/kalakaumudi/media/media_files/2025/07/11/amanda-2025-07-11-20-08-42.jpg)
amanda
ലണ്ടണ്‍: ടെന്നീസിന്റെ വിശുദ്ധഭൂമിയിലെ സെന്റര്‍ കോര്‍ട്ടില്‍ അര്യാന സബലങ്കയുടെ മനോവീര്യത്തേയും കളിമികവിനേയും മറികടന്ന രണ്ട് മണിക്കൂറും 37 മിനുറ്റും. തന്റെ ആദ്യ ഗ്രാന്‍ഡ് സ്ലാം ഫൈനലിന് യോഗ്യതനേടി അമേരിക്കന്‍ താരം അമാന്‍ഡ അനിസിമോവ ഇങ്ങനെ പറഞ്ഞു, ഇത് യാഥാര്‍ത്ഥ്യമാണെന്ന് തോന്നുന്നില്ല, ഫൈനല്‍ പ്രവേശനം വിവരണങ്ങള്‍ക്ക് അതീതമായി തോന്നുന്നു.
ജീവിതത്തിലും കോര്‍ട്ടിലും ഒരുപാട് അണ്‍ഫോസ്ഡ് എററുകള്‍ക്കൊണ്ട് നഷ്ടമായതെല്ലാം തന്നെ തേടിയെത്തുന്നതിന്റെ ആത്മവിശ്വാസം സെന്റര്‍ കോര്‍ട്ടിലെ കാണികളുടെ ആദരം ഏറ്റുവാങ്ങുമ്പോള്‍ അനിസിമോവയുടെ മുഖത്തുണ്ടായിരുന്നു. ജീവിതത്തിലെ തിരിച്ചടികളേയും വെല്ലുവിളികളേയും തോല്‍പ്പിച്ച കഥകളിലെ മറ്റൊരു അധ്യായമാണ് അനിസിമോവ.
2019ലെ യുഎസ് ഓപ്പണിനുള്ള തയാറെടുപ്പിലായിരുന്നു കൗമാരതാരമായിരുന്ന അനിസിമോവ, തന്റെ പതിനെട്ടാം ജന്മദിനത്തിലേക്ക് ഇനി ഒരുവാരം മാത്രം ബാക്കി. ജൂനിയര്‍ വിഭാഗം യുഎസ് ഓപ്പണില്‍ ഇന്നത്തെ ലോക രണ്ടാം നമ്പര്‍ താരം കോക്കൊ ഗോഫിനെ കീഴടക്കി കിരീടം ചൂടിയവള്‍. അവളില്‍ ടെന്നീസ് ലോകത്തിനാകെ വലിയ പ്രതീക്ഷകളുണ്ടായിരുന്നു. അപ്പോഴാണ് അനിസിമോവയെ തേടി ആ വാര്‍ത്ത എത്തുന്നത്. തന്റെ പിതാവും മുഖ്യപരിശീലകനുമായിരുന്ന കോണ്‍സ്റ്റാന്റിന്‍ അനിസിമോവ ഹൃദയാഘാതം മൂലം മരണപ്പെട്ടിരിക്കുന്നു...
തന്റെ ജീവിതത്തിലേയും ടെന്നീസ് കരിയറിലേയും വഴികാട്ടിയെ അവിടെ നഷ്ടമാകുകയായിരുന്നു അനിസിമോവയ്ക്ക്. മടക്കം എളുപ്പമായിരുന്നില്ല, പക്ഷേ തയാറായി, കാരണം കോണ്‍സ്റ്റാന്റിന് ഇഷ്ടം കളത്തിലെ അനിസിമോവയെ ആയിരുന്നു. കോര്‍ട്ടിലേക്ക് എത്തിയ ശേഷമുള്ള ആദ്യ അഭിമുഖത്തില്‍ അസ്വസ്ഥയാണോയെന്ന ചോദ്യത്തിന് മുന്നില്‍ മറുപടിയില്ലാതെ വിതുമ്പുകയായിരുന്നു അനിസിമോവ. തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ ആഘാതമെന്നവള്‍ പറഞ്ഞുവെച്ചു.
അവളിലെ ടെന്നീസ് ലോകത്തിന്റെ പ്രതീക്ഷകള്‍ മങ്ങിത്തുടങ്ങുന്നതായിരുന്നു പിന്നീട് കോര്‍ട്ടുകള്‍ കണ്ടത്. പിതാവിന്റെ വിടവ് മറികടക്കാനാകാത്ത നാളുകള്‍. 2019 ഫ്രഞ്ച് ഓപ്പണ്‍ സെമി പ്രവേശനം മാറ്റി നിര്‍ത്തിയാല്‍ ഗ്രാന്‍ഡ് സ്ലാമുകളില്‍ നാലാം റൗണ്ടിനപ്പുറം താണ്ടാനായിട്ടില്ല അനിസിമോവയ്ക്ക്.
2023 മേയ് അഞ്ചിനാണ് അനിസിമോവയുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ആ പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. ടെന്നീസ് കോര്‍ട്ടില്‍ കിടക്കുന്ന അനിസിമോവയുടെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമായിരുന്നു അത്. അല്‍പ്പം നീണ്ട കുറിപ്പിലെ പ്രധാന വരികള്‍ ഇതായിരുന്നു. 2022 മുതല്‍ മാനസികാരോഗ്യ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുകയാണ് ഞാന്‍. ടെന്നീസ് ടൂര്‍ണമെന്റുകളുല്‍ പ്രത്യക്ഷപ്പെടുക എന്നത് അസഹനീയമായി മാറിയിരിക്കുന്നു. ഞാന്‍ ഇടവേളയെടുക്കുകയാണ്...
2023ലെ വിംബിള്‍ഡണിന് തൊട്ടുമുന്‍പായിരുന്നു ഈ പ്രഖ്യാപനം. എട്ട് മാസം കോര്‍ട്ടില്‍ നിന്ന് ഇടവേള. മാനസികാരോഗ്യം വീണ്ടെടുക്കാന്‍ ഉപയോഗിച്ചത് കുഞ്ഞുനാള്‍ മുതല്‍ കൗതുകത്തോടെ ഇഷ്ടപ്പെട്ട ചിത്രരചന. അത് കേവലം ഒരു ഹോബിയാക്കി മാറ്റുകയായിരുന്നില്ല, ആര്‍ട്ട് ഫോര്‍ ഹോപ് എന്ന ക്യാമ്പയിന്‍ ആരംഭിച്ചു, അനിസിമോവയുടെ ചിത്രങ്ങള്‍ ന്യൂയോര്‍ക്കിലെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചു. എക്‌സിബിഷനില്‍ നിന്ന് ലഭിച്ച തുക മാനസികാരോഗ്യത്തിന്റെ അവബോധം സൃഷ്ടിക്കുന്നതിനായി ഉപയോഗിച്ചു.
24ലെ ഓക്ക്ലന്‍ഡ് ഓപ്പണിലൂടെയായിരുന്നു തിരിച്ചുവരവ്. അന്ന് റാങ്കിങ്ങില്‍ 357-ാം സ്ഥാനത്തായിരുന്നു അമേരിക്കന്‍ താരം. എട്ട് മാസം കോര്‍ട്ടില്‍ നിന്ന് മാറി നിന്നെങ്കില്‍, അടുത്ത എട്ട് മാസത്തിനുള്ളില്‍ റാങ്കില്‍ ആദ്യ അന്‍പതിലേക്ക് കുതിച്ചുകയറാനും അനിസിമോവയ്ക്ക് സാധിച്ചു. 2024ല്‍ വിംബിള്‍ഡണിന്റെ യോഗ്യത റൗണ്ടിലായിരുന്നു മടക്കം, ടൂര്‍ണമെന്റിലേക്ക് കടക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ, 2025ല്‍ വിംബിള്‍ഡണിലെത്തുമ്പോള്‍ അനിസിമോവയ്ക്ക് പുല്‍മൈതാനിയിലെ വിജയങ്ങളുടെ ആത്മവിശ്വാസമുണ്ടായിരുന്നു.