സഞ്ജുവിനെ വെള്ളംകുടിപ്പിച്ച് കോലി; സീസണിലെ നാലാം ജയം

ഏറെക്കുറെ ഏകപക്ഷീയമായി മാറിയ മത്സരത്തില്‍ ഒന്‍പതു വിക്കറ്റിനാണ് ആര്‍സിബി രാജസ്ഥാനെ തകര്‍ത്തത്. ഇതോടെ ആറു കളികളില്‍നിന്ന് നാലാം ജയം കുറിച്ച ആര്‍സിബി എട്ടു പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് കയറി.

author-image
Biju
New Update
df

ജയ്പുര്‍: ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടെ താളം കണ്ടെത്താനാകാതെ വിഷമിച്ച ജയ്പുരിലെ പിച്ചില്‍ ദുര്‍ഭൂതങ്ങളൊന്നുമില്ലെന്ന് വിരാട് കോലിയും സംഘവും തെളിയിച്ചു. രാജസ്ഥാന്‍ ബാറ്റിങ് നിരയെ വെള്ളംകുടിപ്പിച്ച അതേ പിച്ചില്‍ തൊട്ടുപിന്നാലെ ബാറ്റിങ്ങിന് ഇറങ്ങി രാജസ്ഥാന്‍ ബോളിങ് നിരയെയും വെള്ളംകുടിപ്പിച്ച റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്, ഐപിഎല്‍ 18ാം സീസണിലെ നാലാം ജയം. ഏറെക്കുറെ ഏകപക്ഷീയമായി മാറിയ മത്സരത്തില്‍ ഒന്‍പതു വിക്കറ്റിനാണ് ആര്‍സിബി രാജസ്ഥാനെ തകര്‍ത്തത്. ഇതോടെ ആറു കളികളില്‍നിന്ന് നാലാം ജയം കുറിച്ച ആര്‍സിബി എട്ടു പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് കയറി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 173 റണ്‍സ്. ഓപ്പണര്‍മാരായ ഫില്‍ സോള്‍ട്ട്, വിരാട് കോലി എന്നിവര്‍ അര്‍ധസെഞ്ചറികളുമായി തിളങ്ങിയതോടെ, 15 പന്തും ഒന്‍പതു വിക്കറ്റും ബാക്കിയാക്കി ബെംഗളൂരു 'റോയലാ'യിത്തന്നെ വിജയത്തിലെത്തി. ക്രീസിലെത്തിയ മൂന്ന് ആര്‍സിബി ബാറ്റര്‍മാരുടെയും ക്യാച്ചുകള്‍ മാറിമാറി കൈവിട്ട് രാജസ്ഥാന്‍ ഫീല്‍ഡര്‍മാര്‍ അവരുടെ വിജയം കൂടുതല്‍ അനായാസമാക്കി.

ഫില്‍ സോള്‍ട്ട് 33 പന്തില്‍ അഞ്ച് ഫോറും ആറു സിക്‌സും സഹിതം 65 റണ്‍സുമായി ആര്‍സിബിയുടെ ടോപ് സ്‌കോററായി. വിരാട് കോലി 45 പന്തില്‍ നാലു ഫോറും രണ്ടു സിക്‌സും സഹിതം 62 റണ്‍സുമായി പുറത്താകാതെ നിന്നു. മുന്‍ രാജസ്ഥാന്‍ താരം കൂടിയായ ദേവ്ദത്ത് പടിക്കല്‍ 28 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 40 റണ്‍സെടുത്ത് കോലിക്ക് തുണനിന്നു.

ഓപ്പണിങ് വിക്കറ്റില്‍ സോള്‍ട്ട്  കോലി സഖ്യം 52 പന്തില്‍നിന്ന് 92 റണ്‍സ് അടിച്ചപ്പോള്‍ത്തന്നെ മത്സരത്തിന്റെ ഗതി വ്യക്തമായിരുന്നു. സോള്‍ട്ടിനെ കുമാര്‍ കാര്‍ത്തികേയ യശസ്വി ജയ്‌സ്വാളിന്റെ കൈകളിലെത്തിച്ചെങ്കിലും, പിരിയാത്ത രണ്ടാം വിക്കറ്റില്‍ 53 പന്തില്‍ 83 റണ്‍സുമായി കോലി  പടിക്കല്‍ സഖ്യം ആര്‍സിബിയെ വിജയത്തിലെത്തിച്ചു. കുമാര്‍ കാര്‍ത്തികേയ മൂന്ന് ഓവറില്‍ 25 റണ്‍സ് വഴങ്ങി രാജസ്ഥാനു ലഭിച്ച ഏക വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ, ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ഒഴികെയുള്ള ബാറ്റര്‍മാര്‍ താളം കണ്ടെത്താന്‍ വിഷമിച്ചതോടെ 'വിഷമിച്ചുപോയ' രാജസ്ഥാന്‍ റോയല്‍സിനെതിരെ, ജയ്പുരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തില്‍ ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിന് മുന്നില്‍ ഉയര്‍ന്നത് 174 റണ്‍സ് വിജയലക്ഷ്യം. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍, നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് 173 റണ്‍സെടുത്തത്. 47 പന്തില്‍ 10 ഫോറും രണ്ടു സിക്‌സും സഹിതം 75 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍.

ആദ്യ പന്തു മുതല്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ളവര്‍ താളം കണ്ടെത്താന്‍ വിഷമിച്ച ഇന്നിങ്‌സില്‍, ആര്‍സിബി താരങ്ങളുടെ ഫീല്‍ഡിലെ മോശം പ്രകടനവും രാജസ്ഥാന് തുണയായി. ഇന്നിങ്‌സിലാകെ ഏഴു തവണ മിസ്ഫീല്‍ഡുമായി നിരാശപ്പെടുത്തിയ ആര്‍സിബി താരങ്ങള്‍, രണ്ടു ക്യാച്ചുകളും കൈവിട്ടു. ഇതില്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ധ്രുവ് ജുറേലിന്റെ ക്യാച്ച് സാക്ഷാല്‍ വിരാട് കോലി കൈവിട്ടതും ഉള്‍പ്പെടും.

ജുറേല്‍ 23 പന്തില്‍ രണ്ടു വീതം സിക്‌സും ഫോറും സഹിതം 35 റണ്‍സുമായി പുറത്താകാതെ നിന്നു. ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ എട്ടു പന്തില്‍ ഒരു ഫോര്‍ സഹിതം ഒന്‍പതു റണ്‍സെടുത്ത് അവസാന ഓവറില്‍ പുറത്തായി. ഇന്നിങ്‌സിലെ അവസാന പന്തു മാത്രം നേരിടാന്‍ അവസരം ലഭിച്ച നിതീഷ് റാണ ബൗണ്ടറിയിലൂടെയാണ് രാജസ്ഥാന്‍ സ്‌കോര്‍ 173ല്‍ എത്തിച്ചത്.

പതിവിനു വിപരീതമായി താളം കണ്ടെത്താനാകാതെ ഉഴറിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, 19 പന്തില്‍ ഒരു ഫോര്‍ സഹിതം 15 റണ്‍സെടുത്ത് പുറത്തായി. പ്രതീക്ഷിച്ച രീതിയില്‍ റണ്‍സ് വരാതായതോടെ സമ്മര്‍ദ്ദത്തിലായ സഞ്ജു, ക്രുനാല്‍ പാണ്ഡ്യയെ ക്രീസ് വിട്ടിറങ്ങി ആക്രമിക്കാനുള്ള ശ്രമത്തില്‍ സ്റ്റംപിറ്റിലൂടെയാണ് പുറത്തായത്. പതിവു താളത്തിലേക്ക് എത്തിയില്ലെങ്കിലും, റിയാന്‍ പരാഗ് 22 പന്തില്‍ മൂന്നു  ഫോറുകളും ഒരു സിക്‌സും സഹിതം 30 റണ്‍സെടുത്തു. ബെംഗളൂരു നിരയില്‍ ക്രുനാല്‍ പാണ്ഡ്യ നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങിയും, ജോഷ് ഹെയ്‌സല്‍വുഡ് മൂന്ന് ഓവറില്‍ 26 റണ്‍സ് വഴങ്ങിയും യഷ് ദയാല്‍ നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങിയും ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

 

Virat Kohli