/kalakaumudi/media/media_files/2025/07/28/sareena-wingman-2025-07-28-21-37-11.jpg)
സ്വിറ്റ്‌സര്‍ലന്‍ഡ്: വിസ്മയം എന്നു മാത്രം വിളിക്കാവുന്ന തന്റെ പരിശീലന കരിയറില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി എഴുതി ചേര്‍ത്തു ഇംഗ്ലണ്ടിന്റെ ഡച്ച് പരിശീലക സറീന വിങ്മാന്‍. തുടര്‍ച്ചയായ മൂന്നാം യൂറോ കപ്പ് ആണ് സറീന ഈ വര്‍ഷത്തെ ജയത്തോടെ നേടുന്നത്. 2017 ല്‍ ഡച്ച് ടീമിനെയും 2022 ല്‍ ഇംഗ്ലണ്ടിനെയും പരാജയം അറിയാതെ കിരീടത്തിലേക്ക് നയിച്ച സറീനക്ക് പക്ഷെ ഇത്തവണ ആദ്യ മത്സരത്തില്‍ തന്നെ പരാജയം നേരിട്ടു. എന്നാല്‍ ഫ്രാന്‍സിനു എതിരെ നേരിട്ട ആ പരാജയത്തില്‍ നിന്നു ഉയിര്‍ത്തെഴുന്നേറ്റ ഇംഗ്ലണ്ട് ടൂര്‍ണമെന്റ് അവസാനിക്കുമ്പോള്‍ കിരീടം ഉയര്‍ത്തിയാണ് മടങ്ങുന്നത്. മൂന്നാം യൂറോ കപ്പ് കിരീടം നേടിയ സറീന 2019 ല്‍ ഡച്ച് ടീമിനെയും 2023 ല്‍ ഇംഗ്ലണ്ട് ടീമിനെയും ഫൈനലിലും എത്തിച്ചിരുന്നു. ജര്‍മ്മനിയുടെ ജെറോ ബിസാന്‍സ്, ടിന തെനെ എന്നിവര്‍ക്ക് ശേഷം തുടര്‍ച്ചയായി മൂന്നു യൂറോ കപ്പ് കിരീടങ്ങള്‍ നേടുന്ന ആദ്യ പരിശീലക കൂടിയാണ് സറീന.
തന്റെ കടുത്ത രീതികള്‍ കൊണ്ടും ചിട്ടയായ പരിശീലന മുറ കൊണ്ടും ശ്രദ്ധേയയായ സറീന മധ്യനിര താരമായി തുടങ്ങി പിന്നീട് പ്രതിരോധതാരമായ താരമാണ്. 99 തവണ ഹോളണ്ടിനു ആയി കളിച്ച താരം കരിയര്‍ അവസാനിപ്പിച്ച ശേഷം പരിശീലക വേഷത്തില്‍ എത്തുക ആയിരുന്നു. സഹ പരിശീലക ആയും താല്‍ക്കാലിക പരിശീലക ആയും ജോലി ചെയ്ത ശേഷം 2017 യൂറോ കപ്പിന് 6 മാസം മുമ്പാണ് ഹോളണ്ട് പരിശീലകയായി സറീന എത്തുന്നത്. 5 ല്‍ 4 സൗഹൃദ മത്സരവും തോറ്റ് നിന്ന ആത്മവിശ്വാസം ഒട്ടും ഇല്ലാത്ത ഡച്ച് ടീമിനെക്കൊണ്ടു ചരിത്രം എഴുതിക്കുന്ന സറീനയെ ആണ് പിന്നീട് കാണാന്‍ ആയത്. 2017 ല്‍ എല്ലാ മത്സരവും ജയിച്ച സെറീനയുടെ ഡച്ച് ടീം ഡെന്മാര്‍ക്കിനെ ഫൈനലില്‍ 4-2 നു തോല്‍പ്പിച്ചു കിരീടവും ഉയര്‍ത്തി. ഹോളണ്ട് വനിത ഫുട്ബോളില്‍ നേടുന്ന ആദ്യ വലിയ കിരീട നേട്ടവും യൂറോപ്യന്‍ കിരീടവും ആയിരുന്നു അത്. 1988 ല്‍ പുരുഷ ടീം യൂറോ കപ്പ് ജയിച്ച ശേഷം ഹോളണ്ട് ഫുട്ബോള്‍ നേടുന്ന വലിയ നേട്ടവും അത് തന്നെയായിരുന്നു. ആ വര്‍ഷം ഫിഫ യുടെ ലോകത്തിലെ ഏറ്റവും മികച്ച വനിത പരിശീലകക്ക് ഉള്ള പുരസ്‌കാരവും മറ്റാര്‍ക്കും ആയിരുന്നില്ല.
2019 ലോകകപ്പില്‍ ഹോളണ്ടിനെ ഫൈനലില്‍ എത്തിക്കാന്‍ ആയെങ്കിലും സറീനയുടെ ഡച്ച് ടീം അമേരിക്കന്‍ കരുത്തിനു മുമ്പില്‍ വീണു പോയി. ഡച്ച് ഫുട്ബോളിന് നല്‍കിയ സംഭാവനകള്‍ക്ക് സറീനക്ക് നിരവധി പുരസ്‌കാരങ്ങള്‍ ആണ് ഡച്ച് ഫുട്ബോള്‍ അസോസിയേഷനും രാജ്യവും നല്‍കിയത്.
2020 അഗസ്റ്റിന് ആണ് സറീന 2021 സെപ്റ്റംബര്‍ മുതല്‍ ഇംഗ്ലണ്ട് വനിത ടീം പരിശീലക ആവും എന്നു ഇംഗ്ലണ്ട് ഫുട്ബോള്‍ അസോസിയേഷന്‍ അറിയിക്കുന്നത്. ഫില്‍ നെവിലില്‍ നിന്നു സ്ഥാനം ഏറ്റെടുത്ത സറീന ഇംഗ്ലീഷ് ടീം പരിശീലക/പരിശീലകന്‍ ആവുന്ന ഇംഗ്ലീഷുകാരിയല്ലാത്ത ആദ്യ വ്യക്തി കൂടിയായിരുന്നു. തുടര്‍ന്ന് കണ്ടത് ഇംഗ്ലണ്ട് ഫുട്ബോള്‍ ചരിത്രത്തിലെ സുവര്‍ണ കാലം ആയിരുന്നു. 2022 യൂറോ കപ്പ് ഫൈനലില്‍ ജര്‍മ്മനിക്ക് മേല്‍ ജയം 1966 ലെ പുരുഷ ലോകകപ്പ് നേട്ടത്തിന് ശേഷം ഇംഗ്ലണ്ടിന് ഒരു പ്രധാന കിരീടനേട്ടം സറീന സമ്മാനിച്ചു. തുടര്‍ന്നു 2023 ലോകകപ്പ് ഫൈനലിലും അവരെ എത്തിക്കാന്‍ ആയെങ്കിലും ഫൈനലില്‍ സ്‌പെയിനിന് മുമ്പില്‍ ഇംഗ്ലണ്ട് വീണു. ഇത്തവണ യൂറോ കപ്പില്‍ പരിചയസമ്പത്തിനു ഒപ്പം യുവത്വത്തിനും പ്രാധാന്യം നല്‍കിയാണ് സറീന ടീം ഒരുക്കിയത്. 19 കാരിയായ ഇംഗ്ലണ്ടിന്റെ ആഴ്സണല്‍ താരം മിഷേല്‍ അഗ്യേമാങ് ടൂര്‍ണമെന്റിലെ യുവതാരമായത് ഇതിനു തെളിവ് ആയിരുന്നു. ആദ്യ കളി തോറ്റെങ്കിലും പതിവിനു വിപരീതമായി കടുത്ത പോരാട്ടങ്ങളും വിമര്‍ശനങ്ങളും നേരിട്ടെങ്കിലും യൂറോ കപ്പ് കിരീടം നീട്ടിക്കൊണ്ടു സറീന ഇതിനു ഒക്കെ മറുപടി പറഞ്ഞു.
2 തവണ ഒരിക്കല്‍ അമേരിക്കക്കും പിന്നീട് സ്‌പെയിനിനും മുമ്പില്‍ കൈവിട്ട ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന് 2027 ല്‍ ബ്രസീലില്‍ നേടി നല്‍കുക തന്നെയാവും സറീനയുടെ അവശേഷിക്കുന്ന വലിയ സ്വപ്നം എന്നുറപ്പാണ്.