/kalakaumudi/media/media_files/2025/03/08/yBNPUJeO9cRUXrdBaIr6.jpg)
ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ സൂപ്പര്‍ ഫൈനല്‍ നാളെ നടക്കാന്‍ പോവുകയാണ്. ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലാണ് കലാശപോരാട്ടം നടക്കുന്നത്. ആവേശ കിരീട പോരാട്ടത്തിന് കളമൊരുങ്ങവെ ഇന്ത്യയെ ആശങ്കയിലാക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
നെറ്റ്സ് പരിശീലനം നടത്തുന്നതിനിടെ വിരാട് കോലിക്ക് പരിക്കേറ്റെന്നാണ് വിവരം. കാല്‍ മുട്ടിന് പരിക്കേറ്റ വിരാട് കോലിക്ക് ഫൈനല്‍ നഷ്ടമാകുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.
വിരാട് കോലിക്ക് ഫൈനല്‍ നഷ്ടമായാല്‍ ഇന്ത്യക്കത് നികത്താനാവാത്ത വിടവാകുമെന്ന് ഉറപ്പാണ്. കോലി മിന്നും ഫോമിലാണുള്ളത്. സെമിയില്‍ ഓസ്ട്രേലിയക്കെതിരേ നിര്‍ണ്ണായക അര്‍ധ സെഞ്ച്വറിയോടെ കോലി കസറിയിരുന്നു. കോലിക്ക് ഫൈനല്‍ മത്സരം നഷ്ടമാകരുതേയെന്ന പ്രാര്‍ത്ഥനയിലാണ് ഇന്ത്യന്‍ ആരാധകര്‍.
നിലവില്‍ വിരാട് കോലി മൂന്നാം നമ്പറിലാണ് കളിക്കുന്നത്. കോലിക്ക് കളിക്കാന്‍ സാധിക്കാതെ പോയാല്‍ മൂന്നാം നമ്പറിലേക്ക് കെ എല്‍ രാഹുലിനെ കൊണ്ടുവരാനാണ് സാധ്യത. മുന്‍ ഓപ്പണറായ രാഹുലിന് ആംഗര്‍ റോള്‍ നന്നായി ചേരും.
കോലി കളിക്കുന്നതുപോലെ ഒരുവശത്ത് പിടിച്ചുനിന്ന് റണ്‍സുയര്‍ത്താന്‍ രാഹുല്‍ മിടുക്കനാണ്. നിലയുറപ്പിച്ചാല്‍ വലിയ സ്‌കോറിലേക്ക് പോകാനും താരത്തിന് കഴിവുണ്ട്. സെമിയില്‍ മികച്ച പ്രകടനത്തോടെ കസറാനും രാഹുലിനായിരുന്നു.
ശ്രേയസ് അയ്യരാണ് നിലവില്‍ നാലാം നമ്പറില്‍. മൂന്നാം നമ്പറിലേക്ക് ശ്രേയസ് അയ്യരെ കൊണ്ടുവന്നാല്‍ ആംഗര്‍ റോളില്‍ മുന്നോട്ട് പോവുക പ്രയാസമായിരിക്കും. ഈ സാഹചര്യത്തില്‍ ശ്രേയസ് അയ്യരെ നാലാം നമ്പറില്‍ നിലനിര്‍ത്തി കെ എല്‍ രാഹുലിനെ ടോപ് ഓഡറിലേക്ക് കൊണ്ടുവരാനാണ് സാധ്യത. കോലി സൃഷ്ടിക്കുന്ന ഇംപാക്ട് സൃഷ്ടിക്കാന്‍ ആര്‍ക്കും സാധിക്കില്ല. എന്നാല്‍ കോലിക്ക് കളിക്കാനാവാതെ പോയാല്‍ രാഹുലാണ് ആ റോളില്‍ ഏറ്റവും മികച്ചവന്‍.
രാഹുല്‍ ടോപ് ഓഡറിലേക്ക് പോയാല്‍ ഫിനിഷറായി റിഷഭ് പന്തിനെ വിളിച്ചേക്കും. എക്സ് ഫാക്ടര്‍ താരമായ റിഷഭ് പന്തിന് ഒരു മത്സരം പോലും കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ കോലിക്ക് പിന്മാറേണ്ടി വന്നാല്‍ റിഷഭ് പന്തിനെ ടീമിലേക്ക് വിളിക്കാന്‍ നിര്‍ബന്ധിതരാവും. ഇടം കൈയനായ റിഷഭ് വരുന്നത് ടീമിന് ഗുണകരമാവാനാണ് സാധ്യത. കെ എല്‍ രാഹുല്‍ വിക്കറ്റിന് പിന്നില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ഫൈനലില്‍ ഇത്തരം പിഴവുകള്‍ക്ക് വലിയ വിലകൊടുക്കേണ്ടി വരും. അതുകൊണ്ടുതന്നെ റിഷഭ് പന്തിനെ കളിപ്പിച്ചാല്‍ കീപ്പറാക്കാനും സാധ്യതയുണ്ട്. വിരാട് കോലി കളിക്കണമേയെന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന. കോലിക്ക് കളിക്കാന്‍ സാധിക്കാതെ പോയാല്‍ ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കാന്‍ സാധ്യത കൂടുതലാണ്.
സാദ്ധ്യതാ 11
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുബ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി