വിമ്പിള്‍ഡന്‍; അരീന സബലേങ്ക മൂന്നാം റൗണ്ടില്‍; ജാക്ക് ഡ്രേപ്പറിനെ വീഴ്ത്തി സിലിച്ച്, സിന്നറും ജോക്കോവിച്ചും മുന്നോട്ട്

ഇതോടെ വനിതാ സിംഗിള്‍സിലെ ആദ്യ 5 സീഡുകാരില്‍ അവശേഷിക്കുന്നത് സബലേങ്ക മാത്രം.

author-image
Jayakrishnan R
New Update
Aryna_Sabalenka_

Aryna_Sabalenka_

 

ലണ്ടന്‍ :  വിമ്പിള്‍ഡന്‍ മത്സരവേദിയായ ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബില്‍ അട്ടിമറിയില്‍  വീഴാതെ വനിതകളിലെ ഒന്നാം സീഡ് അരീന സബലേങ്ക. ചെക്ക് റിപ്പബ്ലിക്കിന്റെ മരിയ ബൗസ്‌ക്കോവയെ 7-6, 6-4ന് തോല്‍പിച്ച് സബലേങ്ക മൂന്നാം റൗണ്ടിലേക്ക് മുന്നേറി. എന്നാല്‍ കിരീടപ്പോരാട്ടത്തില്‍ ബെലാറൂസ് താരത്തിനു വെല്ലുവിളിയുയര്‍ത്തുമെന്നു കരുതിയ മറ്റുള്ളവര്‍ നിലംപൊത്തി. നാലാം സീഡും കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുമായ ഇറ്റലിയുടെ ജാസ്മിന്‍ പവോലീനിയെ റഷ്യയുടെ കമീല റഹിമോവ (4-6, 6-4, 6-4) അട്ടിമറിച്ചു.

ഇതോടെ വനിതാ സിംഗിള്‍സിലെ ആദ്യ 5 സീഡുകാരില്‍ അവശേഷിക്കുന്നത് സബലേങ്ക മാത്രം. രണ്ടാം സീഡ് കൊക്കോ ഗോഫ്, മൂന്നാം സീഡ് ജെസീക്ക പെഗുല, അഞ്ചാം സീഡ് ഷെങ് ക്വിന്‍വെന്‍ എന്നിവര്‍ ആദ്യ റൗണ്ടിലേ പുറത്തായിരുന്നു.

 നിലവിലെ ചാംപ്യന്‍ ബാര്‍ബോറ ക്രേജിക്കോവ, അഞ്ച് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള ഇഗ സ്യാംതെക്, മുന്‍ ലോക ഒന്നാം നമ്പര്‍ ജപ്പാന്റെ നവോമി ഒസാക്ക, യുഎസ് ഓപ്പണ്‍ മുന്‍ ചാംപ്യന്‍ എമ്മ റഡുകാനു, ഏഴാം സീഡ് മിറ ആന്‍ഡ്രീവ, 10-ാം സീഡ് എമ്മ നവാരോ എന്നിവര്‍ വനിതാ സിംഗിള്‍സില്‍ മൂന്നാം റൗണ്ടിലേക്കു മുന്നേറി.

പുരുഷ സിംഗിള്‍സില്‍ ബ്രിട്ടന്റെ ഡാനിയേല്‍ ഇവാന്‍സിനെതിരെ അനായാസ ജയത്തോടെ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് പുരുഷ സിംഗിള്‍സ് മൂന്നാം റൗണ്ടിലെത്തി (6-3, 6-2, 6-0). കരിയറിലെ ഇരുപതാം വിമ്പിള്‍ഡന്‍ ടൂര്‍ണമെന്റ് കളിക്കുന്ന ജോക്കോ 19-ാം തവണയാണ് മൂന്നാം റൗണ്ടിലെത്തുന്നത്. 12-ാം സീഡ് യുഎസിന്റെ ഫ്രാന്‍സെസ് ടിയഫോയെ അട്ടിമറിച്ച് ബ്രിട്ടന്റെ കാമറൂണ്‍ നോറിയും മൂന്നാം റൗണ്ടിലെത്തി.
ഒന്നാം സീഡായ ഇറ്റാലിയന്‍ താരം യാനിക് സിന്നര്‍ ഓസ്‌ട്രേലിയന്‍ താരം അലക്‌സാണ്ടര്‍ വുക്കിച്ചിനെ വീഴ്ത്തി മൂന്നാം റൗണ്ടില്‍ കടന്നു. 6-1, 6-1, 6-3 എന്ന സ്‌കോറിനാണ് സിന്നറിന്റെ വിജയം. രണ്ടാം സീഡ് കാര്‍ലോസ് അല്‍കാരസ്, അഞ്ചാം സീഡ് ടെയ്ലര്‍ ഫ്രിറ്റ്‌സ് എന്നിവര്‍ നേരത്തേ മൂന്നാം റൗണ്ടില്‍ സ്ഥാനമുറപ്പിച്ചിരുന്നു.

അതേസമയം, ബ്രിട്ടിഷ് താരം ജാക്ക് ഡ്രേപ്പര്‍ മുന്‍ വിമ്പിള്‍ഡന്‍ ഫൈനലിസ്റ്റ് കൂടിയായ മുപ്പത്താറുകാരന്‍ മാര്‍ട്ടിന്‍ സിലിച്ചിനോട് തോറ്റ് പുറത്തായി. 6-4, 6-3, 1-6, 6-4 എന്ന സ്‌കോറിനാണ് ക്രൊയേഷ്യന്‍ താരമായ സിലിച്ചിന്റെ വിജയം.

 

sports wimbledon