ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ബാല്യകാല പരിശീലകനാണ് രമാകാന്ദ് അച്രേക്കര്‍. ക്രിക്കറ്റ് താരങ്ങളായ വിനോദ് കാംബ്ലി, രമേഷ് പവാര്‍, സഞ്ജയ് പങ്കര്‍, പരാസ് ആംരെ എന്നിവരും അച്രേക്കറുടെ ശിഷ്യന്മാരായിരുന്നു. 2019-ല്‍ അദ്ദേഹം അന്തരിച്ചു. മുംബൈയില്‍ രമാകാന്ദ് അച്രേക്കറുടെ അനുസ്മരണം കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. സച്ചിന്‍, കാംബ്ലി, സഞ്ജയ് പങ്കര്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
ബാല്യകാല സുഹൃത്തുക്കളായ സച്ചിന്‍-കാംബ്ലി കൂടിക്കാഴ്ചയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വേദിയില്‍ ഇരിക്കുകയായിരുന്നു കാംബ്ലി. വേദിയിലെത്തിയ സച്ചിന്‍ നേരെ സുഹൃത്തിന്റെ അരികിലേക്കാണ് നടന്നത്. ടെണ്ടുല്‍ക്കര്‍, കാംബ്ലിയുടെ കൈപിടിച്ച് സംസാരിക്കാന്‍ തുടങ്ങി. കാംബ്ലിയും ഏറെ ആവേശത്തോടെയാണ് ബാല്യകാല സുഹൃത്തിനോട് സംസാരിച്ചത്. സച്ചിന്റെ കൈവിടാതെ കാംബ്ലി വൈകാരികമായി സംസാരിച്ചുകൊണ്ടേയിരുന്നു. സംഘാടകന്‍ ആവശ്യപ്പെട്ടിട്ടും കാംബ്ലി സച്ചിന്റെ കൈയില്‍ മുറുകെ പിടിച്ചുസംസാരിച്ചു. ചടങ്ങില്‍ അച്രേക്കറിന് വേണ്ടി പാട്ടുപാടിയും കാംബ്ലി അത്ഭുതപ്പെടുത്തി.
സച്ചിനെയും കാംബ്ലിയെയും താരതമ്യപ്പെടുത്തിയും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഒരാള്‍ ഉയര്‍ച്ചയുടെ കൊടുമുടി കയറി. രണ്ടാമന്‍ തകര്‍ച്ചയുടെ പടുകുഴിയിലും. സച്ചിനും കാംബ്ലിയും സംസാരിക്കുമ്പോള്‍ കണ്ണുകള്‍ ഈറനണിയുന്നു എന്ന കമന്റുകളും വരുന്നുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, എഴുന്നേറ്റ് നില്‍ക്കാന്‍ മറ്റൊരാളുടെ സഹായം തേടുന്ന വിനോദ് കാംബ്ലിയുടെ വീഡിയോ പുറത്തുവന്നിരുന്നു. ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം ഇതിഹാസ തുല്യമായ തുടക്കം ലഭിച്ച കാംബ്ലിയുടെ അവസ്ഥ ഹൃദയഭേദകമായിരുന്നു.
സ്‌കൂള്‍ പഠനകാലത്ത് സച്ചിന്‍-വിനോദ് കാംബ്ലി കൂട്ടുകെട്ട് നേടിയ 664 റണ്‍സ് ഇരുവരുടെയും ജീവിതത്തില്‍ വലിയ വഴിത്തിരിവായി. പിന്നാലെ രഞ്ജി ട്രോഫി പരമ്പരയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടി ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചു. തുടര്‍ന്ന് വിനോദ് കാംബ്ലിയും ഇന്ത്യന്‍ ടീമിലെത്തി.സച്ചിന്‍ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി തികയ്ക്കാന്‍ കുറച്ച് വര്‍ഷമെടുത്തപ്പോള്‍, വിനോദ് കാംബ്ലി തന്റെ രണ്ടാം ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടി ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചു. ആദ്യ 7 ടെസ്റ്റ് മത്സരങ്ങളില്‍ രണ്ട് ഇരട്ട സെഞ്ച്വറികള്‍ ഉള്‍പ്പെടെ നിരവധി സെഞ്ചുറികള്‍ അദ്ദേഹം നേടിയിട്ടുണ്ട്. എന്നാല്‍ പിന്നീടുള്ള 10 ഇന്നിങ്‌സുകളില്‍ ഒരു അര്‍ധ സെഞ്ചുറി പോലും വിനോദ് കാംബ്ലിക്ക് നേടാനായില്ല. ഒടുവില്‍ 17 ടെസ്റ്റുകളിലും 104 ഏകദിനങ്ങളിലും അദ്ദേഹത്തിന്റെ ക്രിക്കറ്റ് ജീവിതം അവസാനിച്ചു.
പിന്നീട് 2000-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയും നിരവധി വിവാദങ്ങളില്‍ അകപ്പെടുകയും ചെയ്തു. സച്ചിന്‍ ടെണ്ടുല്‍ക്കറിനേക്കാള്‍ കഴിവുള്ളവള്ളയാള്‍ എന്നു കാംബ്ലിയെ കുറിച്ച് പറയുമ്പോഴും, പണവും പ്രശസ്തിയും അദ്ദേഹത്തിനെ വഴിതെറ്റിച്ചെന്നാണ് വിമര്‍ശകര്‍ പറയുന്നത്.കഴിവു മാത്രമല്ല ഒരാളെ കരിയറിലും ജീവിതത്തിലും വിജയിപ്പിക്കുന്നത്. വളരെ പ്രധാനപ്പെട്ട മറ്റൊരു ഘടകം കൂടി ഇതിനു പിന്നിലുണ്ട്. അതാണ് ഭാഗ്യം. ക്രിക്കറ്റ് ബോര്‍ഡിന്റെ പിന്തുണയുടെ കാര്യത്തിലും സച്ചിന് കാംബ്ലിയേക്കാള്‍ ഭാഗ്യമുണ്ടായിരുന്നു.
സച്ചിന്റെ 79-ാം മത്സരത്തിലാണ് തന്റെ ആദ്യ ഏകദിന സെഞ്ച്വറി നേടിയത്. മറ്റൊരു അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനും തന്റെ ആദ്യ സെഞ്ച്വറി നേടുന്നതിന് മുമ്പ് ഇത്രയധികം അവസരങ്ങള്‍ ലഭിക്കില്ല. അക്കാര്യത്തില്‍, സച്ചിന്‍ തീര്‍ച്ചയായും വളരെ ഭാഗ്യവാനായിരുന്നു.മറുവശത്ത്, വെസ്റ്റ് ഇന്‍ഡീസിനും ന്യൂസിലന്‍ഡിനുമെതിരായ രണ്ട് പരമ്പരകളില്‍ പരാജയപ്പെട്ടപ്പോള്‍ കാംബ്ലിയെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കി. ഒരുപക്ഷേ അദ്ദേഹത്തിന്റെ ഫീല്‍ഡിന് പുറത്തുള്ള പെരുമാറ്റമാവാം അദ്ദേഹത്തെ പുറത്താക്കാന്‍ കാരണം. ഒരുപക്ഷേ, ബിസിസിഐയിൽ നിന്ന് അൽപ്പം കൂടി അനുകമ്പ ഉണ്ടായിരുന്നെങ്കിൽ , ബ്രയാൻ ലാറയെപ്പോലെ ഒരു ബാറ്റ്സ്മാനെ വിനോദ് കാംബ്ലിയിലൂടെ നമുക്ക് കിട്ടുമായിരുന്നു.