/kalakaumudi/media/media_files/2025/07/28/england-2025-07-28-20-10-24.jpg)
സ്വിറ്റ്‌സര്‍ലന്‍ഡ്: വനിത യൂറോ കപ്പ് കിരീടം നിലനിര്‍ത്തി സറീന വിങ്മാന്റെ ഇംഗ്ലണ്ട് ടീം. യൂറോ കപ്പ് ചരിത്രത്തില്‍ ഫൈനലില്‍ കണ്ട ആദ്യ പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ ലോക ചാമ്പ്യന്മാര്‍ ആയ സ്‌പെയിനിനെ ആണ് അവര്‍ തോല്‍പ്പിച്ചത്. ലോകകപ്പ് ഫൈനല്‍ പരാജയത്തിനുള്ള പ്രതികാരം കൂടിയായി ഇത് അവര്‍ക്ക്. സറീന വിങ്മാന്റെ തുടര്‍ച്ചയായ മൂന്നാം യൂറോ കപ്പ് കിരീടം ആണ് ഇത്. ആദ്യ പകുതിയില്‍ സ്പാനിഷ് ആധിപത്യം കണ്ട മത്സരത്തില്‍ ബാഴ്സലോണ താരം ഒലി ബാറ്റിലിന്റെ ഉഗ്രന്‍ ക്രോസില്‍ നിന്നു ഹെഡറിലൂടെ ഈ സീസണില്‍ അസാധ്യ ഫോമില്‍ കളിക്കുന്ന ആഴ്സണല്‍ താരം മരിയോണ കാല്‍ഡന്റി 25 മത്തെ മിനിറ്റില്‍ അവര്‍ക്ക് മുന്‍തൂക്കം നല്‍കി. തുടര്‍ന്നും സ്പാനിഷ് മുന്നേറ്റം തന്നെയാണ് മത്സരത്തില്‍ കാണാന്‍ ആയത്.
എന്നാല്‍ രണ്ടാം പകുതിയില്‍ മത്സരത്തില്‍ തിരിച്ചു വന്ന ഇംഗ്ലണ്ട് സ്‌പെയിനിനെ കൗണ്ടര്‍ അറ്റാക്കിലൂടെ നേരിട്ടു. സ്പാനിഷ് മുന്നേറ്റങ്ങളുടെ മുനയും അവര്‍ ഒടിച്ചു. 57 മത്തെ മിനിറ്റില്‍ പരിക്കേറ്റ ലോറന്‍ ജെയിംസിന് പകരം എത്തിയ ആഴ്സണലിന്റെ ക്ലോയി കെല്ലിയുടെ അവിസ്മരണീയമായ ക്രോസില്‍ നിന്നു അതുഗ്രന്‍ ഹെഡറിലൂടെ ഗോള്‍ നേടിയ ആഴ്സണല്‍ മുന്നേറ്റനിര താരം അലസിയ റൂസോ ഇംഗ്ലണ്ടിന് സമനില സമ്മാനിച്ചു. തുടര്‍ന്ന് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ ആവാത്തതോടെ മത്സരം എക്‌സ്ട്രാ സമയത്തേക്ക് നീണ്ടു. തുടര്‍ച്ചയായ മൂന്നാം മത്സരത്തില്‍ ആണ് ഈ യൂറോയില്‍ ഇംഗ്ലണ്ട് മത്സരം എക്‌സ്ട്രാ സമയം വരെ നീളുന്നത്. എക്‌സ്ട്രാ സമയത്ത് തനിക്ക് കിട്ടിയ 3 മികച്ച അവസരങ്ങള്‍ ആണ് പകരക്കാരിയായി ഇറങ്ങിയ 21 കാരിയായ സല്‍മ പരലുഹ പാഴാക്കിയത്.
സ്പാനിഷ് മുന്നേറ്റത്തെ തടഞ്ഞു നിര്‍ത്തിയ ക്യാപ്റ്റന്‍ ലിയ വില്യംസനും, ജെസ് കാര്‍ട്ടറും, ലൂസി ബ്രോണ്‍സും മത്സരം പെനാല്‍ട്ടി ഷൂട്ട് ഔട്ടിലേക്ക് നീട്ടി. പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ ബെത്ത് മീഡിന്റെ ആദ്യ കിക്ക് ഗോള്‍ ആയെങ്കിലും ഡബിള്‍ ടച്ച് കാരണം റീ ടേക്ക് എടുക്കാന്‍ റഫറി പറഞ്ഞു. ഇത് രക്ഷിച്ച കാറ്റ കോള്‍ സ്‌പെയിനിന് മുന്‍തൂക്കം നല്‍കി. തുടര്‍ന്ന് കിക്ക് പട്രീഷിയയും, അലക്സ് ഗ്രീന്‍വുഡും അത് രണ്ടും ഗോള്‍ ആക്കി മാറ്റി. എന്നാല്‍ സ്പെയിനിന്റെ രണ്ടാം കിക്ക് എടുക്കാന്‍ വന്ന മരിയോണയുടെ കിക്ക് ഹന്ന ഹാമ്പ്റ്റണ്‍ രക്ഷിച്ചു. നിയ ചാള്‍സ് പെനാല്‍ട്ടി ഗോള്‍ ആക്കിയതോടെ ഇംഗ്ലണ്ടിന് മുന്‍തൂക്കം. അടുത്ത കിക്ക് എടുക്കാന്‍ വന്ന ബാലന്‍ ഡിയോര്‍ ജേതാവ് അയിറ്റാന ബോണ്‍മാറ്റിയുടെ പെനാല്‍ട്ടിയും ഹന്ന രക്ഷിച്ചു. എന്നാല്‍ തുടര്‍ന്ന് പെനാല്‍ട്ടി എടുത്ത ഇംഗ്ലണ്ട് ക്യാപ്റ്റന്‍ വില്യംസന്റെ കിക്ക് സ്പാനിഷ് ഗോളിയും രക്ഷിച്ചു. എന്നാല്‍ സ്‌പെയിനിന്റെ അടുത്ത കിക്ക് എടുത്ത സല്‍മയുടെ ഷോട്ട് പുറത്ത് പോയതോടെ ഇംഗ്ലണ്ടിന് ജയം അടുത്ത് എത്തി. തുടര്‍ന്ന് പെനാല്‍ട്ടി എടുത്ത ക്ലോയി കെല്ലി ഉഗ്രന്‍ ഷോട്ടിലൂടെ ഗോളും കിരീടവും ഇംഗ്ലണ്ടിന് സമ്മാനിക്കുകയായിരുന്നു.