗ്‌സില്‍ വെറും 63 റണ്‍സിന് ഓള്‍ഔട്ടായി. സ്‌കോര്‍: മധ്യപ്രദേശ് 151, രണ്ടിന് 232, കേരളം 121, 63.
രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടുകയും രണ്ട് ഇന്നിങ്‌സുകളിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുകയും ചെയ്ത ക്യാപ്റ്റന്‍ യഷ് വര്‍ധന്‍ സിങ് ചൗഹാന്റെ ഓള്‍ റൗണ്ട് മികവാണ് മധ്യപ്രദേശ് വമ്പന്‍ജയം നേടിയത്. രണ്ട് വിക്കറ്റിന് 144 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് തുടര്‍ന്ന മധ്യപ്രദേശിന് ക്യാപ്റ്റന്‍ യഷ് വര്‍ധന്‍ സിങ് ചൗഹാന്റെയും കനിഷ്‌ക് ഗൌതമിന്റെയും ഇന്നിങ്‌സുകളാണ് കരുത്തായത്. യഷ് വര്‍ധന്‍ 118 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ കനിഷ്‌ക് 59 റണ്‍സെടുത്തു. 141 പന്തില്‍ എട്ട് ഫോറും മൂന്നും സിക്‌സും അടങ്ങുന്നതായിരുന്നു യഷ് വര്‍ധന്റെ ഇന്നിങ്‌സ്. സ്‌കോര്‍ രണ്ട് വിക്കറ്റിന് 223 റണ്‍സെന്ന നിലയില്‍ നില്‍ക്കെ മധ്യപ്രദേശ് രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.
തുടര്‍ന്ന് 254 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കേരളത്തിന്റേത് അവിശ്വസനീയമായ ബാറ്റിങ് തകര്‍ച്ചയായിരുന്നു. 21 റണ്‍സെടുത്ത നെവിന്‍ മാത്രമാണ് കേരള ബാറ്റിംഗ് നിരയില്‍ പിടിച്ചുനിന്നത്. മറ്റാര്‍ക്കും രണ്ടക്കം പോലും കടക്കാനായില്ല.  63 റണ്‍സിന് കേരളം ഓള്‍ഔട്ടായി. മധ്യപ്രദേശിന് വേണ്ടി യഷ് വര്‍ധന്‍ സിങ് ചൌഹാന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അഞ്‌ജേഷ് പാല്‍ നാലും രാഹുല്‍ ഗാങ്വാര്‍ ഒരു വിക്കറ്റും വീഴ്ത്തി.

Madhya Pradesh kerala vijay merchant trophy