കൊച്ചി: കളിക്കാന്‍ വിളിച്ചാല്‍ പോയി കളിക്കുമെന്നും അല്ലെങ്കില്‍ കളിക്കാന്‍ വിളിക്കുന്നതിന് വേണ്ടിയുള്ള പണി നോക്കുമെന്നും സഞ്ജു സാംസണ്‍. 'മൂന്ന് ഫോര്‍മാറ്റിലേക്കും മാറാനാണ് ശ്രമം, ഐപിഎല്ലും ശേഷം നടന്ന ടി20 ലോകകപ്പും ശേഷം നടന്ന രണ്ട് പരമ്പരകളും വലിയ അനുഭവങ്ങളായിരുന്നു. അവസാനമത്സരങ്ങളില്‍ തിളങ്ങാനായില്ല, എന്നാല്‍ എപ്പോഴും മികച്ച നിലയില്‍ കളിക്കാന്‍ ശ്രമിക്കും', കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ച് ഇന്ത്യയുടെ മലയാളി ക്രിക്കറ്റ് താരം പറഞ്ഞു.
'ലോകകപ്പ് ജയിച്ചപ്പോഴാണ് ഇന്ത്യന്‍ ക്രിക്കറ്റര്‍ എന്നത് ചെറിയ കാര്യമല്ലെന്ന് മനസ്സിലായത്. രഞ്ജി ട്രോഫിയില്‍ കളിക്കണമെന്ന് ചെറുപ്പത്തില്‍ വലിയ ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹം ലോകകപ്പ് നേടുന്ന ടീമിലെത്തിച്ചു. ആ യാത്ര സ്വപ്നതുല്യവും അവിസ്മരണീയവുമാണെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. 'ന്യൂസിലാന്‍ഡ് മുതല്‍ വെസ്റ്റ്ഇന്‍ഡീസ് വരെ പോകുമ്പോഴും അവിടെ കളി കാണാനും പിന്തുണ നല്‍കാനും മലയാളികളുണ്ടാകും, കേരളത്തിന്റെ ഈ പിന്തുണ ഡ്രസിങ് റൂമില്‍ വരെ ചര്‍ച്ചയായിരുന്നു. 'എടാ മോനെ കളിയടാ' എന്ന ഗ്യാലറിയില്‍ നിന്നുള്ള ഒറ്റ ഡയലോഗില്‍ പേടിയും ടെന്‍ഷനുമെല്ലാം പോയി കിട്ടും-സഞ്ജു കൂട്ടിച്ചേര്‍ത്തു.