രോഹിത്തും കോലിയും എങ്ങും പോവില്ല; ബിസിസിഐ വൈസ് പ്രസിഡന്റ്

വിരമിക്കല്‍ പ്രഖ്യാപനം താരങ്ങളുടെ വ്യക്തിപരമായതീരുമാനമാണെന്നും ഇതില്‍ ബിസിസിഐ ഇടപെടാറില്ലെന്നും രാജീവ് ശുക്ല വ്യക്തമാക്കി.

author-image
Jayakrishnan R
New Update
virat-kohli-rohit-sharma

virat-kohli-rohit-sharma



മുംബൈ: ഏകദിന ക്രിക്കറ്റില്‍ വിരാട് കോലിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ഇന്ത്യന്‍ ടീമില്‍ തുടരുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. കോലിയുടെയും രോഹിത്തിന്റെയും അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭാവിയെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് ബിസിസിഐയുടെ വിശദീകരണം. 2024ലെ ലോകകപ്പ് വിജയത്തോടെ കോലിയും രോഹിത്തും ട്വന്റി 20യില്‍ നിന്ന് വിരമിച്ചിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിന് തൊട്ടുമുന്‍പ് ഇരുവരും ടെസ്റ്റില്‍നിന്നും വിരമിച്ചു.

വിരമിക്കല്‍ പ്രഖ്യാപനം താരങ്ങളുടെ വ്യക്തിപരമായതീരുമാനമാണെന്നും ഇതില്‍ ബിസിസിഐ ഇടപെടാറില്ലെന്നും രാജീവ് ശുക്ല വ്യക്തമാക്കി. ഏകദിനത്തില്‍ തുടരാന്‍ കോലിയും രോഹിത്തും തീരുമാനിച്ചത് ഇന്ത്യന്‍ ക്രിക്കറ്റിന് നല്ല കാര്യമാണെന്നും ബിസിസിഐ വൈസ് പ്രസിഡന്റ് പറഞ്ഞു. അടുത്ത കാലത്തൊന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏകദിന ക്രിക്കറ്റ് കളിച്ചിട്ടില്ല. ഇരുവരും ഏകദിന ക്രിക്കറ്റ് കളിക്കുന്നത് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. 

ഓഗസ്റ്റില്‍ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര. അതിലൂടെ തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ ടീം ഇന്ത്യ ബംഗ്ലാദേശ് പര്യടനത്തിനുണ്ടാകുമോ എന്നുള്ള കാര്യം ബിസിസിഐ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഓഗസ്റ്റ് 17, 20, 23 തീയതികളില്‍ മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കേണ്ടത്. തുടര്‍ന്ന് 26, 29, 31 തീയതികളില്‍ മൂന്ന് ടി20 മത്സരങ്ങളും കളിക്കും. 

ബിസിസിഐക്ക് അനുമതി ലഭിച്ചില്ലെങ്കില്‍, രോഹിതും കോലിയും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത് ഒക്ടോബറില്‍ ഓസ്ട്രേലിയന്‍ പര്യടനം വരെ വൈകും. മൂന്ന് ഏകദിന മത്സരങ്ങളാണ് ഓസ്‌ട്രേലിയ ഇന്ത്യയില്‍ കളിക്കുക. ഒക്ടോബര്‍ 19 ന് പര്യടനം ആരംഭിക്കും.

cricket sports