സിംഹാസനം തിരിച്ചുപിടിച്ച് 'കിംഗ്' കോലി; ഏകദിന റാങ്കിംഗില്‍ വീണ്ടും ഒന്നാമന്‍

37 കാരനായ കോലി 785 പോയിന്റോടെയാണ് ഒന്നാം സ്ഥാനത്തെത്തിയത്. 784 പോയിന്റുകളുമായി ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചല്‍ രണ്ടാം സ്ഥാനത്തും 775 പോയിന്റുകളുമായി രോഹിത് ശര്‍മ്മ മൂന്നാം സ്ഥാനത്തുമുണ്ട്.

author-image
Biju
New Update
kolhi3

മുംബൈ: ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച് സിംഹാസനം തിരിച്ചുപിടിച്ചു വിരാട് കോലി. ഏകദേശം നാലു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിംഗില്‍ വിരാട് കോലി വീണ്ടും ഒന്നാം സ്ഥാനത്തെത്തുന്നത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ മറികടന്നാണ് കോലിയുടെ നേട്ടം.

2021 ഏപ്രിലിലാണ് കോലി അവസാനമായി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. പിന്നീട് പാക്കിസ്ഥാന്‍ താരം ബാബര്‍ അസം ഒന്നാം സ്ഥാനം കൈക്കലാക്കി. 2025 ല്‍ രോഹിത് ഒന്നാം സ്ഥാനം നേടുന്നതുവരെ അടുത്ത നാലു കലണ്ടര്‍ സീസണുകളിലും ബാബര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നു. തകര്‍പ്പന്‍ ഫോമിലൂടെയാണ് കോലി വീണ്ടും ഒന്നാം സ്ഥാനം തിരികെപ്പിടിച്ചത്.

37 കാരനായ കോലി 785 പോയിന്റോടെയാണ് ഒന്നാം സ്ഥാനത്തെത്തിയത്. 784 പോയിന്റുകളുമായി ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചല്‍ രണ്ടാം സ്ഥാനത്തും 775 പോയിന്റുകളുമായി രോഹിത് ശര്‍മ്മ മൂന്നാം സ്ഥാനത്തുമുണ്ട്. 725 പോയിന്റുമായി ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്‍ അഞ്ചാം സ്ഥാനത്തും ഇടംപിടിച്ചു. ശ്രദ്ധേയമായി അഭ്ഗാന്‍ താരം ഇബ്രാഹിം സാദ്രാന്‍ 764 പോയിന്റുകളുമായി റാങ്കിംഗില്‍ നാലാം സ്ഥാനത്തെത്തി.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സിഡ്നിയില്‍ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനം മുതല്‍ ആരംഭിച്ച മികച്ച സ്‌കോറിങ്ങാണ് കോലിയെ വീണ്ടും മുന്‍നിരയിലേക്ക് അടുപ്പിച്ചത്. അതിനുശേഷം കോലി തുടര്‍ച്ചയായി ഏഴു തവണ ഫോര്‍മാറ്റില്‍ 50-ലധികം റണ്‍സ് നേടിയിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുശേഷം, ദക്ഷിണാഫ്രിക്കയ്ക്കെതിരായ 2-1 പരമ്പര വിജയത്തില്‍ തുടര്‍ച്ചയായി രണ്ടു സെഞ്ചുറിയും ഒരു അര്‍ദ്ധസെഞ്ചുറിയും താരം അടിച്ചുകൂട്ടി. ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ 93 റണ്‍സ് നേടി മാച്ച് വിന്നിംഗ് ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ അമ്പതിലധികം സ്‌കോറുകള്‍  നേടുന്ന ഇന്ത്യന്‍ താരമെന്ന മറ്റൊരു റെക്കോര്‍ഡിലും കോലി എത്തി.