/kalakaumudi/media/media_files/2025/09/03/kolhi-2025-09-03-19-57-32.jpg)
ദുബായ്: ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ കഴിഞ്ഞ ദിവസാണ് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. സമീപകാല മത്സരങ്ങളിലെ മിന്നും ഫോമാണ് 5 വര്‍ഷത്തിനു ശേഷം മുപ്പത്തിയേഴുകാരന്‍ കോലിയെ ഒന്നാം സ്ഥാനത്തു തിരികെയെത്തിച്ചത്. എന്നാല്‍ പുതുക്കിയ റാങ്കിങ് പട്ടിക പുറത്തുവിട്ടപ്പോള്‍ ഐസിസിക്ക് ഒരു ഗുരുതര പിഴവു സംഭവിച്ചു. ഒട്ടേറെപ്പേര്‍ ഇതു ചൂണ്ടിക്കാട്ടിയതോടെ ഐസിസി ഇതു തിരുത്തുകയും ചെയ്തു.
ഒന്നാം റാങ്കില്‍ 825 ദിവസം കോലി തുടര്‍ന്നെന്നായിരുന്നു ഐസിസിയുടെ വാര്‍ത്താക്കുറിപ്പിലുണ്ടായിരുന്നത്. ഏറ്റവുമധികം ദിവസം ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ഇന്ത്യന്‍ താരമായ കോലി, മൊത്തത്തിലുള്ള പട്ടികയില്‍ പത്താം സ്ഥാനത്തായിരുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ കോലി 1547 ദിവസം ഒന്നാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. ഈ പിഴവ് ചൂണ്ടിക്കാട്ടിയതോടെയാണ് ഐസിസി തിരുത്തിയത്. പുതുക്കിയ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു
ഇതനുസരിച്ച് ഏറ്റവും കൂടുതല്‍ കാലം ഒന്നാം റാങ്കില്‍ തുടര്‍ന്ന ബാറ്റര്‍മാരില്‍ മൂന്നാം സ്ഥാനത്താണ കോലി. വിവിയന്‍ റിച്ചാര്‍ഡ്‌സ് (2306 ദിവസം), ബ്രയാന്‍ ലാറ (2079 ദിവസം) എന്നിവര്‍ മാത്രമാണ് കോലിക്ക് മുന്നിലുള്ളത്. 24ാം വയസ്സിലാണ് കോലി ആദ്യമായി ഒന്നാമതെത്തിയത്. പിന്നാലെ ഇത്തവണയടക്കം 11 തവണ കോലി ഒന്നാം റാങ്ക് തൊട്ടു.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളിയാണ് ഇത്തവണ കോലി ഒന്നാമനായത്. ന്യൂസീലന്‍ഡ് താരം ഡാരില്‍ മിച്ചലാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (5), ശ്രേയസ് അയ്യര്‍ (10) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ഇന്ത്യക്കാര്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
