/kalakaumudi/media/media_files/2025/01/28/UUYEpRKHtK95lm0iaT5T.jpg)
Vinod Kambly and Andriya
മുംബൈ: മദ്യപാനശീലവുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി നിരവധി തവണ വാര്‍ത്തകളില്‍ ഇടംനേടിയിട്ടുണ്ട്. ഭര്‍ത്താവിന്റെ മദ്യപാനവുമായി ബന്ധപ്പെട്ട് തങ്ങളുടെ ജീവിതത്തിലുണ്ടായ വിള്ളല്‍ ആദ്യമായി തുറന്ന് പറഞ്ഞിരിക്കുകയാണ് കാംബ്ലിയുടെ രണ്ടാം ഭാര്യ ആന്‍ഡ്രിയ ഹെവിറ്റ്. വിവാഹമോചനത്തിലേക്ക് നീങ്ങിയതും അതില്‍നിന്ന് പിന്തിരിപ്പിച്ച സാഹചര്യവുമാണ് ആന്‍ഡ്രിയ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് മുന്‍ മോഡല്‍കൂടിയായ ആന്‍ഡ്രിയ ഇക്കാര്യം പറഞ്ഞത്.
16 വയസുള്ളപ്പോള്‍ സച്ചിനൊപ്പം ഹാരിസ് ഷീല്‍ഡ് ട്രോഫിയില്‍ 664 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ കാംബ്ലിയുടെ ക്രിക്കറ്റ് കരിയര്‍ മദ്യപാനംമൂലമാണ് നശിച്ചത്. കരിയര്‍ പോലെത്തന്നെ സ്വകാര്യ ജീവിതത്തിലും കാംബ്ലിക്ക് മോശം അവസ്ഥകളിലൂടെ കടന്നുപോകേണ്ടി വന്നു. പുണെയിലെ ഹോട്ടല്‍ ബ്ലൂ ഡയമണ്ടിലെ റിസപ്ഷനിസ്റ്റായിരുന്ന നോയല്ല ലൂയിസാണ് കാംബ്ലിയുടെ ആദ്യഭാര്യ. മദ്യപാനവും പരസ്ത്രീ ബന്ധവും ഇവരുടെ ജീവിതത്തില്‍ വിള്ളല്‍വീഴ്ത്തി. പിന്നീടാണ് ഫാഷന്‍ മോഡലായ ആന്‍ഡ്രിയ ഹെവിറ്റുമായി പ്രണയത്തിലാകുന്നതും വിവാഹിതരാകുന്നതും.
അടുത്തിടെ കാംബ്ലിയുടെ ആശുപത്രിവാസവും അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ചും ഏറെ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിനിടെയാണ് ഫ്രീലാന്‍സ് ജേണലിസ്റ്റായ സൂര്യന്‍ഷി പാണ്ഡെയുമായുള്ള പോഡ്കാസ്റ്റ് ഷോയില്‍ മദ്യപാനംമൂലം ആന്‍ഡ്രിയ കാംബ്ലിയെ വിട്ടുപോകാന്‍ ആലോചിച്ചകാര്യവും വിവാഹമോചനത്തിന് അപേക്ഷിച്ച കാര്യവും തുറന്നുപറഞ്ഞിരിക്കുന്നത്. കാംബ്ലിയുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയാണ് ഇതില്‍നിന്നെല്ലാം പിന്മാറിയതെന്നും ആന്‍ഡ്രിയ വെളിപ്പെടുത്തി.
'ഒരിക്കല്‍ വേര്‍പിരിയലിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചു. പക്ഷേ അവനെ ഉപേക്ഷിച്ചാല്‍ അവന്‍ നിസ്സഹായനാകുമെന്ന് ഞാന്‍ മനസ്സിലാക്കി. അവനൊരു കുട്ടിയെപ്പോലെയാണ്, അതെന്നെ വേദനിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്നു. ഒരു സുഹൃത്തിനെപോലും ഉപേക്ഷിക്കാന്‍ കഴിയുന്ന ആളല്ല ഞാന്‍. അതിനേക്കാളും എത്രയോ അപ്പുറമാണ് എനിക്കവന്‍. പിന്നിട്ടുപോയ നിമിഷങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു. അവന്‍ ഭക്ഷണംകഴിച്ചോ ഇല്ലയോ ശരിയായി കിടക്കുന്നുണ്ടോ സുഖമാണോ എന്നതെല്ലാം എന്നെ അലട്ടിക്കൊണ്ടിരിക്കും. എന്നെ അവന് ആവശ്യമാണെന്ന് ഞാന്‍ മനസ്സിലാക്കും' ആന്‍ഡ്രിയ പറഞ്ഞു.
2023-ലാണ് ആന്‍ഡ്രിയ വിവാഹമോചനത്തിന് അപേക്ഷിച്ചതെന്നാണ് സൂചന. 2023 ഫെബ്രുവരിയില്‍ ഗാര്‍ഹിക പീഡനത്തെച്ചൊല്ലി ആന്‍ഡ്രിയ കാംബ്ലിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇരുവര്‍ക്കും രണ്ട് മക്കളാണ് ഉള്ളത്. മകന്‍ ജീസസ് ക്രിസ്റ്റ്യാനോ കാംബ്ലിയും മകള്‍ ജൊഹാനയും.
കാംബ്ലിയുടെ ആരോഗ്യപ്രശ്നങ്ങളില്‍ രണ്ട് കുട്ടികളെയും പരിപാലിക്കുന്നത് ബുദ്ധിമുട്ടായിരുന്നെങ്കിലും ആ കാലയളവില്‍ മകന്‍ തന്നെ വളരെയധികം സഹായിച്ചിട്ടുണ്ടെന്നും ആന്‍ഡ്രിയ പറഞ്ഞു.
'മിക്കപ്പോഴും, എനിക്ക് എന്നോട് തന്നെ സാഹചര്യം വിശദീകരിക്കേണ്ടി വന്നിരുന്നു, ഞാന്‍ തന്നെയാണ് പപ്പയെന്നും ഞാന്‍ തന്നെയാണ് അമ്മയെന്നും. മകന്‍ ക്രിസ്റ്റ്യാനോയ്ക്ക് എല്ലാം മനസ്സിലായി, അവന്‍ എന്നെ ഒട്ടും ബുദ്ധിമുട്ടിച്ചില്ല, എന്റെ മുഖത്തുണ്ടാകുന്ന വികാരങ്ങളെല്ലാം അവന്‍ തിരിച്ചറിഞ്ഞു' ആന്‍ഡ്രിയ കൂട്ടിച്ചേര്‍ത്തു.