കൊച്ചി : വിദേശ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ മൂന്നംഗസംഘം പിടിയില്‍. ചക്കരപ്പറമ്പില്‍ ഡ്രീമര്‍ പാഷനേറ്റ്, ഫ്ളൈയിങ് ഫ്യൂച്ചര്‍ എന്നീ സ്ഥാപനങ്ങള്‍ നടത്തിയിരുന്ന കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശി ദിവിക്ഷിത് (31), ഭാര്യ കോതമംഗലം കോട്ടപ്പടി സ്വദേശിനി ഡെന്ന (26), കണ്ണൂര്‍ മമ്പറം സ്വദേശി റിജുന്‍ (28) എന്നിവരെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റുചെയ്തത്.
പോളണ്ട്, ന്യൂസീലന്‍ഡ്, പോര്‍ച്ചുഗല്‍, അര്‍മേനിയ എന്നിവിടങ്ങളില്‍ വര്‍ക്ക് വിസയും ഉയര്‍ന്ന ശമ്പളത്തിലുള്ള ജോലിയും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. വിസ നല്‍കാതെ കബളിപ്പിക്കുന്നതിനൊപ്പം ചിലര്‍ക്ക് വിസിറ്റിങ് വിസ നല്‍കിയും ഇവര്‍ പണം തട്ടിയതായി പോലീസ് പറയുന്നു. വിദേശത്തെത്തുമ്പോള്‍ വിസിറ്റിങ് വിസ വര്‍ക്ക് വിസയാക്കി മാറ്റിത്തരാമെന്ന ഉറപ്പിന്മേല്‍ പണം നല്‍കിയവര്‍ കബളിപ്പിക്കപ്പെട്ടു.
ന്യൂസീലന്‍ഡിലേക്ക് ഈ രീതിയില്‍ വിസിറ്റിങ് വിസ നല്‍കി തിരുവനന്തപുരം സ്വദേശികളില്‍നിന്ന് 14 ലക്ഷം രൂപയും അര്‍മേനിയയിലേക്കെന്ന പേരില്‍ കൊച്ചി സ്വദേശിയില്‍നിന്ന് അഞ്ചുലക്ഷം രൂപയും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇതുകൂടാതെ ഏഴു കേസുകളും ഇവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒളിവിലായിരുന്ന പ്രതികളെ പാടിവട്ടത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.