/kalakaumudi/media/media_files/2025/09/18/foot-2025-09-18-12-37-11.jpg)
തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോള്‍ തുടങ്ങാന്‍ ഇനി മാസങ്ങള്‍ മാത്രം. പതിവുള്ളതിലും കൂടുതല്‍ ടീമുകള്‍ ഇത്തവണ പങ്കെടുക്കുന്നുണ്ട്. 48 രാജ്യങ്ങളാണ് ഇക്കുറി ഫുട്ബോളിന്റെ വിശ്വവേദിയില്‍ മത്സരിക്കുക. 18 ടീമുകളാണ് ഇതുവരെ ലോകപ്പിന് എത്തുമെന്ന് ഉറപ്പാക്കിയിട്ടുള്ളത്. ആതിഥേയരായ അമേരിക്ക, കാനഡ. മെക്സിക്കോ എന്നിവരെ കൂടാതെ 15 ടീമുകളാണ് ഇതുവരെ മത്സരങ്ങളിലൂടെ യോഗ്യത ഉറപ്പാക്കിയത്.
ഓരോ ലോകകപ്പും കേരളത്തില്‍ വരവേല്‍ക്കപ്പെടുന്നത് പ്രധാനമായും ലാറ്റിനമേരിക്കയിലെ രണ്ടു രാജ്യങ്ങളുടെ ആരാധകരിലെക്ക് കേന്ദ്രീകരിച്ചാണ്. ലാറ്റിനമേരിക്ക എന്നാല്‍ ഈ രണ്ടു രാജ്യങ്ങള്‍ മാത്രമല്ലെന്നും ഓര്‍ക്കാറില്ല. കേരളത്തിലെ മുഖ്യധാരാ പത്രങ്ങളുടെ സ്‌പോര്‍ട്‌സ് പേജുകളും കുറച്ചു എഴുത്തുകാരും ചേര്‍ന്നാണ് ലാറ്റിനമേരിക്കന്‍ മിത്തിനെ ഇവിടെ പ്രതിഷ്ഠിച്ചത്.ഫുട്‌ബോള്‍ എന്നാല്‍ അര്‍ജന്റീന,ബ്രസീല്‍ എന്നീ രണ്ടു ടീമുകളും കേളീശൈലിയെന്നാല്‍ ലാറ്റിനമേരിക്കന്‍ ശൈലിയെന്നും കേരള മനസ്സുകളില്‍ ഊട്ടിയുറപ്പിക്കപ്പെടുന്നു.
ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരെന്ന സ്ഥാനത്തിനു വേണ്ടി മത്സരിക്കുന്നവര്‍ രണ്ടേ രണ്ടു പേര്‍, പെലെയും ഡീഗോ മാറഡോണയും .യൊഹാന്‍ ക്രൈഫ്,മിഷല്‍ പ്ലാറ്റിനി ,ബെക്കന്‍ ബോവര്‍,പുഷ്‌കാസ് എന്നിവരെല്ലാം ഇവര്‍ക്ക് പുറകില്‍ മാത്രം നില്‍ക്കുന്നവരായി. നാല് കൊല്ലത്തിലൊരിക്കല്‍ വരുന്ന ലോകകപ്പില്‍ മികച്ച പ്രകടനം നടത്തുന്നവര്‍ മാത്രമാണ് ലോകോത്തര കളിക്കാര്‍ എന്നൊരു പൊതു ധാരണയും രൂപപ്പെടുത്തിയതില്‍ ഈ മാധ്യമങ്ങള്‍ക്കുള്ള പങ്ക് സ്തുത്യര്‍ഹമാണ്.ഫ്‌ലാംബോയന്റ്‌റ് സോക്കര്‍ കളിക്കുന്നു എന്നതും ലാറ്റിനമേരിക്കയോടുള്ള ആരാധനക്ക് കാരണമാണ്. ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടീമുകളില്‍ ഒന്നായി വാഴ്ത്തപ്പെടുന്ന മാജിക്കല്‍ മഗ്യാര്‍സ് എന്നറിയപ്പെടുന്ന ഹംഗറി , എഴുപതുകളിലെ ഹോളണ്ടിന്റെ ഐതിഹാസിക ടീം , 70 കളിലെ തന്നെ ബെക്കന്‍ ബോവറും വോട്ട്‌സും മുള്ളറും അടങ്ങിയ ജര്‍മനിയുടെ ലോകോത്തര ടീം .ഇറ്റാലിയന്‍ ടീമുകള്‍ എന്നിവയെല്ലാം അവഗണിക്കപ്പെടുകയാണ്.
ജോര്‍ജ് ബസ്റ്റ് ആരാണെന്ന് സംശയിക്കുന്ന തലത്തില്‍ എത്തിച്ചു കൊണ്ടാണ് ഒരു തലമുറയിലേക്ക് പാതി വെന്ത ഫുട്‌ബോള്‍ ചരിത്രം ഫീഡ് ചെയ്യപ്പെട്ടത്. ജാക്ക് റൈനോള്‍ഡ്‌സ് രൂപപ്പെടുത്തി റിനസ് മിഷല്‍സ് വിജയകരമായി അപ് ഗ്രേഡ് ചെയ്ത് ഹോളണ്ടിലൂടെ ലോകഫുട്‌ബോളില്‍ പെയ്തിറങ്ങിയ ഓറഞ്ച് വസന്തം ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ മുന്നില്‍ തിളക്കം കുറഞ്ഞ രീതിയിലാണ് അവതരിപ്പിക്കപ്പെടുന്നത് .ടോട്ടല്‍ ഫുട്‌ബോളിന്റെ സുന്ദരമായ മുഖം യൊഹാന്‍ ക്രൈഫ് എന്ന ഇതിഹാസ താരത്തിലൂടെ ആദ്യം അയാക്‌സിലും പിന്നീട് ദേശീയ ടീമിലും മിഷല്‍സ് അവതരിപ്പിച്ചതൊക്കെ വായിച്ചറിയാനുള്ള അവസരം ഇവിടത്തെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നിഷേധിക്കപ്പെടുകയും ലാറ്റിനമേരിക്കന്‍ വീരഗാഥകള്‍ മാത്രമായി ഫുട്‌ബോള്‍ മാറുകയും ചെയ്തിരുന്നു.
അയാക്‌സ് കളിച്ച ടോട്ടല്‍ ഫുട്‌ബോളും മിലാന്‍ ടീമുകളുടെ കറ്റനാഷ്യോയും തമ്മിലുള്ള ആവേശകരമായ പോരാട്ടങ്ങള്‍ ഇവിടെ വിവരിക്കപ്പെടുന്നുമില്ല.മറിച്ചു എത്ര പരാജയപ്പെടുമ്പോഴും ലാറ്റിനമേരിക്കന്‍ ടീമുകള്‍ ഇവിടെ ആഘോഷിക്കപ്പെടുന്നുണ്ട് .ഓരോ ലോകകപ്പ് വരുമ്പോഴും സാധ്യതകള്‍ എത്ര കുറവായിരുന്നാലും കവിതകള്‍ രചിക്കപ്പെടുന്നത് ലാറ്റിനമേരിക്കക്ക് വേണ്ടിയാണ്.നമുക്ക് പൊതുവേ യാഥാര്‍ത്ഥ്യ ബോധത്തില്‍ നിന്നകന്നു നില്‍ക്കാനുള്ള ഒരു പ്രവണത കൂടുതലുമാണ് എന്ന് തോന്നുന്നു. ഗാലറികളെ എന്റര്‍ടെയിന്‍ ചെയ്യിക്കുന്ന ഫുട്‌ബോള്‍ എന്നതും ലാറ്റിനമേരിക്കന്‍ ആരാധനക്ക് ഒരു കാരണമായിട്ടുണ്ടെങ്കില്‍ അത്തരം ഫുട്‌ബോളും ഇന്ന് നമുക്കന്യമാണ് എന്ന് പറയാതെ വയ്യ.
ഹിഗ്വിറ്റ എന്ന ഗോളിയെ എടുക്കാം .ഗോള്‍ കീപ്പറുടെ ധര്‍മം ഗോള്‍വല കാക്കുക എന്നതാണെന്ന നിയമത്തെ വെല്ലുവിളിച്ചു കൊണ്ട് ഡ്രിബിള്‍ ചെയ്യാനും അപകടകരമാം വിധം മുന്നോട്ടു കയറി കളിക്കാനുമുള്ള ത്വര അയാളില്‍ ഉണ്ടായിരുന്നു.സ്‌കോര്‍പിയന്‍ കിക്ക് ഒരു വ്യത്യസ്തമായ അനുഭവമായി അവശേഷിക്കുമ്പോഴും ബേസിക്കലി ഗോള്‍ കീപ്പറുടെ ഗുരുതരമായ ഒരു പിഴവ് മാത്രമാണെന്ന തിരിച്ചറിവ് ഏറെ വൈകിയാണ് പലര്‍ക്കും ഉണ്ടാകുന്നത്.
സ്‌കോര്‍പിയന്‍ കിക്ക് ഒരു നിഷേധിയുടെ വിപ്ലവം എന്ന രീതിയില്‍ ബൂസ്റ്റ് ചെയ്യപ്പെട്ടപ്പോഴും ആയൊരു നിമിഷത്തിലെ ആവേശത്തിനപ്പുറം സ്വന്തം ടീമിനെ പരാജയത്തിലേക്ക് തള്ളിയിടാന്‍ മാത്രം കെല്പുള്ള ഒരു തെറ്റാണതെന്നു വിലയിരുത്തുന്നവര്‍ കുറവാണ്. അയാളുടെ പിഴവുകള്‍ പല മത്സരങ്ങളും പരാജയപ്പെടാന്‍ കാരണമായതും മറക്കരുത്. ലാറ്റിനമേരിക്കന്‍ കളിക്കാരുടെ പിഴവുകള്‍ പോലും എങ്ങനെയായിരുന്നു ഇവിടത്തെ മാധ്യമങ്ങളിലൂടെ അവതരിപ്പിക്കപ്പെട്ടത് എന്നതിനൊരു ഉദാഹരണമാണ് ഹിഗ്വിറ്റ.
86 ലെ ഡീഗോ മാറഡോണയുടെ കൈ കൊണ്ട് തട്ടിയിട്ടു നേടിയ ഗോളിനെ ദൈവത്തിന്റെ കൈ കൊണ്ട് നേടിയ ഗോള്‍ എന്ന നിലയില്‍ വീരോചിത പരിവേഷം നല്‍കിയാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്.ഫുട്‌ബോള്‍ നിയമങ്ങള്‍ പാടെ കാറ്റില്‍ പറത്തിക്കൊണ്ട് നേടിയ ആ ഗോളിന് ലഭിച്ച സ്വീകരണം പോസിറ്റീവ് ആയിരുന്നു .ഡീഗോ ലോകത്തൊരു കളിക്കാരനും കഴിയാത്ത രീതിയില്‍ മനോഹരമായ ഒരു ഗോള്‍ കൊണ്ട് ആ കളിയില്‍ തന്നെ അയാളെന്തായിരുന്നു എന്ന് കാട്ടിത്തന്നെങ്കിലും കൈ കൊണ്ട് നേടിയ ഗോള്‍ ഒരു വലിയ തെറ്റാണെന്നു പലപ്പോഴും ചൂണ്ടിക്കാട്ടപ്പെട്ടുമില്ല.
ഇറ്റലിയെന്നാല്‍ വെറും പ്രതിരോധക്കോട്ടയുയര്‍ത്തി എതിരാളികളെ ഗോളടിപ്പിക്കാതെ തളച്ചിടുന്ന ടീമായി അവതരിപ്പിക്കപ്പെടുന്നു. ഹൈലി ഓര്‍ഗനൈസ്ഡ് ആയ ഇറ്റലിയുടെ കറ്റനാഷ്യോ ശൈലി ഒരു ശൈലിയായി പോലും പ്രസന്റ് ചെയ്യപ്പെടുന്നില്ല. കാണികള്‍ക്ക് വിരസമായ മത്സരങ്ങള്‍ മാത്രം നല്‍കുന്ന ടീമിന്റെ കഥകളൊന്നും തന്നെ പറയാനുമില്ല.
ടെക്‌നിക്കലി അസാധാരണമാം വിധം മികച്ചു നില്‍ക്കുന്ന ഒരു കൂട്ടം കളിക്കാരുടെ സംഗമം . ഈ സിംഫണി നിയന്ത്രിച്ചു കൊണ്ട് പ്ലേ മേക്കര്‍ യൊഹാന്‍ ക്രൈഫും. അയാക്‌സ് ഇന്റര്‍ മിലാനെയും എ.സി മിലാനെയും തകര്‍ത്തു കളയുന്നതോടെയാണ് കറ്റനാഷ്യോ തകര്‍ച്ച നേരിടുന്നത്.തിരമാലകളെ പോലെ ഇരമ്പി വരുന്ന ഒരു ഫ്‌ലൂയിഡ് സിസ്റ്റത്തെ തടഞ്ഞു നിര്‍ത്താന്‍ കറ്റനാഷ്യോക്ക് കഴിഞ്ഞില്ല.ക്രൈഫിന്റെ നേതൃത്വത്തില്‍ ഹോളണ്ട് ദേശീയ ടീമിലും വിജയകരമായി അവതരിപ്പിക്കപ്പെട്ടിരുന്നു ടോട്ടല്‍ ഫുട്‌ബോള്‍.
74 ലെ ലോകകപ്പ് ഹോളണ്ടിന്റെ പടയോട്ടമായിരുന്നു.ലാറ്റിനമേരിക്കന്‍ ശക്തികളായ ബ്രസീലിനെ 2 ഗോളിനും അര്‍ജന്റീനയെ 4 ഗോളിനും തകര്‍ത്തു വിട്ട ഓറഞ്ച് പടയുടെ മികവ് നമ്മുടെ നാട്ടിലെ വാഴ്ത്തുപാട്ടുകളില്‍ ഉണ്ടായിരുന്നില്ല. 74 ലെ ലോകകപ്പ് ഫൈനല്‍ ടോട്ടല്‍ ഫുട്‌ബോളിന്റെയും ഓറഞ്ച് പടയുടെയും കിരീടധാരണമാകുമെന്നായിരുന്നു പ്രതീക്ഷകളെങ്കിലും ജര്‍മന്‍ പട ബര്‍ഗി വോട്‌സിനെ ഉപയോഗിച്ച് ക്രൈഫിനെ കടുത്ത മാന്‍ മാര്‍ക്കിംഗിന് വിധേയനാക്കി അയാളുടെ സ്വാധീനം പരിമിതപ്പെടുത്തുകയും ഒന്നിനെതിരെ രണ്ടു ഗോളിന് വിജയിക്കുകയും ചെയ്തു.കടുത്ത പ്രതിസന്ധികളെ കൂടുതല്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്ന ജര്‍മന്‍ ഫുട്‌ബോളിനു പിന്നീടെന്നും ലോക ഫുട്‌ബോളിന്റെ മുന്‍നിരയില്‍ തന്നെയാണ് സ്ഥാനം.
സൗത്ത് അമേരിക്കന്‍ സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ ഒട്ടനവധി നയിച്ച സൈമണ്‍ ബൊളിവര്‍ ഇവിടെ എത്ര കണ്ടു പരിചിതനായിരുന്നു എന്നറിയില്ല ,പക്ഷെ ചെഗുവേര, ഫിദല്‍ കാസ്‌ട്രോ എന്നീ വിപ്ലവങ്ങള്‍ ഒരുപാട് നയിച്ച നാമങ്ങള്‍ക്ക് ആഗോള തലത്തില്‍ ഉണ്ടായിരുന്ന സ്വീകാര്യതയെ തന്ത്രപൂര്‍വ്വം കൂട്ടിയിണക്കിയ ഇവിടത്തെ മാധ്യമങ്ങള്‍ ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ തങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നവരുടെ ഫുട്‌ബോള്‍ ആണെന്ന പൊതുധാരണ രൂപപ്പെടുത്തിയോ എന്ന സംശയമുണ്ട്.
ശക്തമായ ബിംബങ്ങളെ മുന്നോട്ടു വക്കാതെ ഇവിടെ ഒന്നിനും വളര്‍ച്ചയില്ല എന്ന അവസ്ഥയില്‍ ലാറ്റിനമേരിക്കന്‍ കളിക്കാര്‍ വ്യക്തിഗത മികവ് കൊണ്ട് പൊതുവേ അംഗീകരിക്കപ്പെടുന്നവരായതും നമ്മുടെ ചായ് വിനു ആക്കം കൂട്ടിക്കാണണം.ആക്രമണമാണ് ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ മുഖമുദ്ര .അസാധാരണ പ്രതിഭയുള്ള ലാറ്റിനമേരിക്കന്‍ കളിക്കാരുടെ ഡ്രിബ്ലിംഗ് മികവും ഗോളുകളുടെ ഭംഗിയും കേരളത്തിലെ പാണന്മാരുടെ പാട്ടുകളില്‍ സ്ഥിര സാന്നിധ്യമാകുകയും ചെയ്തു.യൂറോപ്യന്‍ ഫുട്‌ബോള്‍ എല്ലാ കാലത്തും ടീം എന്ന കോണ്‍സപറ്റിലാണ് വിശ്വസിച്ചിരുന്നത്.
ലാറ്റിനമേരിക്കന്‍ ശൈലി എന്നൊരു ശൈലി തന്നെ ഉണ്ടോ എന്ന സംശയം നിലനില്‍ക്കെ യൂറോപ്പ് പാസ്സിംഗ് ,പൊസഷന്‍ ,പ്രതിരോധം എന്നിവയെ എല്ലാം ബേസ് ചെയ്തു ആകര്‍ഷകമായ കേളീശൈലികള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ആധിപത്യം ഒരു കാലഘട്ടത്തിനു ശേഷം അവസാനിച്ചത് പോലെ ഫുട്‌ബോള്‍ രണ്ടായിരാമാണ്ടിലേക്ക് പ്രവേശിച്ചപ്പോള്‍ യൂറോപ്പ് ആധിപത്യം സ്ഥാപിക്കുന്നത് വ്യക്തമായിരുന്നു.
ഇതിനു ശേഷം നടന്ന 4 ലോകകപ്പുകളില്‍ മൂന്നിലും യൂറോപ്യന്‍ ടീമുകളായിരുന്നു വിജയിച്ചത്.2002 ലെ ബ്രസീല്‍ മാത്രമാണ് ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിനു ചെറുതായി ജീവനുണ്ട് എന്നെങ്കിലും തെളിയിച്ചത്. കഴിഞ്ഞ 25 വര്‍ഷത്തിന്നിടെ ലാറ്റിനമേരിക്കയുടെ സാന്നിദ്ധ്യം അപകടകരമായ രീതിയില്‍ അറിയിച്ചിട്ടുള്ള ഒരേയൊരു ടീമും ബ്രസീലാണ് .
ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ വീഴ്ചക്കുള്ള പ്രധാന കാരണങ്ങള്‍ തേടി അധികം അലയേണ്ടതില്ല .ഗോള്‍കീപ്പര്‍,പ്രതിരോധം,മധ്യനിര എന്നീ 3 വിഭാഗങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഒരു വേള്‍ഡ് ക്ലാസ് ഗോള്‍ കീപ്പറും വേള്‍ഡ് ക്ലാസ് ഡിഫന്‍ഡറും പൊതുവേ ലാറ്റിനമേരിക്കന്‍ ടീമുകള്‍ക്ക് സ്വപ്നം മാത്രമാണ്. റിക്വെല്‍മെക്ക് ശേഷം ഒരു ക്ലാസ് മിഡ് ഫീല്‍ഡര്‍ അര്‍ജന്റീനക്ക് ഉണ്ടായിട്ടില്ല . ബ്രസീലില്‍ നിന്നും റിവാള്‍ഡോ,റൊണാള്‍ഡീന്‌ഹോ, കക്ക എന്നിവര്‍ക്ക് ശേഷം ഒരു ലോകോത്തര മിഡ് ഫീല്‍ഡറോ കഫുവിനു ശേഷം ഒരു മികച്ച ഡിഫന്‍ഡറോ വന്നിട്ടുമില്ല.മുന്നേറ്റനിരയില്‍ പക്ഷെ ലയണല്‍ മെസ്സിയും നെയ്മര്‍ ജൂനിയറും പ്രതിഭാസങ്ങള്‍ എന്ന് വിശേഷിപ്പിച്ചു മാറ്റി നിര്‍ത്തി നോക്കിയാലും സെര്‍ജിയോ അഗ്യുരോ ,കാര്‍ലോസ് ടെവസ്, എഡിസന്‍ കവാനി ,ഡീഗോ ഫോര്‍ലാന്‍ എന്നിങ്ങനെ മുന്നേറ്റം നയിക്കാന്‍ കെല്‍പുള്ള പ്രതിഭകളെ കാണാവുന്നതാണ്.അസാധാരണമാം രീതിയില്‍ വ്യക്തിഗത മികവുള്ള കളിക്കാര്‍ മുന്നേറ്റ മധ്യനിരകളില്‍ നിറഞ്ഞു നില്‍ക്കുന്ന സമയത്ത് ബ്രസീലിനോ അര്‍ജന്റീനക്കൊ ഗോള്‍ കീപ്പറോ, പ്രതിരോധ നിരയോ ലോകോത്തരമാകണം എന്നുണ്ടായിരുന്നില്ല.
യൂറോപ്യന്‍ ടീമുകള്‍ സിസ്റ്റമാറ്റിക് ആയി ഫുട്‌ബോള്‍ വളര്‍ത്തിയെടുത്തതോടെയാണ് ലാറ്റിനമേരിക്ക എക്‌സ്‌പോസ്ഡ് ആകുന്നത്. യൂറോപ്പിലെ മുന്‍നിര ക്ലബ്ബുകള്‍ക്കെല്ലാം തന്നെ മികച്ച യൂത്ത് അക്കാഡമികളുണ്ട് .യൂറോപ്പിലെ ഇന്നത്തെ ലോകോത്തര ഫുട്‌ബോളര്‍മാരില്‍ പലരും വളര്‍ന്നു വന്നത് ഇത്തരം അക്കാദമികളിലൂടെയാണ്.ബാര്‍സയുടെ ലാ മാസിയ,റയലിന്റെ ലാ ഫാബ്രിക്ക ,മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അക്കാഡമി, അയാക്‌സ് എന്നിവയിലൂടെയെല്ലാം യുവ ഫുട്‌ബോളര്‍മാര്‍ വളര്‍ന്നു വരികയാണ്.ഇവിടെ ലാറ്റിനമേരിക്ക ഒരു താരതമ്യം പോലുമല്ല.
ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ അതിന്റെ തനതായ ശൈലിയില്‍ ആവിഷ്‌കരിക്കാന്‍ ഇനി സാധ്യമല്ല എന്നതാണ് സത്യം.കൊട്ടിഘോഷിക്കുന്ന ഈ ലാറ്റിനമേരിക്കയില്‍ ഒരിടത്തെയും ദേശീയ ലീഗ് യൂറോപ്യന്‍ ലീഗുകളോടു താരതമ്യം ചെയ്യുമ്പോള്‍ ഒട്ടും കരുത്തുറ്റതുമല്ല .ലാറ്റിനമേരിക്കയിലെ പ്രമുഖ ടീമുകളില്‍ കളിക്കുന്നവരില്‍ ഏറെയും യൂറോപ്പിലെ ക്ലബ്ബുകളില്‍ പയറ്റിത്തെളിഞ്ഞവരാണ്. യൂറോപ്യന്‍ ശൈലി പകര്‍ത്താനുള്ള ശ്രമത്തില്‍ പൂര്‍ണമായും വിജയിക്കാതെ നില്‍ക്കുകയാണ് ഇന്ന് ലാറ്റിനമേരിക്ക.ഡിഫന്‍സില്‍ നിന്നും അറ്റാക്കിലേക്കുള്ള ട്രാന്‍സിഷന്‍ വളരെ പതുക്കെയാണ്.ക്രിയേറ്റീവ് മിഡ് ഫീല്‍ഡര്‍മാരുടെ അഭാവവും കൂടെയാകുമ്പോള്‍ യൂറോപ്യന്‍ ശൈലി പൂര്‍ണമായി അഡാപ്റ്റ് ചെയ്യാന്‍ കഴിയുന്നുമില്ല,തനതായ ശൈലി നഷ്ടപ്പെടുകയും ചെയ്തു.
അര്‍ദ്ധസത്യങ്ങളും വാഴ്ത്തു പാട്ടുകള്‍ക്കുമിടയില്‍ അവഗണിക്കപ്പെടുന്ന ഫുട്‌ബോളിന്റെ യഥാര്‍ത്ഥ മുഖം കേരളത്തിലെ ആരാധകര്‍ ദര്‍ശിച്ചു തുടങ്ങുന്നത് വൈകിയാണ്. യൂറോപ്യന്‍ ലീഗുകളുടെ ലൈവ് ടെലികാസ്റ്റ് നമ്മുടെ കേരളത്തില്‍ ലഭ്യമായി തുടങ്ങുന്നതോടെ മാറ്റങ്ങള്‍ ആരംഭിക്കുകയാണ്.പ്രീമിയര്‍ ലീഗും ലാ ലിഗയും ബുണ്ടെഴ്‌സ് ലിഗയും തുറന്നു വച്ച സാധ്യതകള്‍ വിവിധ ലീഗുകളിലെ വ്യത്യസ്തമാര്‍ന്ന കേളീശൈലികളെ ഇവിടത്തെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി വ്യക്തിഗത മികവ് ഒരു ഫുട്‌ബോളറെ വിലയിരുത്തുന്നതിലെ അവസാന വാക്കല്ലെന്നും ഓര്‍ഗനൈസ്ഡ് ആയ യൂറോപ്യന്‍ ടീമുകളുടെ മുന്നില്‍ ലാറ്റിനമേരിക്കയുടെ വ്യക്തിഗത മികവുകളില്‍ ഊന്നിയുള്ള പോരാട്ടങ്ങള്‍ക്ക് അധികകാലം നിലനില്‍പുണ്ടാകില്ലെന്നുമുള്ള നഗ്‌ന സത്യം തുറന്നു വക്കപ്പെട്ടു.
ഫോര്‍മെഷനുകള്‍ ,പാസ്സിംഗ് എന്നിവയിലൂന്നി രൂപപ്പെട്ട ടിക്കി ടാക്ക പോലുള്ള കേളീശൈലികള്‍ കൊണ്ട് യൂറോപ്പ് വിസ്മയിപ്പിക്കുന്നത് അനുഭവവേദ്യമായി.പുതിയ തലമുറകളിലെ ആരാധകര്‍ യൂറോപ്പിലെ വ്യത്യസ്ത കേളീ ശൈലികളുമായി പരിചയപ്പെട്ടു.ഇന്റര്‍ നെറ്റ് പ്രചാരവും കൂടിയതോടെ പല തെറ്റിദ്ധാരണകളും മാറുകയാണ്.യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകള്‍ക്ക് ഇന്നിവിടെ ശക്തമായ ആരാധക വ്ര്യന്ദങ്ങളുണ്ട്.നാല് കൊല്ലത്തിലൊരിക്കല്‍ എന്ന പതിവിനു പകരമായി സീസണ്‍ മുഴുവന്‍ ഫുട്‌ബോള്‍ ഫോളോ ചെയ്യുന്നവരാണ് ഇന്ന് കൂടുതല്‍.
ഇന്നിവിടെ പാതി വെന്ത സത്യങ്ങളോ തെറ്റായ ധാരണകളോ ആരിലും അടിച്ചേല്‍പിക്കാന്‍ കഴിയില്ല. എല്ലാവരും ഓടുമ്പോള്‍ കൂടെയോടാന്‍ ശ്രമിക്കുന്നവരെ നമുക്ക് തല്‍ക്കാലം വെറുതെ വിടാം.വിമര്‍ശകര്‍ ആരോപിക്കുന്നത് പോലെ കേരളത്തിലെ ഫ്‌ലക്‌സ് വ്യവസായത്തിനു മുന്തിയ സംഭാവനകള്‍ നല്‍കാന്‍ അന്ധമായ ലാറ്റിനമേരിക്കന്‍ പ്രണയം ഉപകരിച്ചിട്ടുണ്ട്.
സീസണല്‍ ഫുട്‌ബോള്‍ പ്രേമികള്‍ ,അതായത് ലോകകപ്പ് സമയത്ത് ആവേശഭരിതരായി ഇറങ്ങുന്നവര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലും നാട്ടിലും ലോകകപ്പ് ആവേശം പടര്‍ത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. ഗെയിം റീഡ് ചെയ്യുന്നതിനേക്കാള്‍ മത്സരഫലങ്ങളാണ് ഇവരെ സ്വാധീനിക്കുന്നതും.
എങ്കിലും യൂറോപ്പിലെ പ്രബലര്‍ ആരൊക്കെ എത്തും എന്നത് ഉള്‍പെടെ സസ്പെന്‍സ് ബാക്കി. 48 ടീമും ആരൊക്കെ എന്ന് അറിയാന്‍ കുറച്ചധികം കാത്തിരിക്കേണ്ടി വരും എന്ന് ചുരുക്കം. എന്തായാലും കാല്‍പന്തുകളിയുടെ വിശ്വവേദിയിലേക്ക് ആരൊക്കെ എത്തി എന്ന് നോക്കി തുടങ്ങാം. ഇതാദ്യമായാണ് മൂന്ന് രാജ്യങ്ങള്‍ കൂട്ടായി നിന്ന് ലോകകപ്പ് ഫുട്ബോളിന് ആതിഥ്യം വഹിക്കുന്നത്. ആതിഥേയര്‍ എന്ന നിലക്ക് മൂന്ന് രാജ്യങ്ങളും മത്സരിക്കാനും യോഗ്യത നേടിയിരിക്കുന്നു.
കാര്യം അമേരിക്ക എന്ന് പറയുമ്പോള്‍ കായികരംഗത്ത് ഓര്‍മ വരിക അത്ലറ്റിക്സും ഒളിമ്പിക്സും ബാസ്‌കറ്റ് ബോളും ബേസ് ബോളും ഒക്കെ ആണെങ്കിലും ഫുട്ബോളും അവര്‍ കൂടെ കൊണ്ട് നടന്നിട്ടുണ്ട്. 1930ല്‍ ഉറുഗ്വെയില്‍ നടന്ന ആദ്യ ലോകകപ്പ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത 13 ടീമുകളില്‍ ഒന്നായിരുന്നു അമേരിക്ക. മാത്രമല്ല ഉറുഗ്വെയും അര്‍ജന്റീനക്കും പിന്നാലെ മൂന്നാം സ്ഥാനക്കാരുമായിരുന്നു. (അന്ന് മൂന്നാംസ്ഥാനക്കാരെ കണ്ടെത്താന്‍ മത്സരമുണ്ടായിരുന്നില്ല. സെമിയിലെത്തിയ അമേരിക്കയുടെയും യുഗോസ്ലാവ്യയുടെയും പ്രകടനം വിലയിരുത്തി പിന്നീടാണ് ഫിഫ മൂന്നാം സ്ഥാനമെന്ന് പ്രഖ്യാപിച്ചത്).
തീര്‍ന്നില്ല. കുറച്ച് വൈകിയാണെങ്കിലും, കൃത്യമായി പറഞ്ഞാല്‍ 2006ല്‍ ഫിഫ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഹാട്രിക് നേട്ടം രേഖപ്പെടുത്തിയതും അന്ന് അമേരിക്കന്‍ ടീമില്‍ ഉണ്ടായിരുന്ന കളിക്കാരന്റെ പേരിലാണ്. ബെര്‍ട്ട് പെറ്റെന്യോഡിന്റെ. 1938ല്‍ അമേരിക്ക കളിച്ചില്ല.
പിന്നീട് അമേരിക്ക ലോകകപ്പ് ഫുട്ബോളിന് എത്തിയത് 1950ലാണ്. അന്നത്തെ ആ ടീമാകട്ടെ ഗ്രൂപ്പ് തലം കടന്നില്ലെങ്കിലും എക്കാലത്തെയും താരങ്ങളാണ്. ഫുട്ബോള്‍ കേമന്‍മാരെന്ന വിശേഷണവുമായി ആദ്യ ലോകകപ്പിന് എത്തിയ ഇംഗ്ലണ്ടിന്റെ പ്രഗത്ഭരായ ടീമിനെ ഞെട്ടിച്ചതാണ് കാരണം. അസ്സല്‍ കളിക്കാരായിരുന്നു ഇംഗ്ലണ്ടിന്റെ ടീമില്‍. അമേരിക്കയുടേതാകട്ടെ തട്ടിക്കൂട്ട് ടീമും. 500-1 ഇതായിരുന്നു വാതുവെപ്പുകാരുടെ കണക്ക്. അത്ര മേല്‍ ഇംഗ്ലണ്ടിന് പറഞ്ഞുറപ്പിച്ച ജയം.
പക്ഷേ നടന്നത് മറ്റൊന്നായിരുന്നു. കളിയുടെ മുപ്പത്തിയേഴാം മിനിറ്റ് കാത്തുവെച്ചത് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഞെട്ടിക്കലായിരുന്നു. വാള്‍ട്ടര്‍ ബാറിന്റെ ലോങ് ഷോട്ട് തല കൊണ്ട് സ്വീകരിച്ച് ജോ ഗേയ്ജന്‍സ് ഇംഗ്ലീഷ് ഗോളിയെ സ്തബന്ധനാക്കി കൊണ്ട് ഗോള്‍വലയിലേക്ക് പായിച്ചു. ആ ഒരൊറ്റ ജയവുമായി അമേരിക്കന്‍ ടീം നാട്ടിലേക്ക് മടങ്ങി. പക്ഷേ ആ ഒരൊറ്റ ജയം ആ ടീമിനെ എന്നന്നേക്കും ചരിത്രത്തില്‍ കുറിക്കുകയും ചെയ്തു.
അപ്രതീക്ഷിതമായ ജയത്തിന്റെ ഭാരമേറിയതു കൊണ്ടാണോ എന്നറിയില്ല, പിന്നെ കുറേക്കാലം ലോകകപ്പ് വേദികളില്‍ എവിടെയും അമേരിക്കയെ കണ്ടില്ല. യോഗ്യതാ മത്സരങ്ങളില്‍ കാലിടറി. നീണ്ട ഇടവേളക്ക് ശേഷം അവര്‍ പിന്നെ എത്തിയത് വര്‍ഷങ്ങള്‍ക്കിപ്പുറം 1990ലാണ്. പിന്നെ തുടര്‍ച്ചയായി 2014വരെയും അമേരിക്ക മത്സരിക്കാനെത്തി. 2018ല്‍ യോഗ്യത നേടിയില്ല. കഴിഞ്ഞ തവണ ഖത്തറിലും മത്സരിക്കാനെത്തി. ഇപ്പോഴിതാ വീണ്ടും.
1990ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായെങ്കിലും ആതിഥ്യം വഹിച്ച 1994ല്‍ സ്വന്തം നാട്ടുകാരുടെ മുന്നില്‍ മികച്ച പ്രകടനം പുറത്തെടുത്ത് പ്രീ ക്വാര്‍ട്ടറില്‍ എത്തി. റൊമാനിയയോട് തോറ്റു. സ്വിറ്റ്സര്‍ലന്‍ഡിനെ സമനിലയില്‍ തളച്ചു. കൂടുതല്‍ കരുത്തുള്ള കൊളംബിയയെ തോല്‍പിക്കായതാണ് പ്രീക്വാര്‍ട്ടറിലേക്ക് എത്താന്‍ സഹായകമായത്.
ആന്ദ്രെ എസ്‌കൊബാറിന്റെ സെല്‍ഫ് ഗോളിന്റേയും അതിന്റെ പേരില്‍ പിന്നീട് അദ്ദേഹം കൊല്ലപ്പെട്ടതുമാണ് ആ മത്സരം ബാക്കിയാക്കിയ ഓര്‍മയെങ്കിലും അമേരിക്കന്‍ ഫുട്ബോള്‍ ടീമിനും കാണികള്‍ക്കും ആ ജയം വളരെ പ്രധാനപ്പെട്ടതായിരുന്നു.
പിന്നീട് കപ്പുയര്‍ത്തിയ ബ്രസീലിനോട് പ്രീ ക്വാര്‍ട്ടറില്‍ അമേരിക്ക തോറ്റത്. ഫുട്ബോളിന്റെ കാര്യത്തില്‍ എത്രയോ കാതം മുന്നിലുള്ള ബ്രസീലിന്റെ ജയം ഒരൊറ്റ ഗോളിനായിരുന്നു. അമേരിക്കന്‍ ടീമിന്റെ പ്രതിരോധമികവും ഒത്തിണക്കവും അന്ന് പ്രശംസ നേടിയിരുന്നു.
തൊട്ടടുത്ത തവണ അതായത് 1998ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ അമേരിക്ക പുറത്തായി. 2002ല്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. അവസാന എട്ടില്‍ ഉള്‍പെട്ടു എന്നതിന് ഒപ്പം അല്ലെങ്കില്‍ അതിനേക്കാളും അമേരിക്ക ആഘോഷിച്ചത് രണ്ട് വിജയങ്ങളാണ്.
പിന്നീട് 2010ലും 2014ലും അമേരിക്ക പ്രീ ക്വാര്‍ട്ടറിലെത്തി. ലന്‍ഡന്‍ ഡൊണോവാനും ക്ലിന്റ് ഡെംസിയും അമേരിക്കയില്‍ ഫുട്ബോളിന്റെ പോസ്റ്റര്‍ ബോയ്സ് ആയി മാറിയ ടൂര്‍ണമെന്റായിരുന്നു 2010ലേത്. 2014ല്‍ മരണഗ്രൂപ്പിലായിരുന്നു അമേരിക്ക. എന്നിട്ടും ജര്‍മന്‍ ഇതിഹാസം യുര്‍ഗന്‍ ക്ലിന്‍സ്മാന്റെ പരിശീലനത്തിന് കീഴിലെത്തിയ അമേരിക്കന്‍ ടീം കരുത്തുറ്റ പ്രകടനം കാഴ്ച വച്ചു.
ഘാന, പോര്‍ച്ചുഗല്‍ , ജര്‍മനി. മൂന്ന് ടീമും ഫുട്ബോള്‍ കളിയില്‍ ഏറെ മികവുള്ളവര്‍. എന്നിട്ടും പൊരുതിക്കളിച്ച അമേരിക്കന്‍ ടീം പ്രീ ക്വാര്‍ട്ടറിലെത്തി. ബെല്‍ജിയത്തിനോട് 2-1ന് പൊരുതി തോറ്റു. അന്ന് ബെല്‍ജിയത്തിന്റെ ഗോളുകളുടെ എണ്ണം രണ്ടില്‍ ഒതുക്കിയത് അമേരിക്കന്‍ ഗോള്‍ വലയം കാത്ത ടിം ഹൊവാര്‍ഡിന്റെ മാന്ത്രിക പ്രകടനമായിരുന്നു. 16 എണ്ണം പറഞ്ഞ സേവുകളാണ് ഹൊവാര്‍ഡ് നടത്തിയത്.
ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനങ്ങളില്‍ ഒന്ന്. അന്ന് അമേരിക്കയുടെ ഏക ഗോള്‍ നേടിയതാകട്ടെ ടീമിലെ ബേബി ആയിരുന്ന ജൂലിയന്‍ ഗ്രീന്‍. 19കാരനായിരുന്ന ഗ്രീന്‍ അങ്ങനെ തന്റെ നാടിന് വേണ്ടി ലോകകപ്പ് ഫുട്ബോളില്‍ ഗോള്‍ അടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി.
യോഗ്യത നേടാതെ പോയ 2018ലെ ലോകകപ്പിന് ശേഷമാണ് അമേരിക്ക ഖത്തറിലെത്തുന്നത്. താരതമ്യേന പ്രായം കുറഞ്ഞ പുതിയ കളിക്കാരുമായി എത്തിയ ടീം പ്രീ ക്വാര്‍ട്ടറിലെത്തി. ഭാവിയുണ്ടെന്ന് തെളിയിച്ച് ഖത്തറില്‍ നിന്ന് മടങ്ങിയ ടീം സ്വന്തം നാട്ടില്‍ കളിക്കാനിറങ്ങുമ്പോള്‍ പുതിയ ഊര്‍ജം കണ്ടെത്തുമോ എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.
കോപ്പാ അമേരിക്കയിലും ലോകകപ്പിലും ഉള്‍പ്പെടെ അര്‍ജന്റീനക്ക് വേണ്ടി കളിച്ചിട്ടുള്ള എസ്പാന്യോള്‍, സതാംപ്ടണ്‍, പിഎസ്ജി തുടങ്ങി വിവിധ ക്ലബുകളുടെ പരിശീലകനായിട്ടുള്ള മൗറീസ്യോ പോച്ചെറ്റീനോ ആണ് അമേരിക്കന്‍ ടീമിന്റെ പരിശീലകന്‍. കളിക്കാനിറങ്ങന്നതോ യൂറോപ്യന്‍ ലീഗില്‍ കളിച്ച് പരിചയമുള്ളതും ഊര്‍ജവും മത്സരവീര്യവും ഉള്ള യുവനിരയും.