/kalakaumudi/media/media_files/XYHSIeG5HqfFTo6V3abU.jpg)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോലി, പ്യൂമ ഇന്ത്യ മുന്‍ മേധാവി അഭിഷേക് ഗാംഗുലി ആരംഭിച്ച കായിക ഉത്പന്ന നിര്‍മ്മാണ കമ്പനിയായ അജിലിറ്റാസില്‍ 40 കോടി രൂപ നിക്ഷേപിച്ചു. പണ്ട് പ്യൂമ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായിരിക്കെയാണ് അഭിഷേക് ഗാംഗുലി കോലിയെ ബ്രാന്‍ഡ് അംബാസഡറാക്കിയത്. 2017-ല്‍ ആരംഭിച്ച 110 കോടി രൂപയുടെ ഈ കരാര്‍ എട്ട് വര്‍ഷത്തേക്ക്, അതായത് 2025 വരെയായിരുന്നു. ഈ വര്‍ഷം കരാര്‍ പുതുക്കാനിരിക്കെ, 300 കോടിയായി ഉയര്‍ത്താന്‍ സാധ്യതയുണ്ടായിരുന്ന ഡീലില്‍ നിന്ന് കോലി പിന്മാറി, പകരം അജിലിറ്റസുമായി കൈകോര്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അജിലിറ്റാസിലെ കോലിയുടെ പുതിയ റോളില്‍ അദ്ദേഹം ഒരു ബ്രാന്‍ഡ് അംബാസഡര്‍ എന്നതിലുപരിയായിരിക്കും പ്രവര്‍ത്തിക്കുക. കമ്പനിയില്‍ ഉടമസ്ഥാവകാശം നേടുന്നതിനായി കോലി പണം മുടക്കുക മാത്രമല്ല, അജിലിറ്റാസിന്റെ വളര്‍ച്ചയില്‍ സജീവമായ പങ്കുവഹിക്കുകയും ചെയ്യുമെന്നാണ് സൂചന. കായിക മേഖലയിലെ ഉല്‍പ്പന്നങ്ങളുടെ ഉത്പാദനം മുതല്‍ റീട്ടെയില്‍ വരെ എല്ലാ കാര്യങ്ങളും ഒറ്റ കുടക്കീഴിലാക്കാന്‍ ലക്ഷ്യമിടുന്ന കമ്പനിയാണ് അജിലിറ്റാസ്. സ്വന്തമായി നിര്‍മ്മിക്കാന്‍ കഴിയാത്തവ ഏറ്റെടുക്കാനോ, പ്രാവീണ്യമുള്ള കമ്പനികളുമായി സഹകരിക്കാനോ ആണ് ഇവരുടെ പദ്ധതി. 2023-ല്‍ അഡിഡാസ്, പ്യൂമ, ന്യൂ ബാലന്‍സ്, സ്‌കെച്ചേഴ്സ്, റീബോക്ക്, ആസിക്സ്, ക്രോക്ക്സ്, ഡെക്കാത്‌ലോണ്‍, ക്ലാര്‍ക്ക്സ്, യുഎസ് പോളോ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് ഷൂസ് നിര്‍മ്മിക്കുന്ന മൊച്ചിക്കോ ഷൂസ് എന്ന കമ്പനിയെ അജിലിറ്റാസ് ഏറ്റെടുത്തിരുന്നു.
കൂടാതെ, ലോട്ടോയുടെ ലൈസന്‍സിംഗ് അവകാശങ്ങളും അജിലിറ്റാസ് സ്വന്തമാക്കിയിട്ടുണ്ട്. ഇത് ഇന്ത്യയിലും മറ്റ് ചില പ്രദേശങ്ങളിലും ലോട്ടോ ഷൂസുകള്‍ വില്‍ക്കാന്‍ കമ്പനിയെ സഹായിക്കും. ലോട്ടോയ്ക്ക് പുറമെ, കോലിയുടെ തന്നെ വണ്‍8 ഉള്‍പ്പെടെ മൂന്ന് ബ്രാന്‍ഡുകള്‍ കൂടി അവതരിപ്പിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇത് കമ്പനിയുടെ വളര്‍ച്ചയില്‍ കോലിയുടെ സജീവ പങ്കാളിത്തം ഉറപ്പാക്കും.
കോലിയുടെ ഈ നിക്ഷേപം അജിലിറ്റാസിന്റെ വിറ്റുവരവ് വര്‍ദ്ധിപ്പിക്കാനും, അതുവഴി കമ്പനിയുടെ മൂല്യം ഉയര്‍ത്താനും സഹായിക്കും. ഇത് കോലിയുടെ നിക്ഷേപത്തിന്റെ മൂല്യവും വര്‍ദ്ധിപ്പിക്കും. കോലിക്ക് ഏകദേശം 3.6 ലക്ഷം ക്ലാസ് 2 കമ്പള്‍സറിലി കണ്‍വേര്‍ട്ടിബിള്‍ പ്രിഫറന്‍സ് ഷെയറുകള്‍ ആണ് കമ്പനി നല്‍കിയിട്ടുള്ളത്. രണ്ട് വര്‍ഷത്തിനുള്ളില്‍ മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ഉള്‍പ്പെടെയുള്ള നിക്ഷേപകരില്‍ നിന്ന് ഏകദേശം 600 കോടി രൂപ കമ്പനി സമാഹരിച്ചിട്ടുണ്ട്.