പാലക്കാട്: ശ്രീലങ്കയില്‍ അടുത്തമാസം നടക്കുന്ന വെറ്ററന്‍സ് ക്രിക്കറ്റ് ലോകകപ്പില്‍ ഒരു മലയാളി ഇന്ത്യന്‍ ജഴ്‌സിയണിയും. പാലക്കാട് കുന്നത്തൂര്‍മേട് എലന്തിയില്‍കോട് കമലാലയത്തില്‍ എം.മുരുകന്‍ (50) ആണ് ടീമിലെ ഏക മലയാളി താരം. ഇന്ത്യയുടെ ആദ്യ മത്സരം ഫെബ്രുവരി 9ന് ഓസ്‌ട്രേലിയ്ക്ക് എതിരെയാണ്.
അതിനു മുന്‍പ് 6ന് ന്യൂസീലന്‍ഡ്, 7ന് വെസ്റ്റിന്‍ഡീസ് ടീമുകളുമായി പരിശീലന മത്സരം നടക്കും. നോയിഡയില്‍ നടന്ന മേഖലാ മത്സരങ്ങളില്‍ ദക്ഷിണ മേഖലയ്ക്കായി നടത്തിയ മികച്ച പ്രകടനമാണ് ടോപ് ഓര്‍ഡര്‍ ബാറ്ററും മീഡിയം പേസറുമായ മുരുകനെ ഇന്ത്യന്‍ ടീമിലെത്തിച്ചത്.
10-ാം വയസ്സില്‍ ഗവ.വിക്ടോറിയ കോളജ് മൈതാനത്താണ് കളിച്ചു തുടങ്ങിയത്. സംസ്ഥാന അണ്ടര്‍ 12 ടീം മുതല്‍ അണ്ടര്‍ 23 ടീം വരെ ഓള്‍റൗണ്ടറായി തിളങ്ങി.
1990-1993ല്‍ കാലിക്കറ്റ് സര്‍വകലാശാലാ ടീമിനു വേണ്ടിയും കളിച്ചു. ഇതിനിടെ ബിസിസിഐ ലെവല്‍ വണ്‍ പരിശീലന ലൈസന്‍സും നേടി. നിലവില്‍ പാലക്കാട് ഐഐടി ടീമിന്റെ ക്യാപ്റ്റനാണ്.