വനിതാ ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് ഗുവാഹത്തിയില്‍ തുടക്കം: ആദ്യം ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും

ഫൈനല്‍ ഉള്‍പ്പെടെ 31 മത്സരങ്ങളാണ് ആകെ നടക്കുക. എട്ട് ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന പ്രാഥമിക റൗണ്ടില്‍ 28 കളികള്‍. പോയിന്റ് അടിസ്ഥാനത്തില്‍ മുന്നിലെത്തുന്ന നാല് ടീമുകള്‍ സെമിയില്‍ പ്രവേശിക്കും

author-image
Biju
New Update
WORLD

ഗുവാഹത്തി: ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് ഗുവാഹത്തിയില്‍ തുടക്കം. ഉച്ചതിരിഞ്ഞ് മൂന്നിന് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയ ടീമുകളായ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ കൊമ്പുകോര്‍ക്കും. ബാര്‍സ്പര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിനിടയ്ക്ക് ഉദ്ഘാടന ചടങ്ങുകളും നടക്കും. 'അത് വീട്ടിലേക്ക് കൊണ്ടുവരൂ' എന്ന ആശയത്തെ മുന്‍നിര്‍ത്തി ഗായിക ശ്രേയ ഘോഷാലിന്റെ നേതൃത്വത്തിലുള്ള സംഗീത വിരുന്ന് അരങ്ങേറും. പരിപാടിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച ഗായകന്‍ സുബീന്‍ ഗാര്‍ഗിന് ആദരമര്‍പ്പിക്കും.

വനിതാ ഏകദിന ലോകകപ്പിന്റെ 13-ാം പതിപ്പാണിത്. നവംബര്‍ രണ്ടിന് നടക്കുന്ന ഫൈനലോടുകൂടി അവസാനിക്കുന്ന ലോകകപ്പ് 34 ദിവസമായാണ് മടക്കുക. ഇന്ത്യയിലെ നാല് വേദികളും ശ്രീലങ്കയിലെ കൊളംബോയിലുമായാണ് മത്സരങ്ങള്‍. ഗുവാഹത്തിക്ക് പുറമെ നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയം, വിശാഖപട്ടണത്തെ എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയം, ഇന്‍ഡോറിലെ ഹോള്‍കര്‍ സ്റ്റേഡിയം എന്നിവ മത്സരങ്ങള്‍ക്ക് വേദിയാകും. കൊളംബോയില്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം.

ആതിഥേയരെന്ന നിലയില്‍ വേദി നിശ്ചയിക്കപ്പെട്ടപ്പോള്‍ തന്നെ ഇന്ത്യ യോഗ്യത ഉറപ്പച്ചു. 2022-2025 ഐസിസി വനിതാ ചാമ്പ്യന്‍ഷിപ്പുകളില്‍ മുന്നിലെത്തിയ അഞ്ച് ടീമുകള്‍ സ്വാഭാവിക യോഗ്യത നേടി. നിലവിലെ ജേതാക്കളായ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ശ്രീലങ്ക ടീമുകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ബംഗ്ലാദേശും പാകിസ്ഥാനും യോഗ്യതാ മത്സരത്തിലൂടെ ലോകകപ്പില്‍ ഉള്‍പ്പെട്ടു.

ഫൈനല്‍ ഉള്‍പ്പെടെ 31 മത്സരങ്ങളാണ് ആകെ നടക്കുക. എട്ട് ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന പ്രാഥമിക റൗണ്ടില്‍ 28 കളികള്‍. പോയിന്റ് അടിസ്ഥാനത്തില്‍ മുന്നിലെത്തുന്ന നാല് ടീമുകള്‍ സെമിയില്‍ പ്രവേശിക്കും. ഒക്ടോബര്‍ 26ന് പ്രാഥമിക ഘട്ടം അവസാനിക്കും. പിന്നാലെ 29, 30 തീയതികളിലായി സെമി. നവംബര്‍ രണ്ടിന് ഫൈനല്‍.

നിലവില്‍ നവി മുംബൈ ആണ് കലാശപ്പോരിനുള്ള വേദിയായി നിശ്ചയിച്ചിരിക്കുന്നത്. പാകിസ്ഥാന്‍ ഫൈനലിലെത്തിയാല്‍ വേദി കൊളംബോ ആയിരിക്കും. പാക് ടീം ഇന്ത്യയിലെത്തി കളിക്കാന്‍ തയ്യാറാവാത്തതിനാലാണ് ഇത്. സെമി മത്സരങ്ങള്‍ രണ്ടും ഭാരതത്തിലാണ് പക്ഷെ പാകിസ്ഥാന്‍ സെമിക്ക് യോഗ്യത നേടിയാല്‍ ഒരു മത്സരം കൊളംബോയില്‍ നടത്തേണ്ടിവരും.

1973 മുതലാണ് ഏകദിന വനിതാ ലോകകപ്പ് ക്രിക്കറ്റ് ആരംഭിച്ചത്. പ്രഥമ ലോകകപ്പ് ഇംഗ്ലണ്ട് നേടി. ഇതുവരെ നടന്ന 12 ലോക കിരീടങ്ങളില്‍ ഏഴിലും ജേതാക്കളായി ഓസ്ട്രേലിയ മുന്നില്‍ നില്‍ക്കുന്നു. നിലവിലെ ചാമ്പ്യന്‍ ടീമും ഓസ്ട്രേലിയ തന്നെ.