സിഡ്നി: കുറച്ചുകാലമായി കാേലി ഓരോന്നിന് പിന്നാലെ ഓര്രോന്നായി പണികള്‍ കിട്ടിക്കൊണ്ടിരിക്കുകയാണ്. പതിവുപോലെ സിഡ്നി ടെസ്റ്റിലും ഓഫ് സ്റ്റമ്പ് കെണിയില്‍പ്പെട്ട് വിരാട് കോലി. ഇത്തവണ സ്‌കോട്ട് ബോളണ്ടിന്റെ ഓഫ് സ്റ്റമ്പിന് പുറത്തുപോയ പന്തില്‍ ബാറ്റുവെച്ചാണ് കോലി പുറത്തായത്.
ഔട്ടായി മടങ്ങിയ കോലിയെ ഇത്തവണയും ഓസ്ട്രേലിയന്‍ കാണികള്‍ കൂവിവിളിച്ചു. നേരിട്ട ആദ്യ പന്തില്‍ തന്നെ കോലിയെ മാര്‍നസ് ലബുഷെയ്ന്‍ ക്യാച്ചെടുത്തിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ പരിശോധിച്ച തേര്‍ഡ് അമ്പയര്‍ നോട്ട് ഔട്ട് വിധിക്കുകയായിരുന്നു. സ്‌കോട്ട് ബോളണ്ട് എറിഞ്ഞ എട്ടാം ഓവറിലായിരുന്നു സംഭവം.
കോലിയുടെ ബാറ്റില്‍ തട്ടി സ്ലിപ്പിലേക്ക് വന്ന പന്ത് പിടിക്കാന്‍ സ്റ്റീവ് സ്മിത്ത് ശ്രമിച്ചെങ്കിലും സാധിച്ചില്ല. സ്മിത്തിന്റെ കൈയില്‍ നിന്ന് ഉയര്‍ന്ന പന്ത് ലബുഷെയ്ന്‍ പിടിക്കുകയായിരുന്നു. എന്നാല്‍ ദൃശ്യങ്ങളില്‍ സ്മിത്തിന്റെ കൈയില്‍ നിന്ന് പന്ത് നിലത്തുതട്ടിയതായി വ്യക്തമായി. എന്നാല്‍ കോലിയുടെ പോരാട്ടം 32-ാം ഓവറില്‍ ബോളണ്ട് അവസാനിപ്പിച്ചു.
69 പന്തില്‍ നിന്ന് 17 റണ്‍സെടുത്തായിരുന്നു കോലിയുടെ മടക്കം. ഒരു ബൗണ്ടറി പോലും താരത്തിന്റെ ഇന്നിങ്സില്‍ ഉണ്ടായിരുന്നില്ല. പരമ്പരയിലുടനീളം ഓഫ് സ്റ്റമ്പ് ലൈനില്‍ പന്തെറിഞ്ഞ് കോലിയുടെ വീഴ്ത്തുന്ന പതിവ് ഇത്തവണയും ഓസീസ് ഫലപ്രദമായി നടപ്പാക്കി. പരമ്പരയില്‍ ഇത് ആറാം തവണയാണ് കോലി ഓഫ് സ്റ്റമ്പിന് പുറത്തുപോകുന്ന പന്തില്‍ എഡ്ജ് ആയി പുറത്താകുന്നത്.