മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ബാറ്റര്‍ സാം കോണ്‍സ്റ്റാസിനെ ചുമലുകൊണ്ട് ഇടിച്ച സംഭവത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിക്ക് മാച്ച് ഫീയുടെ 20% പിഴ ചുമത്തി. മെല്‍ബണ്‍ ടെസ്റ്റിന്റെ ആദ്യ ദിനമാണ് മികച്ച രീതിയില്‍ ബാറ്റു ചെയ്യുന്നതിനിടെ സാം കോണ്‍സ്റ്റാസും വിരാട് കോലിയും കൂട്ടിമുട്ടിയത്. ടോസ് നേടിയ ഓസ്‌ട്രേലിയ മത്സരത്തില്‍ ബാറ്റു ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
10-ാം ഓവറിനിടെയായിരുന്നു വിരാട് കോലി സാം കോണ്‍സ്റ്റാസിനെ തള്ളിയത്. ഓസ്‌ട്രേലിയന്‍ യുവതാരം ഇതു ചോദ്യം ചെയ്തതോടെ വിരാട് കോലി തിരിച്ചുവന്നു താരത്തോടു ചൂടായി. ഇരുവരും തമ്മില്‍ വാക്കേറ്റം തുടര്‍ന്നതോടെ ഓസീസ് ബാറ്റര്‍ ഉസ്മാന്‍ ഖവാജയും അംപയര്‍മാരും ചേര്‍ന്നാണ് ഇരുവരെയും ശാന്തരാക്കിയത്.
സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കോലിയുടെ പ്രതികരണം അനാവശ്യമായിപ്പോയെന്ന് മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രി പ്രതികരിച്ചു. ഗ്രൗണ്ടിലെ മത്സരത്തിനിടെ ഇതൊക്കെ സാധാരണ സംഭവമാണെന്നും കാര്യമായി എടുക്കേണ്ടെന്നുമായിരുന്നു സാം കോണ്‍സ്റ്റാസ് മാധ്യമങ്ങളോടു പ്രതികരിച്ചത്. ഓപ്പണറായി ഇറങ്ങിയ സാം കോണ്‍സ്റ്റാസ് 65 പന്തില്‍ 60 റണ്‍സെടുത്താണ് ആദ്യ ഇന്നിങ്‌സില്‍ പുറത്തായത്.