'ബ്രോങ്കോ ടെസ്റ്റിലും' കോലിക്ക് പുച്ഛം; ഇന്ത്യയിലേക്ക് വരില്ലത്രേ

യുകെയില്‍ നടത്തിയ ടെസ്റ്റില്‍ വിരാട് കോലി പാസായെന്നാണു പുറത്തുവരുന്ന വിവരം. ഇന്ത്യയുടെ ഏകദിന ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂപ്പര്‍ താരങ്ങളായ സൂര്യകുമാര്‍ യാദവ്, ശുഭ്മന്‍ ഗില്‍ എന്നിവര്‍ക്കെല്ലാം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍വച്ചാണ് ടെസ്റ്റ് നടത്തിയത്

author-image
Biju
New Update
kolhi

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കു വേണ്ടി ബിസിസിഐ സംഘടിപ്പിച്ച ഫിറ്റ്‌നസ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ വിരാട് കോലി ഇന്ത്യയിലെത്തിയില്ല. വിരാടിന്റെ അഭ്യര്‍ഥന പ്രകാരം ലണ്ടനില്‍വച്ചുതന്നെ 'ബ്രോങ്കോ ടെസ്റ്റ്' നടത്താന്‍ ബിസിസിഐ അനുമതി നല്‍കുകയായിരുന്നു. 

യുകെയില്‍ നടത്തിയ ടെസ്റ്റില്‍ വിരാട് കോലി പാസായെന്നാണു പുറത്തുവരുന്ന വിവരം. ഇന്ത്യയുടെ ഏകദിന ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂപ്പര്‍ താരങ്ങളായ സൂര്യകുമാര്‍ യാദവ്, ശുഭ്മന്‍ ഗില്‍ എന്നിവര്‍ക്കെല്ലാം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍വച്ചാണ് ടെസ്റ്റ് നടത്തിയത്.

എന്നാല്‍ വിരാട് കോലിയുടെ കാര്യത്തില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഇളവ് നല്‍കുകയായിരുന്നു. ഐപിഎലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ കിരീട വിജയത്തിനു തൊട്ടുപിന്നാലെയാണ് വിരാട് കോലി യുകെയിലേക്കു പോയത്. ബെംഗളൂരുവിലെ ആഘോഷ പരിപാടികള്‍ നടന്ന ദിവസം രാത്രി തന്നെ കോലി രാജ്യം വിടുകയായിരുന്നു. പിന്നീട് കോലിയും കുടുംബവും ഇന്ത്യയിലേക്കു തിരിച്ചുവന്നിട്ടില്ല.

ട്വന്റി20, ടെസ്റ്റ് ടീമുകളില്‍നിന്നു വിരമിച്ച കോലി, ഇന്ത്യയ്ക്കു വേണ്ടി ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് ഇനി കളിക്കുക. ഓസ്‌ട്രേലിയയ്‌ക്കെതിരെ അടുത്ത മാസം നടക്കുന്ന ഏകദിന പരമ്പരയില്‍ കോലിയും രോഹിത് ശര്‍മയും കളിക്കാനിറങ്ങുമെന്നാണു കരുതുന്നത്. വിരാട് കോലിക്ക് ലണ്ടനില്‍ സ്വന്തമായി വീടുണ്ട്. എന്നാല്‍ ആരാധകരുടെ ശല്യം ഒഴിവാക്കാന്‍ വിരാട് കോലിയുടെ ലണ്ടനിലെ വീടിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

ലണ്ടന്‍ നഗരത്തിലൂടെ സാധാരണക്കാരെപ്പോലെ നടന്നുനീങ്ങുന്ന കോലിയുടേയും ഭാര്യ അനുഷ്‌ക ശര്‍മയുടേയും ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. രോഹിത് ശര്‍മയുള്‍പ്പടെ ഇന്ത്യന്‍ ടീമിലെ എല്ലാ താരങ്ങളും ബ്രോങ്കോ ടെസ്റ്റ് പാസായിരുന്നു. താരങ്ങളുടെ ശാരീരിക ക്ഷമത മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടാണ് യോയോ ടെസ്റ്റിനു പകരം ബ്രോങ്കോ ടെസ്റ്റ് ബിസിസിഐ കൊണ്ടുവന്നത്. എന്നാല്‍ വിരാട് കോലിക്ക് മാത്രം വിദേശത്ത് ടെസ്റ്റ് നടത്താന്‍ അനുമതി നല്‍കിയത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.