മെല്‍ബണ്‍: ഈയിടെയായി വിരാട് കോലിയെ വിവാദങ്ങള്‍ പിന്തുടരുകയാണ്. ഓസ്‌ട്രേലിയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ് മുതല്‍ ആരംഭിച്ചതാണ് വിവാദങ്ങള്‍. ഇപ്പോഴിതാ നാലാം ദിനത്തിനും വിവാദങ്ങളാല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ് കോലി. ആദ്യ ദിനം ഓസീസ് താരം കോണ്‍സ്റ്റാസിനെ തോളിലിനിടിച്ചതാണ് ഈ ടെസ്റ്റിലെ വിവാദത്തിന് തുടക്കമിട്ടത്. തോളിനിടിച്ച് കോലി ഓസീസ് താരത്തോട് ചാടിക്കയറി സംസാരിക്കുകയും ചെയ്തു. രണ്ടാം ദിനം ഓസ്‌ട്രേലിയന്‍ ആരാധകരുമായി ഇടഞ്ഞും വാര്‍ത്തകളില്‍ ഇടംപിടിച്ചു.
ഇന്നിതാ ആദ്യ ഇന്നിങ്‌സില്‍ പുറത്തായി മടങ്ങുമ്പോള്‍ ഗാലറിയിലിരുന്ന് ഓസീസ് ആരാധകര്‍ പരിഹസിച്ചതാണ് താരത്തെ പ്രകോപിതനാക്കിയത്. പരിഹസിച്ച ആരാധകരെ കോലി രോക്ഷാകുലനായി നോക്കുന്ന വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇതോടെ തിരികെ ഇവരുടെ അടുത്തേക്ക് എത്തിയ കോലിയെ, സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഇടപെട്ടാണ് ഡ്രസിങ് റൂമിലേക്ക് തിരിച്ചയച്ചത്.
ഒന്നാം ഇന്നിങ്‌സില്‍ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം കാഴ്ചവച്ച കോലി, 36 റണ്‍സെടുത്താണ് പുറത്തായത്. 86 പന്തില്‍ നാലു ഫോറുകള്‍ സഹിതം 36 റണ്‍സെടുത്ത കോലിയെ, സ്‌കോട് ബോളണ്ടിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി ക്യാച്ചെടുത്താണ് പുറത്താക്കിയത്. പുറത്താകും മുന്‍പ് ഓപ്പണര്‍ യശസ്വി ജയ്സ്വാളിനൊപ്പം സെഞ്ചറി കൂട്ടുകെട്ടു തീര്‍ക്കാനും കോലിക്കു സാധിച്ചിരുന്നു. മൂന്നാം വിക്കറ്റില്‍ കോലി ജയ്സ്വാള്‍ സഖ്യം 102 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
Virat Kohli abused by Australian crowd with derogatory words during IND vs AUS 4th Test; watch India batter’s response pic.twitter.com/aPDDxsYmum
— Shakeel Yasar Ullah (@yasarullah) December 27, 2024
രണ്ടിന് 153 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ യശസ്വി ജയ്സ്വാള്‍ നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടായതോടെ വീണ്ടും ഇന്ത്യന്‍ ഇന്നിങ്‌സ് താളം തെറ്റി. സെഞ്ചറിയിലേക്കു നീങ്ങുകയായിരുന്ന ജയ്സ്വാളിന്റെ റണ്ണൗട്ടിനു കാരണക്കാരന്‍ കോലിയാണെന്ന വിമര്‍ശനങ്ങള്‍ക്കിടെ, ഒരു റണ്‍ കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേയ്ക്കും കോലിയും പുറത്തായി. പിന്നാലെ നൈറ്റ് വാച്ച്മാനായി എത്തിയ ആകാശ് ദീപ് ഡക്കായതോടെ ഇന്ത്യ അഞ്ചിന് 159 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നു.
ജയ്സ്വാളിനു പിന്നാലെ പുറത്തായി മടങ്ങുന്ന വഴിക്കാണ് കോലിയും ഓസീസ് ആരാധകരും തമ്മില്‍ കോര്‍ത്തത്. പുറത്തായതിന്റെ നിരാശയില്‍ കോലി പവലിയനിലേക്കു മടങ്ങുന്നതിനിടെ, ഒരു വശത്തിരുന്ന ആരാധകരില്‍ ചിലര്‍ കൂവിയും മോശം പരാമര്‍ശങ്ങള്‍ നടത്തിയും പരിഹസിക്കുകയായിരുന്നു. ഇത് സ്ഥിര സംഭവമാണ്. ആദ്യമായല്ല ഓസീസ് ആരാധകര്‍ കോലിയുമായി കൊമ്പുകോര്‍ക്കുന്നത്. മുന്‍പും ഓസ്‌ട്രേലിയ ആരാധകര്‍ കോലിയെ വിമര്‍ശിക്കുകയും കളിയാക്കുകയും ചെയ്തിട്ടുണ്ട്.