വിംബിള്‍ഡണ്‍ കിരീടം നിലനിര്‍ത്തുമോ അല്‍കാരസ്?

സെന്റര്‍ കോര്‍ട്ടില്‍ ആദ്യ രണ്ട് റൗണ്ടുകളില്‍ നേരിട്ടത് രണ്ട് ദ്രുവങ്ങളിലുള്ള താരങ്ങളെ. ഇറ്റാലിയന്‍ വെട്ടേരന്‍ ഫാബിയോ ഫോനീനിയേയും സമപ്രായക്കാരനായ ഒലിവര്‍ ടാര്‍വെറ്റിനേയും.

author-image
Jayakrishnan R
New Update
alkarez

alkarez



 

 ലണ്ടന്‍ : സെന്റര്‍ കോര്‍ട്ടിലെ പുല്‍നാമ്പുകള്‍ക്ക് മുകളില്‍ ചുവടുവെക്കുമ്പോള്‍ റാഫേല്‍ നദാലിന്റെ പിന്മുറക്കാരന്‍ കാര്‍ലോസ് അല്‍കാരസിനെ കാത്തിരിക്കുന്നത് ആ അപൂര്‍വതയാണ്. ഓപ്പണ്‍ എറയില്‍ വിംബിള്‍ഡണില്‍ തുടര്‍ച്ചയായി മൂന്നാം തവണ മുത്തമിടുന്ന അഞ്ചാമത്തെ മാത്രം പുരുഷ താരമാകുക എന്നത്. ഫേവറൈറ്റായി തുടങ്ങി, പക്ഷേ മൂന്നാം റൗണ്ടിലേക്ക് കടക്കുമ്പോള്‍, ലോക രണ്ടാം നമ്പര്‍ താരത്തിന് അതിന് കഴിയുമോയെന്നതില്‍ ടെന്നീസ് ലോകത്ത് തന്നെ ആശങ്കയുണ്ട്.

സെന്റര്‍ കോര്‍ട്ടില്‍ ആദ്യ രണ്ട് റൗണ്ടുകളില്‍ നേരിട്ടത് രണ്ട് ദ്രുവങ്ങളിലുള്ള താരങ്ങളെ. ഇറ്റാലിയന്‍ വെട്ടേരന്‍ ഫാബിയോ ഫോനീനിയേയും സമപ്രായക്കാരനായ ഒലിവര്‍ ടാര്‍വെറ്റിനേയും. പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെയുള്ള വൈഭവം, നെറ്റ് പ്ലെ, പവര്‍ഫുള്‍ സര്‍വുകള്‍, കൃത്യത, എലഗന്‍സ് - ഇതൊക്കെയാണ് അല്‍കാരസിനെ കോര്‍ട്ടിലെ അണ്‍ബീറ്റബിള്‍ ഫോഴ്‌സായി കാണുന്നതിന് പിന്നിലെ കാരണം.
പക്ഷേ ഫോനീനിയേയും ടാര്‍വെറ്റിനേയും നേരിടുമ്പോള്‍ മേല്‍പ്പറഞ്ഞ വിശേഷണങ്ങള്‍ ചേര്‍ത്തുവെക്കാനാകുന്ന അല്‍കാരസിനെയായിരുന്നില്ല ദൃശ്യമായത്. 38 വയസുകാരനായ ഫോനീനി കരിയറിന്റെ അസ്തമയ നാളുകളിലാണ്, തന്റെ അവസാന വിംബിള്‍ഡണിന് ഇറങ്ങുന്നു. 

ഫോനീനി തന്റെ പ്രൈം കാലഘട്ടത്തെ ഓര്‍മിപ്പിച്ചപ്പോള്‍ അല്‍കാരസ് മറിച്ചായിരുന്നു. ഫസ്റ്റ് സര്‍വുകള്‍ പൊതുവില്‍ നഷ്ടപ്പെടുത്തുന്ന ശൈലിയാണ് അല്‍കാരസിനുള്ളത്, ഫസ്റ്റ് സെറ്റുകളില്‍ തന്നെ പൂര്‍ണമായും ഗെയിമിലേക്ക് കടക്കുന്നതും വിരളം. ഫസ്റ്റ് സര്‍വുകള്‍ കണ്‍വേര്‍ട്ട് ചെയ്തത് 58 ശതമാനം മാത്രമായിരുന്നു. ഒന്‍പത് ഡബിള്‍ ഫോള്‍ട്ടുകളും നാലര മണിക്കൂര്‍ നീണ്ട മത്സരത്തില്‍ അല്‍കാരസിന്റെ ഭാഗത്തുനിന്നുണ്ടായി.
മറുവശത്ത് ഫോനീനിയുടെ ഭാഗത്തുനിന്ന് ക്വാളിറ്റി റിട്ടേണുകളും ബാക്ക്ഹാന്‍ഡ് ഫോര്‍ഹാന്‍ഡ് ഷോട്ടുകള്‍ക്കും സെന്റര്‍കോര്‍ട്ട് സാക്ഷിയായി. അല്‍കാരസിന്റെ ഡിഫന്‍സിനെ ചോദ്യം ചെയ്യുന്നതായിരുന്നു ഇത്. ഇതിലെല്ലാം ഉപരിയായി 21 ബ്രേക്ക് പോയിന്റ് അവസരങ്ങള്‍ അല്‍കാരസിനെതിരെ നേടിയെടുക്കാന്‍ ഫോനീനിക്ക് കഴിഞ്ഞിരുന്നു. അതില്‍ അഞ്ചെണ്ണം മാത്രമാണ് കണ്‍വേര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞതെന്നത് അല്‍കാരസിന്റെ വിംബിള്‍ഡണിലെ ആയുസ് നീട്ടിക്കൊടുത്തു.

എതിരാളികള്‍ക്ക് ഇത്രയും ബ്രേക്ക് പോയിന്റുകള്‍ നേടാന്‍ അവസരം കൊടുക്കുന്ന താരമല്ല അല്‍കാരസ്.  2024 വിംബിള്‍ഡണ്‍ ഫൈനലെടുത്താല്‍ തന്നെ ആല്‍ക്കരസിനെതിരെ ആകെ മൂന്ന് ബ്രേക്ക് പോയിന്റ് അവസരം മാത്രമായിരുന്നു നൊവാക്ക് ജോക്കോവിച്ചിന് സൃഷ്ടിക്കാന്‍ കഴിഞ്ഞത്.

ഫോനീനിക്കെതിരെ 15 ബ്രേക്ക് പോയിന്റ് അവസരങ്ങളില്‍ ഏഴെണ്ണമാണ് സ്പാനിഷ് താരത്തിന് തനിക്ക് അനുകൂലമാക്കാനായതും. റിട്ടേണുകളില്‍ പലതും റാക്കറ്റ് ഫ്രെയിമില്‍ നിന്നായിരുന്നു. ക്വാര്‍ട്ടില്‍ ഹൈ ഇന്റന്‍സിറ്റിയില്‍ കളിക്കുന്ന അല്‍കാരസില്‍ നിന്ന് വ്യത്യസ്തമായിരുന്നു ആദ്യ റൗണ്ടില്‍. 

ഫോനീനിക്കെതിരായ മത്സരത്തിന് ശേഷം തനിക്ക് ഗെയിം മെച്ചപ്പെടുത്താനുണ്ടെന്ന് വ്യക്തമാക്കിയ അല്‍കാരസ് തന്റെ ഫസ്റ്റ് സര്‍വുകളുടെ കൃത്യത വര്‍ധിപ്പിച്ചു. ടാര്‍വെറ്റിനെതിരെ മൂന്ന് സെറ്റ് ജയം നേടുമ്പോള്‍ 65 ശതമാനമായിരുന്നു ഫസ്റ്റ് സര്‍വ് കണ്‍വേര്‍ഷന്‍ റേറ്റ്. പക്ഷേ, ആല്‍ക്കരസിനെ നിഷ്പ്രഭമാക്കുന്ന പല നിമിഷങ്ങളും സെന്റര്‍ കോര്‍ട്ടിന് സമ്മാനിക്കാന്‍ ടാര്‍വെറ്റിന് കഴിഞ്ഞിരുന്നു.

പ്രത്യേകിച്ചും ആല്‍ക്കരസിന്റെ ട്രേഡ്മാര്‍ക്ക് ഡ്രോപ് ഷോട്ടുകളില്‍ നിന്ന് പോയിന്റ് നേടാന്‍ ഇംഗ്ലീഷ് യുവതാരത്തിന് സാധിച്ചു. അസാധ്യമെന്ന് തോന്നിക്കുന്ന കോര്‍ട്ട് കവറിങ് സ്പീഡ്. ബ്രേക്ക് പോയിന്റ് അവസരങ്ങള്‍ 11 തവണയാണ് അല്‍കാരസിനെതിരെ ടാര്‍വെറ്റ് നേടിയെടുത്തത്. അത് ബ്രേക്കായി പരിവര്‍ത്തനപ്പെടുത്താനായത് രണ്ട് പ്രാവശ്യം മാത്രമാണ്. മറുവശത്ത് ഫോനീനിക്കെതിരെ ബ്രേക്ക് വഴങ്ങിയ ശേഷം തിരിച്ചുവരവ് അല്‍കാരസിന് അല്‍പ്പം ശ്രമകരമായിരുന്നു, ടാര്‍വെറ്റിനെതിരെ അടുത്ത ഗെയിമില്‍ തന്നെ അതിന് കഴിഞ്ഞിരുന്നു.

ഫോനീനിക്കും ടാര്‍വെറ്റിനുമെതിരെ വിജയിച്ചത് സ്റ്റെ ഇന്‍ ദ ഗെയിം ആന്‍ഡ് ഫൈറ്റ് എന്ന തന്ത്രമായിരുന്നു. എതിരാളികളുടെ മികവ് തനിക്ക് ഒപ്പമല്ലാത്തതും നിലവിലെ ഫോമും അല്‍കാരസിനെ തുണച്ചിട്ടുമുണ്ടാകാം. പക്ഷേ, വരും റൗണ്ടുകളില്‍ എളുപ്പമാകില്ല.

ഇത്തണത്തെ വിംബിള്‍ഡണ്‍ അട്ടിമറികളുടേതാണെന്നത് ആദ്യ റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ തന്നെ തെളിഞ്ഞിരിക്കുന്നു. പുരുഷവിഭാഗത്തില്‍ അലക്സാണ്ടര്‍ സ്വരേവും ഡാനിയല്‍ മെദ്വദേവും രണ്ടാം റൗണ്ട് കാണാതെ മടങ്ങി. വനിതാ വിഭാഗത്തില്‍ ആദ്യ അഞ്ച് സീഡില്‍ ഇനി അവശേഷിക്കുന്നത് അരീന സാബലങ്ക മാത്രമാണ്. അതുകൊണ്ട്, ചരിത്രം കുറിക്കണമെങ്കില്‍ അല്‍കാരസ് തന്റെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കേണ്ടി വരും.

 

sports wimbledon