കോലി ലണ്ടനില്‍ നിന്നെത്തി; ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇറങ്ങുന്നു

ടെസ്റ്റ്, ട്വന്റി20 ഫോര്‍മാറ്റുകളില്‍നിന്നു വിരമിച്ച ശേഷം ഭാര്യ അനുഷ്‌ക ശര്‍മയ്ക്കും മക്കള്‍ക്കുമൊപ്പം ലണ്ടനിലാണ് കോലി സ്ഥിരതാമസം. ലണ്ടനില്‍ കോലിക്ക് സ്വന്തമായി വീടുണ്ട്.

author-image
Biju
New Update
kolhi

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കു മുന്നോടിയായി ടീമിനൊപ്പം ചേരാന്‍ വെറ്ററന്‍ താരം വിരാട് കോലി ഇന്ത്യയിലെത്തി. രാവിലെയാണ് ലണ്ടനില്‍നിന്ന് കോലി ന്യൂഡല്‍ഹിയിലെത്തിയത്. 

ടെസ്റ്റ്, ട്വന്റി20 ഫോര്‍മാറ്റുകളില്‍നിന്നു വിരമിച്ച ശേഷം ഭാര്യ അനുഷ്‌ക ശര്‍മയ്ക്കും മക്കള്‍ക്കുമൊപ്പം ലണ്ടനിലാണ് കോലി സ്ഥിരതാമസം. ലണ്ടനില്‍ കോലിക്ക് സ്വന്തമായി വീടുണ്ട്. ഐപിഎലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയത്തിനു പിന്നാലെ കഴിഞ്ഞ ജൂണിലാണ് കോലി ഇന്ത്യ വിട്ടത്.

ഒക്ടോബര്‍ 19ന് പെര്‍ത്തിലാണ് ഇന്ത്യയുടെ ആദ്യ മത്സരം. നാലു മാസത്തിനു ശേഷം നാട്ടിലെത്തിയ കോലിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ ആരാധകരുമെത്തിയിരുന്നു. താടിയിലെ നരയെല്ലാം കറുപ്പിച്ച കോലി, പുതിയ ലുക്കിലാണ് ഡല്‍ഹിയിലെത്തിയത്. തന്റെ താടിയില്‍ ഡൈ ചെയ്യേണ്ട സമയമായെന്ന് കോലി മുന്‍പ് ഒരു സ്വകാര്യ ചടങ്ങില്‍ പ്രതികരിച്ചിരുന്നു. ലണ്ടന്‍ ജീവിതത്തിനിടെ നരച്ച താടിയുള്ള കോലിയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഡല്‍ഹിയിലെത്തിയ കോലിക്കൊപ്പം സെല്‍ഫിയെടുക്കാനായി ആരാധകര്‍ അഭ്യര്‍ഥിച്ചെങ്കിലും, താരം തിരക്കിട്ട് കാറില്‍ കയറി പോകുകയായിരുന്നു. കോലിയുടെ പുതിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഈ പരമ്പരയ്ക്കു ശേഷം കോലി കരിയര്‍ പൂര്‍ണമായും അവസാനിപ്പിക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കോലിക്ക് 2027 ഏകദിന ലോകകപ്പ് വരെ കളിക്കാന്‍ താല്‍പര്യമുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

Virat Kohli