/kalakaumudi/media/media_files/2025/10/13/kolhi-2025-10-13-14-58-44.jpg)
ബെംഗളുരു: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമായുള്ള കരാര്‍ പുതുക്കാന്‍ വിരാട് കോലി വിസമ്മതിച്ച വാര്‍ത്ത അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. താരം വിരമിക്കല്‍ പ്രഖ്യാപിക്കും എന്ന് ഒരു വിഭാഗം ആളുകള്‍ പറഞ്ഞപ്പോള്‍ ചിലര്‍ അദ്ദേഹം ടീം വിടുമെന്നും മിനി ലേലത്തില്‍ ഭാഗമാകും എന്നും പറഞ്ഞു. എന്നാല്‍ ഇതൊക്കെ ബിസിനസ് മാത്രം ആണെന്നും അദ്ദേഹം ഐപിഎല്‍ ഉപേക്ഷിക്കുകയോ മറ്റൊരു ഫ്രാഞ്ചൈസിയില്‍ ചേരുകയോ ചെയ്യില്ല എന്നും പറയുകയാണ് ആകാശ് ചോപ്ര.
2026 ഐപിഎല്ലിന് മുമ്പ് കോഹ്ലി ബെംഗളൂരുവുമായുള്ള കരാര്‍ പുതുക്കിയിട്ടില്ലെന്ന് അവകാശപ്പെട്ട റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കോലിയുടെ കരിയറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചത്. താരം വിരമിക്കും എന്നൊക്കെ ഉള്ള റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ ആര്‍സിബി ആരാധകര്‍ വളരെ അസ്വസ്ഥരായി മാറിയ സാഹചര്യത്തിലാണ് ആകാശ് ചോപ്ര ഈ വിഷയത്തില്‍ പ്രതികരിച്ചത്.
''അദ്ദേഹം ഒരു വാണിജ്യ കരാര്‍ നിരസിച്ചതായി റിപ്പോര്‍ട്ടുണ്ട്, പക്ഷേ അതിന്റെ അര്‍ത്ഥമെന്താണ്? അദ്ദേഹം തീര്‍ച്ചയായും ആര്‍സിബിക്ക് വേണ്ടി കളിക്കും. കളിക്കുകയാണെങ്കില്‍, തീര്‍ച്ചയായും അദ്ദേഹം അതേ ഫ്രാഞ്ചൈസിക്ക് വേണ്ടി കളിക്കും,'' ചോപ്ര പറഞ്ഞു. ''അദ്ദേഹം (കോഹ്ലി) ട്രോഫി നേടിയിരിക്കുന്നു. പിന്നെ എന്തിനാണ് ഫ്രാഞ്ചൈസി വിടുന്നത്? അദ്ദേഹം എവിടേക്കും പോകുന്നില്ല. കരാര്‍ നിരസിച്ചു എന്നൊക്കെ ഓരോരുത്തര്‍ ഊഹാപോഹം വെച്ച് പറയുന്നതാണ്'' ചോപ്ര പറഞ്ഞു.
ആര്‍സിബിയുടെ ചരിത്രപരമായ ഐപിഎല്‍ 2025 വിജയത്തില്‍, കോഹ്ലി നിര്‍ണായക പങ്ക് വഹിച്ചു. 15 മത്സരങ്ങളില്‍ നിന്ന് 54.75 എന്ന മികച്ച ശരാശരിയിലും 144.71 എന്ന സ്‌ട്രൈക്ക് റേറ്റിലും 657 റണ്‍സ് അദ്ദേഹം നേട., എട്ട് അര്‍ദ്ധസെഞ്ച്വറികളും ഈ യാത്രയില്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എക്കാലത്തെയും മികച്ച റണ്‍ സ്‌കോററാണ് കോഹ്ലി. ആര്‍സിബിക്കായി 267 മത്സരങ്ങളില്‍ നിന്ന്, എട്ട് സെഞ്ച്വറികളും 63 അര്‍ദ്ധസെഞ്ച്വറികളും ഉള്‍പ്പെടെ 39.54 ശരാശരിയിലും 132.85 സ്‌ട്രൈക്ക് റേറ്റിലും 8,661 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.