/kalakaumudi/media/media_files/2025/09/19/sanju-2025-09-19-13-54-33.jpg)
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് അവസാന ഗ്രൂപ്പ് മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. ആദ്യ രണ്ട് മത്സരങ്ങളും എളുപ്പത്തില്‍ ജയിച്ച ഇന്ത്യ മൂന്നാം അങ്കത്തിന് ഇറങ്ങുന്നത് ഇത്തിരികുഞ്ഞന്‍മാരായ ഒമാനെതിരായാണ്. സൂപ്പര്‍ നാലില്‍ നേരത്തെ തന്നെ ഇടം നേടിയ സാഹചര്യത്തില്‍ കാര്യമായ സമ്മര്‍ദ്ദം ഏതുമില്ലാതെയാണ് ടീം ഇക്കുറി ഇറങ്ങുന്നത്. മാത്രമല്ല ബാറ്റിംഗ് ഓര്‍ഡറിലും ടീം മൊത്തത്തിലും ചില പരീക്ഷണങ്ങള്‍ക്കും സാധ്യത കല്‍പ്പിക്കുന്നുണ്ട്.
ഒമാന്‍ ദുര്‍ബലര്‍ ആയതിനാല്‍ തന്നെ ഇലവനില്‍ മറ്റ് ചിലര്‍ക്ക് ഇടം നല്‍കുമോ ഗൗതം ഗംഭീര്‍ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ടീം ആരാധകരുടെ ആശങ്ക വേറെയാണ്. സൂപ്പര്‍ ഫോര്‍ അടുത്തെത്തിയിട്ടും ഇന്ത്യയ്ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്ന മത്സരങ്ങള്‍ ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല. മാത്രമല്ല ഇന്നത്തെ ഒമാന് എതിരായ മത്സരത്തിലും അത്തരമൊരു വെല്ലുവിളി പ്രതീക്ഷിക്കേണ്ട.
അങ്ങനെ വരുമ്പോള്‍ കൃത്യമായ ടീം കോമ്പിനേഷനും താരങ്ങളുടെ മത്സര പരിചയവും ഒക്കെ എങ്ങനെ കണക്ക് കൂട്ടാന്‍ കഴിയുമെന്ന ചോദ്യമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. പ്രധാനമായും ഈ ടൂര്‍ണമെന്റിന് മുന്‍പ് ഓപ്പണര്‍ ആയി അഭിഷേക് ശര്‍മ്മയ്ക്ക് ഒപ്പം കളിച്ചിരുന്ന സഞ്ജു സാംസണ്‍ ടോപ് ഓര്‍ഡറില്‍ നിന്ന് മാറിയാണ് ഇപ്പോള്‍ കളിക്കുന്നത്. അതുകൊണ്ട് കഴിഞ്ഞ രണ്ട് കളികളിലും താരത്തിന് ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയിരുന്നില്ല.
ഇതോടെ മൂന്നാം മത്സരത്തില്‍ സഞ്ജു മുന്‍നിരയില്‍ ഇറങ്ങുമോ എന്നാണ് പലരും ചോദിക്കുന്നത്.അതിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരമായ സഞ്ജയ് ബാംഗര്‍. ഒമാന് എതിരെ സഞ്ജു ടോപ് ഓര്‍ഡറില്‍ വരുമെന്നാണ് സഞ്ജയ് പറയുന്നത്. പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് കളിയില്‍ സഞ്ജുവിനും ഹര്‍ദിക് പാണ്ഡ്യയ്ക്കും ബാറ്റിംഗ് അവസരം കിട്ടാത്ത സാഹചര്യത്തില്‍ സഞ്ജുവിനെ ഇനി മുന്നോട്ട് ഇറക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
'നിലവിലേത് പോലെ ആദ്യ നാല് സ്ഥാനങ്ങളില്‍ തന്നെ എല്ലാവരും തുടരും, അതിനുശേഷം ശിവം ദുബെയും സഞ്ജു സാംസണും തമ്മിലൊരു മാറ്റം നിങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞേക്കും. കാരണം സഞ്ജു സാംസണും ഹാര്‍ദിക് പാണ്ഡ്യയ്ക്കും ടൂര്‍ണമെന്റില്‍ ഇതുവരെ ബാറ്റ് ചെയ്യാന്‍ അവസരം നേടിയിട്ടില്ല' എന്നാണ് ബാംഗര്‍ പറയുന്നത്.
ആദ്യ മത്സരങ്ങളില്‍ ഗില്‍ വലിയ സ്‌കോര്‍ നേടിയിട്ടില്ലാത്തതിനാല്‍ നാലാം നമ്പര്‍ വരെ അവര്‍ ഇതേ ബാറ്റിംഗ് തുടരുമെന്ന് ഞാന്‍ കരുതുന്നു. ഒരു മത്സരത്തില്‍ തിലകിന് അവസരം ലഭിച്ചുവെന്നും അദ്ദേഹം പറയുന്നു. അങ്ങനെയെങ്കില്‍ സഞ്ജു അഞ്ചാം നമ്പറില്‍ ആയിരിക്കും ഇന്നിറങ്ങുക. മാത്രമല്ല ഒമാന് എതിരെ ഇന്ത്യ ടോസ് നേടുകയാണെങ്കില്‍ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കണമെന്നാണ് സഞ്ജയ് ബാംഗര്‍ ആവശ്യപ്പെടുന്നത്.
'അതെ, ഇന്ത്യ തീര്‍ച്ചയായും ആദ്യം ബാറ്റ് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കും. ആദ്യം ബാറ്റ് ചെയ്യാന്‍ ശ്രമിക്കുക, നിങ്ങളുടെ ബാറ്റര്‍മാര്‍ക്ക് മതിയായ അവസരം നല്‍കുക, കാരണം രണ്ട് മത്സരങ്ങളിലും അഭിഷേക് ശര്‍മ്മയുടെ തുടക്കം ഇന്ത്യ നന്നായി മുതലെടുത്തിട്ടുണ്ട്... സൂര്യകുമാര്‍ യാദവും നന്നായി ബാറ്റ് ചെയ്തു, പക്ഷേ മറ്റ് ബാറ്റര്‍മാര്‍ക്ക് അധികം അവസരങ്ങള്‍ ലഭിച്ചിട്ടില്ല' അദ്ദേഹം ചൂണ്ടിക്കാട്ടി.
'ടോസ് ജയിച്ചാല്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുമെന്ന് ഞാന്‍ കരുതുന്നു. മഞ്ഞു വീഴുന്നതിനുള്ള സാധ്യതയുണ്ട്, അങ്ങനെ മഞ്ഞു വീഴുമ്പോള്‍ എങ്ങനെ പന്തെറിയണമെന്ന് ബൗളര്‍മാര്‍ക്ക് ഒരു അനുഭവം ലഭിക്കുമെന്നതിനാലാണിത്, ഇത് വരാനിരിക്കുന്ന മത്സരങ്ങളില്‍ ഒരു നിര്‍ണായക ഘടകമാകാം; സഞ്ജയ് ബാംഗര്‍ കൂട്ടിച്ചേര്‍ത്തു.